Hot Posts

6/recent/ticker-posts

സഞ്ചാരം

ഹിമാചൽ പ്രദേശ്

സഞ്ചാരം
ഹിമാചൽ പ്രദേശത്തിലെ ഷിംല ജില്ലയിൽ സ്ഥിതിചെയ്യുന്ന സാധ് ടിബ (Sadh Tita) കുന്നിലെ മറ്റൊരു ഹിൽസ്റ്റേഷനാണ് ഛെയിൽ. നഗരത്തിലെ പോലെ തിക്കും തിരക്കുമില്ലാത്ത പ്രകൃതിയുടെ മടിയിൽ കിടക്കുന്ന മറ്റൊരു ശാന്ത സുന്ദരമായ സ്ഥലം. പട്യാല മഹാരാജാവിന്റെ വേനൽക്കാല തലസ്ഥാനമായിരുന്നു. ശീതക്കാലത്ത് മഞ്ഞിൽ കുളിച്ച് നിൽക്കുന്ന സ്ഥലം കൂടിയാണിത്.

വീതി കുറഞ്ഞ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ അങ്ങോട്ടേക്ക് പോകുമ്പോൾ മറ്റ് വാഹനങ്ങൾ വഴികളിലില്ല എന്നതാണ് വലിയൊരാശ്വാസം. വല്ലപ്പോഴും കാണുന്ന ട്രക്കുകാരാണെങ്കിലും നമ്മുടെ യാത്രക്കാണ് മുൻഗണന തരുന്നത്. അതിനായിട്ടുള്ള നിർദ്ദേശങ്ങൾ തരാനും മടിയില്ല. ആ നല്ല മനസ്സുകൾക്ക് വലിയൊരു നമസ്കാരം.
ഉച്ചയോടെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെത്തി. അവിടെയപ്പോൾ ഉണ്ടായിരുന്ന ശക്തമായ കാറ്റും മർമ്മരങ്ങളും കേട്ടപ്പോൾ , വന്നത് അബദ്ധമായോ എന്ന് ചിന്തിക്കാതിരുന്നില്ല. ആ ഭാവങ്ങൾ മുഖത്തും പ്രതിഫലിച്ചതു കൊണ്ടാകാം - ' ഇത് ഇവിടെ സാധാരണമാണ്. ഉച്ചയോടെ കാറ്റ് തുടങ്ങും വൈകുന്നേരം വരെ കാണും' എന്ന് ഹോട്ടലുകാർ. ഹിമാചൽ പ്രദേശിന്റെ മറ്റു പല ഭാഗങ്ങളിലും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണ്. പിന്നീടുള്ള ആ രണ്ടു ദിവസത്തിലെ താമസത്തിൽ കണ്ട പലരോടും കാറ്റിനെ പറ്റി ചോദിച്ചെങ്കിലും പലരും അത് ശ്രദ്ധിച്ചിട്ടേയില്ല. അതൊക്കെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്നാണ് മറുപടി.
ഛെയിലോട്ടുള്ള യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ കൂട്ടുകാരിൽ പലരും പറഞ്ഞത് ലോകത്തിന്റെ തന്നെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടും പോളോ ഗ്രൗണ്ടിനേയും കുറിച്ചാണ് . 1893 യിൽ പട്യാല മഹാരാജാവാണ് ഇത് സ്ഥാപിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 2444 മീറ്റർ ഉയരത്തിലാണ് ഈ ഗ്രൗണ്ട്. പക്ഷെ കൊറോണ കാരണം അതെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. അവിടത്തെ മിലിട്ടറി സ്കൂളാണ് ഇപ്പോൾ ഈ മൈതാനങ്ങളൊക്കെ നോക്കി നടത്തുന്നത്.
