Hot Posts

6/recent/ticker-posts

ഉദയാമൃതം

ഉദയാമൃതം @ നീലാംബരീയം 

ഉദയാമൃതം

മദ്യപിച്ച് എത്തിയ മകൻ വൃദ്ധയായ മാതാവിനെ ക്രൂരമായി മർദ്ദിക്കുന്നു. അത് നോക്കി നിൽക്കുന്ന മകൾ ആ രംഗം 'മനോഹര'മായി മൊബൈൽ ക്യാമറയിൽ പകർത്തുന്നു.പകർത്തിയ രംഗങ്ങൾ വിദേശത്ത് ഉള്ള അച്ഛന് അയച്ചുകൊടുത്തത് ഈ വിഷയത്തിന് കൊഴുപ്പുകൂട്ടാൻ വേണ്ടിയാകാം.രംഗം കണ്ട് അന്ധാളിച്ച അച്ഛൻ അത് മറ്റൊരു ബന്ധുവിനെ കാണിച്ചത് പ്രശ്‌നപരിഹാരത്തിനും ആയിരിക്കാം. എന്തായാലും സംഭവം നടന്നിട്ട് ദിവസങ്ങൾ ആയി.തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും വിജയാഹ്ളാദവും ഒടുവിൽ സത്യപ്രതിജ്ഞയും നടന്നു.

