Hot Posts

6/recent/ticker-posts

ഉദയാമൃതം

  ഉദയാമൃതം@നീലാംബരീയം

ഉദയാമൃതം

രാജേഷ് ഒരു ദുശ്ശീലത്തിന് അടിമയാണ് .അയാൾക്ക് അതിൽ നിന്നും മോചനം നേടണമെന്ന് ആഗ്രഹമുണ്ട് .എന്നാൽ പിന്മാറാൻ കഴിയുന്നില്ല! പരിഹാരം കണ്ടെത്തുവാൻ അയാൾ ഒരു സന്യാസിയെ സമീപിച്ചു കാര്യം പറഞ്ഞു .അദ്ദേഹം പറഞ്ഞു തെറ്റിൽ വീണാൽ ആദ്യം ചെയ്യേണ്ടത് അതിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രമിക്കലാണ് .അപ്പോൾ യുവാവ് പറഞ്ഞു ഞാൻ എഴുന്നേറ്റാലും വീണ്ടും അതിൽത്തന്നെ വീഴുന്നുവെന്ന്. എത്ര തവണ വീണു എന്നതല്ല, എത്ര തവണ വീണാലും എഴുന്നേറ്റു തിരിച്ചെത്തുക എന്നതാണ് പ്രധാനം എന്ന് സന്യാസി ഉപദേശിച്ചു .
അതെ .. എത്ര തവണ വീണു എന്നതിനെക്കാൾ പ്രധാനമാണ് എത്ര തവണ എഴുന്നേറ്റു എന്നത് .ഒരു തവണ എഴുന്നേൽക്കുവാൻ മടിച്ചാൽ പിന്നെ ആയുസ്സ് മുഴുവനും അവിടെത്തന്നെ വീണു കിടക്കുവാനാകും വിധി.തെറ്റുകൾക്ക് തുടർച്ച സ്വഭാവമുണ്ട് .പക്ഷെ തിരിച്ചുവരവിൻ്റ് തുടർച്ച അത്ര എളുപ്പമല്ല.
തെറ്റ് തിരുത്താൻ നിരന്തര പരിശ്രമവും, കഠിനാദ്ധ്വാനവും ആവശ്യമാണ് .തിരുത്തലുകൾ എണ്ണുന്നതിനേക്കാൾ തെററുകൾ എണ്ണുവാനാണ് ആളുകൾക്കിഷ്ടം. തെറ്റുകളിൽത്തന്നെ തുടരുവാൻ പല കാരണങ്ങൾ ഉണ്ടാകാം. ഏതായാലും പേരു വീണു ഇനി നന്നായിട്ടു കാര്യമില്ല! പല തവണ ശ്രമിച്ചതാണ് നടന്നില്ല എന്നൊക്കെയാണ് തെറ്റിൻ്റ് തുടർച്ച ഉറപ്പു വരുത്തുന്നത്.
മടങ്ങിവരവിനു് ഒരേയൊരു കാരണമേയുള്ളു .ഉയിർത്തെഴുന്നേൽക്കണമെന്ന ഉൾബോധം മാത്രം .തിരുത്താൻ കഴിയാത്ത തെററുകളല്ല ആരെയും നശിപ്പിച്ചിട്ടുള്ളത്. തിരുത്താമായിരുന്നിട്ടും തിരുത്താൻ കൂട്ടാക്കാത്ത തെറ്റുകളാണ് ....

ജയലക്ഷ്മി രമേശ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