1891 യിൽ പണി കഴിപ്പിച്ച ഛെയിൽ കൊട്ടാരം രാജഭരണത്തിന്റെ സാക്ഷ്യപത്രമായി അവശേഷിക്കുന്നു. ഷിംലയിൽ നിന്ന് നാടുകടത്തപ്പെട്ട പട്യാല രാജാവ് ഇവിടെ കൊട്ടാരം പണിയുകയും വേനൽക്കാല തലസ്ഥാനമാക്കുകയും ചെയ്തു. ഇന്നിപ്പോൾ അതൊരു ഹെറിറ്റേജ് ഹോട്ടലും കൂടിയാണ്.കൊട്ടാരങ്ങളുടെ ഭംഗിയും ആഢ്യത്വവും ഒന്നു വേറെ തന്നെ. പറയാതിരിക്കാൻ വയ്യ. ഏതാനും ബോളിവുഡ് സിനിമാ ഷൂട്ടിംഗും ഇവിടെ നടന്നിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ഞങ്ങൾ അവിടെ ചെന്നപ്പോൾ അവിടെയൊരു pre wedding shooting നടക്കുകയായിരുന്നു. പാലസ് എല്ലാം ചുറ്റിക്കറങ്ങി കണ്ടു കഴിഞ്ഞു ഞങ്ങൾ തിരിച്ചു വന്നപ്പോഴും pre - wedding shoot ലെ നായകൻ - നായിക, കൂടി നിൽക്കുന്ന പത്തു പേരിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് മുൻപിൽ 'confused' ആയി നിൽക്കുന്നുണ്ട്. കണ്ടപ്പോൾ തമാശയായിട്ടാണ് തോന്നിയത്.
ഹോട്ടലിൽ ഉള്ളവർ 'Sadhupul' കാണുന്നില്ലേ എന്ന് ചോദിച്ചപ്പോൾ , ഇവിടെ പുല്ലിന് എന്താണിത്ര പ്രത്യേകത എന്നാണ് മനസ്സിൽ ആദ്യം തോന്നിയത്. പിന്നീടാണ് Pul എന്ന് വെച്ചാൽ bridge ആണെന്ന് മനസ്സിലായത്. ഛെയിൽ അടുത്തായിട്ടുള്ള ഒരു ചെറിയ ഗ്രാമം. അശ്വനി എന്ന നദിക്ക് മുകളിൽ നിർമ്മിച്ച പാലം.ആഴം കുറഞ്ഞ നദിയുടെ തീരത്തുള്ള സ്ഥലം, കുടുംബ പിക്നിക്കുകളും ക്യാമ്പിംഗ് ഫയറിന് പറ്റിയൊരു സ്ഥലം. നദിയിലും കാര്യമായിട്ട് വെള്ളമില്ലായിരുന്നു. അടുത്ത് കണ്ട വാട്ടർ പാർക്ക് കൊറോണ കാരണം അടച്ചിട്ടിരിക്കുന്നു.
ഹോട്ടലിൽ നിന്ന് നോക്കിയാൽ ഷിംല, കസോളിയൊക്കെ കാണാം. രാത്രി സമയങ്ങളിലെ വൈദ്യുത ദീപങ്ങളാൽ നിറഞ്ഞ ഷിംല & കസോളിയൊക്കെ കൂടുതൽ മനോഹരിയാക്കിയിരിക്കുന്നു. അതുപോലെ പൈൻ പൊതിഞ്ഞ കുന്നുകളും മനോഹരമായ താഴ് വാര കാഴ്ചകളും നിശബ്ദമായ അന്തരീക്ഷവും കുന്നിറങ്ങി എങ്ങോട്ടെന്നില്ലാത്ത കാൽ നടയാത്ര ആസ്വദിച്ചെങ്കിലും തിരിച്ചു ഹോട്ടലിലേക്കുള്ള ആ കാൽ നടയാത്രയെ കുറിച്ച് പറയേണ്ടതില്ലല്ലോ?
മൂന്നു - നാലു ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ
പ്രകൃതിയിൽ സമയം ചിലവഴിക്കുന്നത് നമുക്ക് നവോന്മേഷം നൽകുന്നുവെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതിന് പറ്റിയ ഒരു സ്ഥലമാണ് ഹിമാചൽ പ്രദേശ് !
റീറ്റ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍

  1. വിവരണം മനോഹരം
    നീലാംബരിയം എന്ന തലക്കെട്ടിൻ്റെ ഗുട്ടൻസ് പിടികിട്ടിയില്ല.

    മറുപടിഇല്ലാതാക്കൂ
  2. വിവരണം മനോഹരം. നീലാംബരി എന്ന തലക്കെട്ടിൻ്റെ ഗുട്ടൻസ് പിടികിട്ടിയില്ല.

    മറുപടിഇല്ലാതാക്കൂ