Hot Posts

6/recent/ticker-posts

ഒയ്യാരത്ത് ചന്തുമേനോൻ @ സുമ ശങ്കര്‍.

നീലാംബരീയം

ഒയ്യാരത്ത് ചന്തുമേനോൻസുമ ശങ്കര്‍.

ഒയ്യാരത്ത് ചന്തുമേനോൻ എന്ന പേരുകേട്ടാൽ ഇന്ദുലേഖയാണ് മനസ്സിൽ ഓടിയെത്തുക. ധിഷണാശാലിയും,സാമൂഹ്യ പരിഷ്ക്കർത്താവുമായിരുന്ന അദ്ദേഹത്തിന്റെ ഈ നോവൽ അക്കാലത്തെ കേരളീയ സാമൂഹ്യവ്യവസ്ഥിതിയുടെ നേർചിത്രമായിരുന്നു..
പൂമുള്ളിതറവാട്ടിലെ മാധവന്റെയും ഇന്ദുലേഖയുടെയും പ്രണയം, വിദ്യാഭ്യാസ ത്തെയും സ്‌ത്രീശാക്തീകരണത്തെയും പ്രകീർത്തിക്കുന്നു.

മലയാളസാഹിത്യത്തിൽ ഫെമിനിസം എന്ന വാദത്തിന്റെ മൂർച്ച കൂട്ടിയ ഇന്ദുലേഖയെ മറക്കാൻ വായനക്കാർക്ക് സാധിക്കാത്തതു കൊണ്ടാവും ഇന്നും ആ നോവൽ വായിക്കപ്പെടുന്നത്.ഇതിലെ "നായകൻ" ചോദ്യംചെയ്യാൻ വായ്തുറക്കുന്ന ഇന്ദുലേഖ ആയതുകൊണ്ടാവും ചന്തുമേനോന് ഈ നോവൽ സ്വയം പ്രസിദ്ധീകരിക്കേണ്ടിവന്നത്. ഇന്നത്തെ ഫെമിനിസത്തിൽ നിന്നും വ്യത്യസ്തമായി ,സംബന്ധക്കാരനായ സൂരിനമ്പൂതിരിയുടെ അസംബന്ധങ്ങളെ വിചാരണചെയ്ത പെണ്ണിനു മുന്നിൽ ചിതറിത്തെറിച്ച ആണ്ധാർഷ്ട്യം.എതിർപ്പുകൾ ഉയർത്തുന്നതല്ല മറിച്ചു, തന്റെ ഇഷ്ടങ്ങൾ തുറന്നുപറയാൻ അവൾക്കും അധികാരമുണ്ടെന്ന ഫെമിനിസമാണ് ഇന്ദുലേഖ പറഞ്ഞുതന്നത്.

1847 ജനുവരി 9നു ചന്തുമേനോൻ കണ്ണൂരിൽ ജനിച്ചു.സംസ്‌കൃതത്തിലും,
ഇംഗ്ലീഷിലും പ്രാവീണ്യം നേടിയ അദ്ദേഹം ഓരോ ജോലികളിലായി വളർന്നു വളർന്നു മുൻസിഫ് ആയി.മരുമക്കത്തായ സമ്പ്രദായത്തിലൂടെ നടത്തിയിരുന്ന ഹിന്ദു വിവാഹങ്ങൾ സംബന്ധിച്ചു അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ചില അസ്വാരസ്യങ്ങൾ ഉണ്ടാക്കി..

പിന്നീട് അദ്ദേഹം ആക്ടിങ് അഡീഷണൽ സബ്ജഡ്ജിയായി,അതിയോഗ്യനും ,പ്രാപ്തനും,സത്യസന്ധനും,നിഷ്പക്ഷപാതിയും എന്നു ഖ്യാതി നേടി..ഇംഗ്ലീഷിലും മലയാളത്തിലും മികച്ച രചയിതാവ്, പ്രാസംഗികൻ എന്ന നിലയിലും പ്രശസ്തി നേടി..കാത്തോളി വീട്ടിലെ ലക്ഷ്മിയമ്മ എന്ന പ്രിയ പത്‌നിയായിരുന്നു ഇന്ദുലേഖയുടെ സൃഷ്ടിക്ക് പിന്നിലെന്നദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്..

എനിക്ക് ചന്ദുമേനോന്റെ പിൻതലമുറയിൽ പെട്ട ഡോക്ടർ ചൈതന്യ ഉണ്ണി അവതരിപ്പിച്ച നൃത്തനാടകം കാണുവാനവസരമുണ്ടായി..മലയാളത്തിലെ ആദ്യ ഫെമിനിസ്റ്റ് എന്നു പറയാവുന്ന, അതിമനോഹരിയായ ,മുതു മുത്തച്ഛന്റെ കഥാപാത്രമായ ഇന്ദുലേഖയെ അവതരിപ്പിക്കുക എന്നത് ഡോക്ടർ ചൈതന്യ ഉണ്ണിയ്ക്കു ഒരു വലിയ പരീക്ഷ ആയിരുന്നു എന്നവർ പറഞ്ഞു .നായർ _നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും ,പല വേളികൾ കഴിക്കുന്ന നമ്പൂതിരിമാരെയും ഒക്കെ അവതരിപ്പിച്ച ഈ നോവൽ മലബാർ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിച്ചു..ഈ നൃത്തം , ഇന്ദുലേഖയെയും,വിവരംകെട്ട സൂരിനമ്പൂതിരിപ്പാടിനെയും കുറേക്കാലം എന്റെ മനസ്സിൽ ചുമന്നു നടക്കാൻ കാരണമായി...

പരിഹാസ പരാമർശങ്ങൾ കൊണ്ട് മർമ്മത്തിൽകുത്തുന്ന ശൈലി ആയിരുന്നു അദ്ദേഹത്തിന്റേത്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എഴുതിയ ആൾ എന്നപദവി നേടിയ ചന്തു മേനോൻ1899 സെപ്തംബര് 7നു മരിച്ചിട്ടും ഇന്ദുലേഖയും മാധവനും മലയാളി മനസ്സുകളിൽ ഇന്നും ജീവിക്കുന്നു..

ഈ ഒറ്റ നോവൽകൊണ്ടു മലയാളസാഹിത്യചരിത്രത്തിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ചു അദ്ദേഹം..രണ്ടാമത്തെ നോവലായ ശാരദയുടെ ഒന്നാം ഭാഗം മാത്രമേ എഴുതാനായുള്ളൂ.ശാരദയിലെ വൈത്തിപ്പട്ടർ ഇതേപോലെ മരണമില്ലാത്ത കഥാപാത്രമാണ്.

മയൂരസന്ദേശത്തിനും, ഉത്തരരാമചരിതത്തിനും അദ്ദേഹം നിരുപണങ്ങൾ എഴുതിയിട്ടുണ്ട്...സമുദായ പരിഷ്‌ക്കരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം..57 ആം വയസ്സിൽ പ്രമേഹരോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു.

ബ്രിട്ടീഷ്സർക്കാർ, റാവുബഹാദുർ സ്ഥാനംനല്കി ആദരിച്ച ആ വിശിഷ്ടവ്യക്തിത്വത്തിന് പ്രണാമം.. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