Hot Posts

6/recent/ticker-posts

ഓണം കവിതകളിലൂടെ @ എം.എസ്.വിനോദ്.


നീലാംബരീയം@കലാ-സാഹിത്യ-സാംസ്കാരിക തീരം.
വിനോദയാത്ര
.


ഓണം കവിതകളിലൂടെ......@എം.എസ്.വിനോദ്.  നീലാംബരീയം@കലാ-സാഹിത്യ-സാംസ്കാരിക തീരം. വിനോദയാത്ര.

ഓണം കവിതകളിലൂടെ......@ 

എം.എസ്.വിനോദ്.

ഓണം എന്ന സങ്കല്പം കവിതകളിലൂടെ അവതരിപ്പിക്കാത്ത കവികള്‍ ഉണ്ടോ എന്ന് സംശയമാണ്.ഒറ്റവരി എഴുതിയവരും ഒരു കവിത മാത്രം എഴുതി രംഗം വിട്ടുപോയവരും ഓണത്തെക്കുറിച്ച്‌ എഴുതിയിട്ടുണ്ടാകും. മനസ്സിലെങ്കിലും നമ്മുടെ ഈ മനോഹരഉത്സവം ഒരു കവിതയാക്കി എഴുതി ആരും കാണാതെ കീറിക്കളഞ്ഞ എത്രയോപേര്‍ ഉണ്ടാകും നമുക്ക് ചുറ്റും.
വികാരത്തിന്‍റെ കുത്തൊഴുക്കാണ് കവിതയെന്ന് ‘വേര്‍ഡ്സ് വെര്‍ത്ത്’ പറഞ്ഞത് ചുമ്മാതാണോ. വികാരങ്ങള്‍ ഉള്ളവനല്ലേ മനുഷ്യന്‍.ഓണം എന്ന നമ്മുടെ ആഘോഷംപോലും ശങ്കരകവികളുടെ ‘മാവേലിചരിതം’എന്ന കാവ്യത്തില്‍ നിന്നും രൂപപ്പെട്ടതാണ്. കാലമേത് കഥയേത് എന്ന് ഇന്നും തിരിച്ചറിയാനാവാത്ത ‘’മാവേലിനാടുവാണീടും കാലം......’’എന്നുതുടങ്ങുന്ന ഈ കാവ്യത്തിലെ തുടക്കം 12 വരികള്‍ മാത്രമാണ് ഇപ്പോള്‍ നമുക്ക് സ്വന്തം.അന്നുമുതല്‍ ഓണക്കാലം കവിതകളുടെ പൂക്കാലമായിരുന്നു മലയാളസാഹിത്യത്തില്‍.
പാട്ടില്‍ തുടങ്ങിയ ആധുനികമലയാളകവിതാ സാഹിത്യത്തിന്‍റെ ഓരോ പരിണാമദശകളിലും ഓണം എന്ന മിത്ത് പലരീതിയിലും പലഭാവത്തിലും എഴുതപ്പെടുകയും പാടപ്പെടുകയും ചെയ്തിട്ടുണ്ട്. എഴുത്തച്ഛന്‍റെ കാലം മുതലിങ്ങോട്ട് കവികള്‍ക്ക് ഭാവനകള്‍ ചിറകുവിരിക്കാന്‍ ചിങ്ങമാസം മഷിനിറച്ചുകൊടുത്തു.
