ഉദയാമൃതം@നീലാംബരീയം
പുതുവർഷം തുടങ്ങുമ്പോൾ ചിലർ പല പുതിയ തീരുമാനങ്ങളുമെടുക്കും. എന്നാൽ, കുറഞ്ഞ നാളുകൾക്കുള്ളിൽ പ്രലോഭനങ്ങൾക്കു വശംവദരായി അതെല്ലാം ഉപേക്ഷിക്കും. അതിനാൽ നമ്മുടെ ചിന്തയും പ്രവൃത്തിയും നല്ലതാകുവാൻ നമ്മൾ ജാഗ്രതയോടെ കഴിയണം. മനസ്സിനെ അന്തർമുഖമാക്കി സ്വന്തം തെറ്റുകൾ കണ്ടെത്തി തിരുത്തണം. ആത്മാർഥമായ ശ്രമമുണ്ടെങ്കിൽ ഏത് ദുശ്ശീലത്തെയും നമുക്കു മാറ്റിയെടുക്കുവാൻ കഴിയും. യോഗയും ധ്യാനവും നാമജപവും ആ പരിശ്രമത്തിൽ നമുക്ക് തുണയായിത്തീരും.
ഇതൊക്കെ നടക്കുന്ന കാര്യങ്ങളല്ലെന്നു ചിലർ ചിന്തിച്ചേക്കാം. എങ്കിലും ഇത്തരം സ്വപ്നങ്ങളാണ് നമ്മുടെ ജീവിതത്തിനു ശരിയായ ദിശാബോധം നൽകുന്നത്. ചെറിയ ഒരു ചുവടു വയ്‌പ്പിൽ നിന്നാണ് എത്ര വലിയ യാത്രയും ആരംഭിക്കുന്നത്. നമുക്ക് ഓരോരുത്തർക്കും ജീവിതത്തിൽ കൊച്ചുകൊച്ചു നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കാം. അതു സാധിച്ചാൽ, ഈ പുതുവർഷം ഒരു പുതിയ യുഗത്തിന്റെ തുടക്കമായിത്തീരും.
അനേകം പ്രതീക്ഷകളോടെയാണ് എല്ലാവരും പുതുവത്സരത്തെ വരവേൽക്കാറുള്ളത്. ഈ പുതുവത്സരം ഏവർക്കും ശാന്തിയും സമൃദ്ധിയും കൊണ്ടുവരുന്നതാവട്ടെ, പ്രകൃതിമാതാവ് നമ്മുടെ തെറ്റുകൾ പൊറുത്ത് പ്രകൃതിക്ഷോഭങ്ങൾ ഇല്ലാത്ത നാളുകൾ പ്രദാനംചെയ്യട്ടെ, തലചായ്ക്കാൻ വീടും വിശപ്പിനു ഭക്ഷണവും എല്ലാവർക്കുമുണ്ടാവട്ടെ. ..... ലോകത്തെവിടെയും ശാന്തി പുലരട്ടെ..... എന്നു നമുക്കു പ്രാർത്ഥിക്കാം.
ഏവർക്കും സ്നേഹപൂർവ്വം ശുഭദിനം നേരുന്നു.....
0 അഭിപ്രായങ്ങള്‍