ഉദയാമൃതം@നീലാംബരീയം
എണ്ണിയാൽ തീരാത്ത സൗഭാഗ്യങ്ങളാണ് സർവശക്തൻ ഈ ഭൂമിയിൽ നമുക്കനുഗ്രഹിച്ച് തന്നിട്ടുള്ളത്. വായു, ജലം, സൂര്യൻ ചന്ദ്രൻ, വൃക്ഷലതാതികൾ, ഫലവർഗ്ഗങ്ങൾ, അങ്ങനെ നമുക്കു വേണ്ടതെല്ലാം തന്നു. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുമ്പോഴാണ് ഒരു ദിനം കൊഴിഞ്ഞു വീഴുന്നത് എന്നതു പോലെ തന്നെ പ്രകൃതിയിലെ സർവചരാചരങ്ങളും ഒരു ചങ്ങലയിലെ കണ്ണികൾ പോലെ ഒന്നിനോടൊന്ന് ബന്ധപ്പെട്ടാണ്, സർവ ശക്തൻ സൃഷ്ടിച്ചിരിക്കുന്നത്.
ശ്വസിക്കാൻ വായുവും കുടിക്കാൻ വെള്ളവും മാത്രമുണ്ടായാൽ ജീവിക്കാനാവുമോ? മരങ്ങളും കായ്കളും ധാന്യങ്ങളുമെല്ലാം വേണം. അതെല്ലാം ഉണ്ടാവാനായി ഭൂമി ഫലഭൂയിഷ്ടമാവാൻ ഭൂമിയിൽ ഈർപ്പമുണ്ടാവണം. ഈർപ്പമുണ്ടാവാൻ വെള്ളം വേണം. വെള്ളം ഭൂമിയിൽ പതിക്കാനും , ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങാനും നീരുറവയുണ്ടാവാനും മഴയുണ്ടാവണം. മഴ വെള്ളം സംരക്ഷിക്കാൻ ജലസംഭരണികൾ വേണം. ഇത്തരത്തിൽ , സർവശക്തൻ നമുക്കനുഗ്രഹിച്ചു തന്നതെല്ലാം ഒന്നിനോടൊന്ന് ബന്ധപ്പെട്ടാണിരിക്കുന്നത്.
ചില മനുഷ്യർ എല്ലാം മറന്ന്, ചിന്തകൾ നഷ്ടപ്പെട്ട് ആഘോഷത്തിന്റെയും അർമാദത്തിന്റെയും തിമിർപ്പിലായിരുന്നു. മറ്റു ചിലർ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഈ നെട്ടോട്ടത്തിനിടയിൽ അന്തരീക്ഷവും ജലവും മലിനമായി , ജനങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചു തുടങ്ങി. മാറി വന്ന ഭക്ഷണ സംസ്കാരം ശീലങ്ങളെ മാറ്റിമറിച്ചപ്പോൾ അത് ജനങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ പ്രതിഫലിച്ചു . എല്ലാം കണ്ട് സഹികെട്ടപ്പോൾ എല്ലാവരെയും പഠിപ്പിക്കാനായി യുഗപുരുഷനായി ഭൂജാതനായ കുഞ്ഞൻ വൈറസ്, സംഭവ ബഹുലമായ 2020 നമുക്ക് സമ്മാനിച്ചു.
ഭൂമിയിലെ സമസ്ത മേഖലകളെയും പിടിച്ചു കുലുക്കി. ജനങ്ങൾ മിതവ്യയം എന്തെന്നറിഞ്ഞു. തൊട്ടതിനും പിടിച്ചതിനും ആശുപത്രിയിലേക്കോടാതെ ജീവിക്കാമെന്ന് പഠിച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ച് ഗതാഗതം കുറഞ്ഞപ്പോൾ ഒരു പരിതി വരെ അന്തരീക്ഷമലിനീകരണം കുറഞ്ഞു, ചെടികളും മരങ്ങളും ഹരിതാഭമായി. ജനങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ പക്ഷികൾക്കും മൃഗങ്ങൾക്കും ഭൂമിയിൽ സ്വതന്ത്രമായി വിഹരിക്കാനായി. ചുരുക്കിപ്പറഞ്ഞാൽ കുഞ്ഞൻ വൈറസ് മനുഷ്യരെയൊഴികെ ഭൂമിയിലുള്ള സകലതിനെയും സ്വതന്ത്രരാക്കി.
2019 ൽ ചൈനയിലെ വ്യൂഹാനിൽ പിറവിയെടുത്ത് 2020 ൽ ഇന്ത്യയിൽ "ഇത്തിരിക്കുഞ്ഞനായ് വന്ന് ഒത്തിരി പാഠങ്ങൾ " പഠിപ്പിപഠിച്ചു. ധാരാളം ജീവൻ അപഹരിച്ചു , ആശങ്കകളും പരിഭ്രാന്തികളും സൃഷ്ടിച്ചപ്പോൾ
ശാസ്തത്തിന്റെ പുരോഗമനം വഴിവിളക്കായി മാറി. ലോകം ഡിജിറ്റൽ വൽകരിച്ച് ആശയവിനിമയവും ഉദ്യോഗ മേഖലയും വിദ്യാഭ്യാസ മേഖലയുമെല്ലാം പുനർ ജീവിപ്പിച്ചു. വൈറസ് വെറുതെ വിട്ടവരാണ് 2021 ന്റെ ഇന്നത്തെ നാം .
സമ്പത്ത് കൊണ്ട് ഒന്നും നേടാനാവില്ലെന്ന് അടുത്തറിഞ്ഞ വർഷം. സ്നേഹവും കരുതലും സാമൂഹ്യ ഐക്യവും കരുണയും തൊട്ടറിഞ്ഞ വർഷം. 2020 ൽ പഠിച്ച പാഠങ്ങൾ 2021 ലേക്ക് എല്ലാവർക്കും പ്രചോദനമായും പ്രയോജനമായും തീരട്ടെ .
ആയുരാരോഗ്യത്തോടെ വൈറസിൽ നിന്നും കാത്തുരക്ഷിച്ചതിന്, സർവ്വ ശക്തനോട് കൃതജ്ഞരാവാം....
വൈറസില്ലാത്ത 2021 നായി, മനസ്സുരുകി പ്രാർത്ഥിക്കാം....
2021 നമുക്കെല്ലാവർക്കും തന്നെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ല ദിനങ്ങൾ സമ്മാനിക്കട്ടെ ....
0 അഭിപ്രായങ്ങള്‍