കുമാരനാശാന്‍റെ ‘ഉള്‍നാട്ടിലെഓണം’,ഉള്ളൂരിന്‍റെ ‘കേരളഗാനം’ വള്ളത്തോളിന്‍റെ ‘ഓണസദ്യ’ എന്നിവയൊക്കെ ഓണം പ്രധാനവിഷയമായ രചനകളാണ്.കാലം മാറുകയും കവിത പുത്തനുടുപ്പിട്ട് കാലാകാലം നവീകരിക്കപ്പെടുകയും ചെയ്തിട്ടും ഓണത്തെക്കുറിച്ച്‌ പാടുമ്പോള്‍ ആധുനികകവികള്‍പോലും നിലമറക്കുന്നില്ല എന്നത് ശ്രദ്ധേയം. കവിതയുടെ 'കാല്‍പനികകല്പന'കളുടെ വിളക്ക് കവിത്രയത്തില്‍നിന്നും കൈയ്യില്‍ വാങ്ങിയ പിന്‍തലമുറക്കാര്‍ ജി.ശങ്കരക്കുറുപ്പ് മുതല്‍ പവിത്രന്‍തീക്കുനിവരെയുള്ള, പിന്നെ എണ്ണമെടുക്കാന്‍ ബുദ്ധിമുട്ടുള്ള,ഇവിടെ ഈ മുഖപുസ്തകത്തിന്‍റെ മുറ്റത്തും കവിതകളുമായി എത്തുന്ന പുതുമുഖങ്ങള്‍ വരെയുള്ളവര്‍ സമ്പന്നമാക്കിയ ഓണക്കവിതകളുടെ ഒരു തിരനോട്ടത്തിലേക്ക് പോകാം നമുക്ക്.
കവിതകളുടെ രണ്ടാം തലമുറയില്‍നിന്നും തുടങ്ങാം.1900കള്‍ മുതല്‍ കവിതയിലുണ്ടായ മാറ്റം പുതിയ പ്രവണതകളെ സ്വീകരിക്കാന്‍ ആരംഭിച്ചപ്പോള്‍ നിലവില്‍ എഴുതിയ വഴികള്‍ വിട്ട് ഓണക്കവിതകളില്‍ക്കൂടി കാഴ്ചപ്പാടുകള്‍ തിരുത്താന്‍ ആരംഭിച്ചുകവികള്‍.നിയോ-ക്ലാസിക് പ്രവണതകള്‍ മായാതെ നിലനിര്‍ത്തിക്കൊണ്ട് കാല്പനികതയുടെ കലവറ തുറന്നിട്ട ജി.ശങ്കരക്കുറുപ്പിന്‍റെ ‘ഓണപ്പൂക്കള്‍’, കാലഘട്ടം ആവിശ്യപ്പെട്ട സാമൂഹ്യമാറ്റങ്ങളെക്കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഓണക്കവിതകളുടെ ഏറ്റവുംവലിയ സ്ഥിരംനിക്ഷേപം അന്നും ഇന്നും പി.കുഞ്ഞിരാമന്‍നായര്‍ക്കുള്ളതാണ്.ഓണത്തെപ്പറ്റി ഈ കവി എഴുതിക്കൂട്ടിയത് നൂറുകണക്കിന് കവിതകളാണ്.അതുകൊണ്ട്തന്നെ ഓണക്കവിതകളുടെ ബ്രാന്‍ഡ്‌അംബാസിഡര്‍ സ്ഥാനം കവിക്ക്‌ വിട്ടുകൊടുക്കുന്നു നമ്മള്‍.
’’എത്ര പാട്ടുകള്‍ പാടി നമ്മളെന്നാലോണത്തെ പറ്റി മൂളിയ പാട്ടിന്‍ മാധുരി വേറോന്നല്ലേ....’’
എന്ന് വീണ്ടുംവീണ്ടും പാടീട്ടും ഈ കവിക്ക്‌ കൊതിതീര്‍ന്നില്ല.
