വായനപ്പുര@നീലാംബരീയം
സുഗതകുമാരിയുടെ മുത്തുച്ചിപ്പിയെന്ന പ്രഥമ കവിതാ സമാഹാരമാണ് ഞാനിന്നു പരിചയപ്പെടുത്തുന്നത്. ചൈതന്യവും സൗഭാഗ്യവുമുളള ശൈലി ,ആസ്വാദ്യമായ ആശയ വൈശിഷ്ട്യം ,അസുലഭമായ പ്രതിഭാപരിമളം .ഉറക്കെ വായിക്കാനും സാവധാനം ചിന്തിക്കാനും സ്മരണയിൽ സൂക്ഷിക്കാനും പറ്റുന്നവയാണ് ഇതിലെ കവിതകൾ.
നിരാശാകലുഷമല്ല കവിതയിലെ വിഷാദം .ജീവിതത്തിന് ഒഴിച്ചുകൂടാത്തൊരു തളിർക്കൊള്ളലാണല്ലോ ദുഃഖം .അതിനെപ്പറ്റി പാടാത്ത കവികളില്ല. കാഴ്ചപ്പാടുകൾക്കു വിശാലത കൂട്ടാനും ആത്മീയോത്ക്കർഷത്തിനും എത്രകണ്ടു പ്രയോജനപ്പെടുത്തുന്നു എന്നതുകൊണ്ടാണ് ഏതൊരു കവിയെയും കവിതയെയും വിലയിരുത്തേണ്ടത് .ഒരിക്കലും കരൾ തകരാത്തതും മിന്നലിനെയും കൊടുങ്കാറ്റിനെയും സ്വാഗതം ചെയ്യുന്നതും സംവേദനോത്ക്കടമെങ്കിലും സുധീരമായ മനുഷ്യത്വത്തെയാണതു കീർത്തിക്കുന്നത്. ഈ പുസ്തകത്തിലെ കവിത. ദേവതയുടെ കനകച്ചിലമ്പൊലി നമ്മുടെ കർണ്ണപുടങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കും . ആഴവും അഴകും ഏറിയ ചിന്തകളും ഇളകി മറിയുന്ന ഗാഢങ്ങളും മൃദുലങ്ങളുമായ ഹൃദയ ഭാവങ്ങളോട് ഒത്തിണങ്ങുന്ന രംഗങ്ങൾ കവിതകളിലുണ്ട്.
കവിതകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ആത്മവിശ്യാസത്തിന്റെയോ ആത്മവേദനയുടെയോ അഹന്തയുടെയോ പ്രഖ്യാപനവുമായിട്ടാണ്. കുനിഞ്ഞതില്ലീപ്പത്തികൾ കണ്ണാ
കുലുങ്ങിയില്ലക്കരളിന്നും .
പിന്നിടുള്ള വരികളിൽ നാടകീയതയുടെ ചിത്രം ഇതൾ വിടർത്തുന്നു. കാളിയമർദനം സുഗതകു മാരിയുടെ ആദ്യകാല കവിതകളിലൊന്നാണ്. അതിനുശേഷം കവിത പല പടവുകളിലൂടെ കടന്നുപോന്നിട്ടുണ്ട്.
മുത്തുച്ചിപ്പി തീർത്തും പുനർജജനിയുടെ കഥയാണ്. വിണ്ണിൽ നിന്നടർന്നുവീണ കണ്ണീർക്കണം കളയാതിരിക്കാൻ മെയ്യിന്റെ വാതിലടച്ചു ദീർഘതപസ്യയിലാഴുന്നു മുത്തുച്ചിപ്പി .കടലിലെ സൗഖ്യങ്ങൾ അതോടെ അസ്തമിച്ചു. പക്ഷേ മറ്റൊരു ഉദാത്ത സൗഖ്യത്തിന്റെ തുടക്കമാണ്. വർഷങ്ങൾക്കു ശേഷം അഗാധതയിലെത്തിയ മനുഷ്യൻ വാതിൽ തുറന്നു കാണിക്കുന്നത് മുത്താണ്.
രാവിതുമായും വീണ്ടും പുലരി ചിരിച്ചെത്തും
പാഴ് മഞ്ഞിൻ പുറകിലായ് പൂക്കാലമല്ലേ ദേവീ.
പൂക്കാലം ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമാണല്ലോ.സുഗതകുമാരിയുടെ കവിതയിൽ തിങ്കൾ ,പുലരി ,താരകം ഇവയെല്ലാം വിശുദ്ധിയുടെ പ്രതീകങ്ങളാണ്.
മണ്ണിനേയും മനുഷ്യരേയും പ്രകൃതിയെയും ചേർത്തു പിടിക്കുന്ന ഒരമ്മ മലയാളത്തിന്റെ സുകൃതമാണ്. അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി പോരാടി ഒരായുസ്സ് മുഴുവൻ ശബ്ദമുയർത്തുകയായിരുന്നു. അവകാശലംഘനങ്ങൾക്കു നേരേയാണ് വാക്കുകളിലെ കനൽ കത്തിപ്പടർന്നത്. ടീച്ചർ എഴുതിയതിലേറെ പൊരുതി ജയിച്ച മറ്റൊരു കവയിത്രിയില്ല. പാടാത്ത പാട്ട് അതിമധുരം എന്ന് പറയുന്നതുപോലെ ഇനിയും ഏറെ പറയാൻ തോന്നുന്നു .മലയാളക്കരയിൽ വിപ്ലവങ്ങളും വിജയങ്ങളും ത്യാഗങ്ങളും നിറഞ്ഞു നൽകിയ സുഗതകുമാരി ടീച്ചറുടെ ആത്മശാന്തിക്കായ് പ്രാർത്ഥിക്കുന്നു. നമിക്കുന്നു.
0 അഭിപ്രായങ്ങള്‍