എന്നിട്ടും ഇതൊന്നും ആരും അറിഞ്ഞില്ല.ദൃശ്യങ്ങൾ സ്വീകരിച്ച
ബന്ധുവിന്റെ കയ്യിൽ നിന്നും അത് എങ്ങനെയോ ചോർന്നു.അവിചാരിതമായി അത് എത്തിച്ചേർന്നത് സാമൂഹ്യ മാധ്യമങ്ങളിൽ.കരളിൽ കനിവും ഒപ്പം കരുത്തുമുള്ള ആരെങ്കിലുമായിരിക്കാം അത് ഈ ലോകം അറിയണമെന്ന് കരുതിയത്.പുറംലോകം അത് കണ്ട് മരവിച്ചു നിന്നു.മാധ്യമഇടപെടൽ പിന്നെ നിയമപ്രശ്നങ്ങളിലേക്ക് പോയി.എന്നാല് പിന്നീട് നിയമത്തിന്റെ മുന്നിൽ അണപൊട്ടിയത് മാതൃവാത്സല്യം. ആ ഒഴുക്കിൽ മലയാളം ഒരു നിമിഷം കൊണ്ട് ഒഴുകി പോയി. ശ്വാസം മുട്ടി പിടഞ്ഞും, കൈകഴുകി കുഴഞ്ഞും, ഭയന്നു വിറച്ചും, അകന്നും, പോരാടിയുമൊക്കെ കടന്നുപോയ ഒരു വർഷത്തിന്റെ തിരശീല ആ അമ്മയുടെ കണ്ണീരിൽ കുതിർന്നു ഭാരം താങ്ങാൻ ആകാതെ കുഴഞ്ഞു വീണു. ഒരു സിനിമയുടെ തിരക്കഥ പോലെ സസ്പെൻസും വയലൻസും സെന്റിമെൻസും ഒക്കെയായി സുഖപര്യവസാനം.
ഈ സംഭവം ഒരു സൂചനയാണ്.ഒരു കലം ചോറിൽ നിന്നും ഒരു ചോറ് എടുത്ത് വേവ് നോക്കുന്ന പോലെ മലയാളിയുടെ മനസ് എത്രമാത്രം പാകപ്പെട്ടു എന്നുനോക്കാൻ
പറ്റിയ ഒരു സൂചന. നഗരഹൃദയങ്ങളെക്കാൾ വേഗത്തിൽ ഗ്രാമഹൃദയങ്ങളും പരസ്പരം അകന്നു പോകുന്നു എന്ന സത്യം ബോധ്യപ്പെടുത്തുന്ന സൂചന.അറിഞ്ഞോ അറിയാതെയോ നമുക്കിടയിൽ നിരവധി വൃദ്ധശരീരങ്ങൾ അടിയും തൊഴിയും കൊണ്ട് വീഴുന്നു എന്ന സത്യത്തെ അറിയിക്കുന്ന സൂചന. അതൊക്കെ അറിഞ്ഞാലും നിയമവും കോടതിയും കമ്മീഷനും ഭരണകൂടവും നിസ്സഹായത മൂടിപ്പുതച്ചു കുളിര് മാറ്റി നിൽക്കും എന്ന ബോധ്യപ്പെടുത്തൽ. ഒരിക്കലും ചികിത്സ ഇല്ലാത്ത വിധം മലയാളിയുടെ മനസിൽ മാനസിക രോഗങ്ങൾ ഒന്നൊഴിയാതെ കടന്നുകൂടി സ്വയം അവൻ ദുഷിച്ചു മാറുന്നു എന്ന സത്യം.
ചരിത്രത്തിൽ നിന്നും 2020 എന്ന വർഷം ഇന്നത്തോടെ മാഞ്ഞു പോകും. ആ തിരശീലയ്ക്ക് പിന്നിൽ മറയും.എന്നാൽ ലോകാവസാനം വരെ ഈ വർഷം ഈ ലോകം ഓർക്കും.ലോകമഹായുദ്ധങ്ങൾ ആയിരുന്നു പണ്ട് നമ്മുടെ കണക്കെടുപ്പിന്റെ നാഴികക്കല്ല്‌.ഇനി അത് 2020 എന്ന വർഷത്തിന്റെ പേരിൽ അറിയപ്പെടും.ഒരു വൈറസിന്റെ ഓർമ്മയിൽ കുറിക്കപ്പെടും.
മലയാളിക്ക് അഭിമാനിക്കാൻ ഏറെയുണ്ട് ഈ ദുരിതകാലത്ത്. അഭിമാനം അളക്കുന്ന യന്ത്രത്തിന്റെ മീറ്റർ മലയാളത്തിൽ നീണ്ടുകിടക്കുമ്പോൾ നിരവധി അമ്മമാരുടെയും സഹോദരിമാരുടെയും തേങ്ങലും കണ്ണീരും ആരും അറിയാതെ കേൾക്കാതെ എവിടെയോ ശ്വാസംമുട്ടി നിൽക്കുന്നുണ്ട്.ഒരു നിസ്സഹായ വൃദ്ധയുടെ അവസ്ഥയ്ക്ക് മുന്നില് മനസ് മാറുന്ന മലയാളിയുടെ മനഃസ്ഥിതി മാറുകയും നാറുകയും ചെയ്യുന്നത് കാണുന്നു മലയാളം.
ഒന്ന് വിരൽ ചൂണ്ടാൻ...ഒന്ന് ചോദ്യം ചെയ്യാൻ..തടയാൻ...പ്രതികരിക്കാൻ...അല്ലെങ്കിൽ ഒന്ന് പ്രതിരോധിക്കാൻ ആരൊക്കെ ഉണ്ടായി എന്ന് കേരളം കണ്ടറിഞ്ഞ നിമിഷം.
പെറ്റമ്മ എന്നാൽ അവർ പെറ്റിട്ട കുഞ്ഞിന്‍റെ മാത്രം അമ്മയല്ല എന്ന് മലയാളി ബോധ്യപ്പെടുന്ന ഒരു കാലം വരണം.അവർക്ക് നേരെ വിരൽ ചൂണ്ടുന്നവൻ അത് സ്വന്തം മകൻ ആയാലും മകൾ ആയാലും അവനെ പ്രതിരോധിക്കാൻ മുലപ്പാൽ കുടിച്ചുവളർന്ന ഒരു തലമുറ ഉണ്ടാകണം.നിയമവും നീതിയും അവരുടെ വഴിയിൽ ഇഴഞ്ഞും വലിഞ്ഞും പതുക്കെ വരട്ടെ...നമുക്ക് ഈ അമ്മമാരെ സംരക്ഷിക്കണം എന്ന് ആദ്യം തീരുമാനിക്കണം.നഗരങ്ങളിലോ ഗ്രാമങ്ങളിലോ എവിടെയാലും ഒരു പെണ്ണിന്‍റെ തേങ്ങലോ ശ്വാസം മുട്ടി പിടയുന്ന ഒരു വൃദ്ധശബ്ദമോ
കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തു, വിളക്ക് വെച്ച് ജാഗ്രതയോടെ ഇരിക്കാന്‍
അമ്മ പെറ്റിട്ട ഒരു സമൂഹം ഇവിടെ ഉണ്ടാകണം.നിയമവും പോലീസും കോടതിയും കമ്മീഷനുമൊക്കെ അവരുടെ പതിവ് ജോലികള്‍ ചെയ്യട്ടെ. അറിഞ്ഞും അറിയാതെയും നമുക്ക് ചുറ്റും ഇനിയൊരു പെണ്ണിന്‍റെ കണ്ണീരും അമ്മയുടെ തേങ്ങലും ഉണ്ടാകില്ല എന്നത് ഒരു പ്രതിജ്ഞയായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു അടുത്ത
വര്‍ഷത്തെ വരവേല്‍ക്കാം.അതാകണം പുതുവര്‍ഷനന്മ.....
എം.എസ്.വിനോദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