ഒപ്പം നിന്നു ബാലാമണിയമ്മ, ''പാതാളഭൂമിസ്വര്‍ഗ്ഗവാസികള്‍ക്ക് നേതാവായ'' മഹാബലിയെ സ്തുതിക്കുന്ന മഹാബലി,ഓണവെളിച്ചം തുടങ്ങിയ കവിതകളിലൂടെ.വിശുദ്ധിയും നിര്‍വൃതിയും നിറഞ്ഞ വരികളിലൂടെ സമപ്രായക്കാരായ ലളിതാംബികഅന്തര്‍ജ്ജനം, മുതുകുളംപാര്‍വ്വതിയമ്മ എന്നിവരും ഓണക്കവിതകള്‍ കൊണ്ട് ഭാഷയെ പൂജിച്ചു. ശാന്തസ്വച്ഛമായ വരികളിലൂടെ നാലാങ്കല്‍കൃഷ്ണപിള്ളയും,അല്പംകൂടിമൂര്‍ച്ചകൂട്ടി പാലാ നാരായണന്‍നായരും (ചിങ്ങപ്പൂക്കള്‍) ഓണത്തെക്കുറിച്ച്‌ എഴുതി.തുടര്‍ന്ന് വന്ന കവികള്‍ക്ക് വഴികാട്ടിയായി ചങ്ങമ്പുഴയുടെ ‘ഓണപ്പൂക്കള്‍’ പുതിയ ഭാവപ്രപഞ്ചം സൃഷ്ടിച്ചു.അകാലത്തില്‍ പൊളിഞ്ഞുപോയ ഇടപ്പള്ളി തന്‍റെ തനത് ശൈലിയായ മാനസികപ്രവണതകള്‍ മാറ്റിവെച്ച് ‘’പോവല്ലേ പോവല്ലേ പോന്നോണമേ.....’’എന്ന് പാടി.കടത്തനാട്ട്മാധവിയമ്മ -മലനാടിന്‍റെ പൊന്നോണം- കുഞ്ഞുമുക്കുറ്റിപ്പൂക്കളെ വര്‍ണ്ണിച്ചപ്പോള്‍ ഇടശ്ശേരി ‘യുദ്ധകാലത്തെ ഓണം’ എന്ന പേരില്‍ എഴുതിയ കവിത പകര്‍പ്പുകളില്ലാതെ വേറിട്ടുനിന്നു.’അധികാരം കൊയ്യണം ആദ്യം നാം,അതിനുമേലാകട്ടെ പൊന്നാര്യന്‍’എന്ന് ആഹ്വാനംചെയ്ത ഇടശ്ശേരി ഓണത്തിന്‍റെ വിഷയത്തിലും പുത്തന്‍കലവും അരിവാളും പോലെ പുതുമയും കാഴ്ച്ചപ്പാടും കൊണ്ടുവന്നു. സര്‍ഗ്ഗവും സംഹാരവും ഒരുപോലെ കൂട്ടിച്ചേര്‍ത്ത വൈലോപ്പള്ളി ഓണക്കവിതകളില്‍ പൂക്കള്‍ മാത്രം കൊണ്ട് നിറച്ചു. ഓണപ്പാട്ടുകാര്‍, തുമ്പപൂ, ഓണക്കിനാവ്, ഓണമുറ്റത്ത് തുടങ്ങി കണക്കില്ലാത്ത കവിതകള്‍ ഓണക്കാലത്ത് ഒഴുകിയെത്തി.
സാമൂഹ്യവിപ്ലവസങ്കല്പം ഉള്ളില്‍ കൊണ്ടുനടന്ന ഒളപ്പമണ്ണ ഓണമടുത്തപ്പോള്‍ കൊച്ചുകുട്ടിയായി മാറി ‘ഓണപ്പൂക്കള്‍’എന്ന കവിതയില്‍. വ്യഥകളെ പൂക്കളാക്കി അക്കിത്തം ഓണപ്പിറ്റെന്ന്,അത്തച്ചമയം തുടങ്ങിയ കവിതകള്‍ എഴുതിയപ്പോള്‍ മുല്ലനേഴിയുടെ ‘മഹാ-ബലി’ ദേവലോകവും തുച്ഛമാക്കുന്ന മനുഷ്യനില്‍ അഭിമാനം കൊണ്ടു.