Hot Posts

6/recent/ticker-posts

ഉദയാമൃതം

 

ഉദയാമൃതം @ നീലാംബരീയം

ഉദയാമൃതം

പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് ഉദയാമൃതത്തിലേയ്ക്ക് സ്വാഗതം!!!

🌻 നാട്യങ്ങളില്ലാത്ത ജീവിതം🌻
എന്താണോ ചെയ്യുന്നത് അതിൽ മുഴുകാൻ കഴിയാത്തതാണ് പ്രവൃത്തികളുടെ കാപട്യം. എവിടെയാണോ വ്യാപരിക്കുന്നത് അവിടെ ആയിരിക്കാൻ കഴിയാത്തതും പ്രശ്നമാണ്. കൂടെയുണ്ട് എന്നു തോന്നിപ്പിച്ച് അകലെയായിരിക്കുന്നവരും, കർമ്മനിരതരാണ് എന്ന് വരുത്തി തീർത്ത് അലസരാകുന്നവരും അടുപ്പത്തെയും, ആവേശത്തെയും അവഹേളിക്കുന്നു. ഒരേ സമയത്ത് രണ്ടു രീതിയിൽ പെരുമാറാനോ, രണ്ട് സ്ഥലത്ത് ആയിരിക്കാനോ ആർക്കും കഴിയില്ല. ഒന്നു മൂടുപടം ആയിരിക്കും. ഒന്നുകിൽ ആഗ്രഹിക്കുന്ന സ്ഥലത്ത് ആയിരിക്കാൻ കഴിയണം, ഇഷ്ടപ്പെടുന്ന പ്രവൃത്തികളിൽത്തന്നെ ഏർപ്പെടാൻ കഴിയണം. അല്ലെങ്കിൽ ആയിരിക്കുന്ന സ്ഥലത്ത് ആത്മാർത്ഥതയോടെ നിലകൊള്ളണം. ഏർപ്പെട്ടിരിക്കുന്ന പ്രവൃത്തികൾ നാട്യങ്ങളില്ലാതെ ചെയ്യണം.
അഭിനിവേശം കൊണ്ടു ചെയ്യുന്ന കാര്യങ്ങളും നിർബന്ധം കൊണ്ടു ചെയ്യുന്ന കാര്യങ്ങളും തമ്മിൽ പ്രക്രിയയിലും ഫലത്തിലും വ്യത്യാസമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന കാര്യങ്ങളോടു സ്വയം ഉത്തരവാദിത്തം ഉണ്ടാകും. സാന്നിധ്യവും പങ്കാളിത്തവും സ്വാഭാവികമായിരിക്കും. ഏതു പ്രതിബന്ധവും മറിക്കടക്കാനുള്ള വഴി സ്വയം കണ്ടെത്തും.
എന്നാൽ നിവൃത്തികേടു കൊണ്ടു ചെയ്യേണ്ടി വരുന്ന കാര്യങ്ങളിൽ ചെയ്യുന്നവരുടെ ആത്മാവുണ്ടാകില്ല എന്നതാണ് സത്യം. സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനു വേണ്ടിയോ ചുറ്റുമുള്ളവരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയോ ആയിരിക്കും ഓരോ കർമ്മവും ചെയ്യുന്നത്. ഓരോ കർമ്മവും മറ്റാരുടെയെങ്കിലുമൊക്കെ നിർദേശാനുസരണം ചെയ്യുന്ന കാര്യങ്ങൾക്ക് ഒരിക്കലും ആത്മ സംതൃപ്തി ഉണ്ടാകില്ല. ഒഴിവാകാനുള്ള കാരണങ്ങൾ സ്വയം കണ്ടെത്തുകയും എത്രയും വേഗം രക്ഷപ്പെടണം എന്ന ചിന്തയുള്ളതിനാൽ എങ്ങനെയെങ്കിലും തീർക്കാനുള്ള ശ്രമമായിരിക്കും ഉണ്ടാവുക. കഷ്ടപ്പെട്ടു ചെയ്യുന്ന ഒരു കാര്യത്തിനും ഇഷ്ടപ്പെട്ടു ചെയ്യുന്നതിന്റെ മാധുര്യം ഉണ്ടാകാനും പോകുന്നില്ല. എപ്പോഴും എല്ലായിടത്തും ഒരേ രീതിയിൽ പെരുമാറുന്നതിൽ അല്ല കാര്യം, ഓരോ ഇടത്തിനും യോജ്യമായ രീതിയിൽ അവരവരുടെ പെരുമാറ്റത്തെ ക്രമീകരിക്കുന്നതിലാണ് ശ്രേഷ്ടത കൈവരിക്കുന്നത്...
ഉദയാമൃത സന്ദേശത്തിലൂടെ എല്ലാ സ്നേഹിതർക്കും ശുഭദിനാശംസകൾ...

പ്രഭ ദിനേശ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