വീര്യം തുളുമ്പുന്ന വാളുമായ് എത്തിയ പി.ഭാസ്കരന്‍,നോവുന്ന ആത്മാവിനെ സ്നേഹിക്കുന്ന വയലാറും, ഓണക്കണക്ക് പറഞ്ഞ ഓ.എന്‍.വി.യും എഴുതിയ വാക്കും വരികളും എത്രയെന്ന് അറിയില്ല. ''വിഷാദത്തെദ്ധിക്കരിച്ച് ഊര്‍ജ്ജസ്വല പ്രാണരായിതാ നിന്നെ കാത്തുനില്‍ക്കുന്നു ഞങ്ങള്‍''
എന്ന് തിരുനല്ലൂര്‍ ‘ഓണം’ എന്ന കവിതയിലൂടെ ഓണത്തെക്കുറിച്ച്‌ പറഞ്ഞു.എന്‍.വി.കൃഷ്ണവാര്യരുടെ ‘ഓണം1987’ എന്ന കവിത ശക്തമായ ഒരു വിഷയമായിരുന്നു.
''അഴിമതി നാട് വാഴുന്നകാലം അധികാരമുള്ളവര്‍ ഒന്നുപോലെ, ആമോദത്തോടവര്‍ വസിക്കും കാലം ആപത്തവര്‍ക്കാര്‍ക്കും ഇല്ല താനും'' എന്ന് അയ്യപ്പപണിക്കര്‍ പാടിയതും മറക്കേണ്ട.
പുതുശ്ശേരിരാമചന്ദ്രന്‍,പുനലൂര്‍ബാലന്‍,ചെമ്മനംചാക്കോ,വിഷ്ണുനാരായണന്‍നമ്പൂതിരി,യൂസഫലികേച്ചേരി, എസ്.രമേശന്‍നായര്‍,കെ.ജി.ശങ്കരപ്പിള്ള,എ.അയ്യപ്പന്‍,സിവിക്ചന്ദ്രന്‍,കടമ്മനിട്ട,ആറ്റൂര്‍ രവിവര്‍മ്മ, കെ.വി.രാമകൃഷ്ണന്‍, പി.നാരായണക്കുറുപ്പ്, സുഗതകുമാരി,കുരീപ്പുഴശ്രീകുമാര്‍,വിജയലക്ഷ്മി, അങ്ങനെ തുടങ്ങി നിരനിരയായി നില്‍ക്കുന്നു കവികള്‍ നമുക്ക് മുന്നില്‍.വിസ്തരഭയത്താല്‍ കൂടുതല്‍ പറയാന്‍ കഴിയുന്നില്ല എന്നത് വായനക്കാര്‍ക്ക്‌ മനസിലാക്കുമല്ലോ.
ഭാവഗാനങ്ങള്‍ കൊണ്ടും സുന്ദരസങ്കല്പങ്ങള്‍ കൊണ്ടും ഓണം സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും നല്ല ചിന്തകള്‍ ഉണര്‍ത്തിയപ്പോള്‍ വേറിട്ടുനിന്ന വാക്കുകള്‍ ഉണ്ടെന്ന് മറന്നുകൂടാ.അതില്‍ സച്ചിദാനന്ദന്‍റെ ‘മഹാബലി അവശിഷ്ടങ്ങളിലൂടെ നടക്കുന്നു’ എന്ന കവിത ശ്രദ്ധേയമാണ്.
''ആരുടെ ശിരസ്സുദിച്ചുയരുന്നു സഹ്യനില്‍ ആരുടെ പ്രിയച്ഛായ പേരാറില്‍ വീഴുന്നു.....''
ചിന്തയുടെയും ഭാവതീവ്രതയുടെയും തിളക്കം ഓണത്തോടൊപ്പം കൂട്ടിച്ചേര്‍ക്കുന്ന കവി ലക്ഷ്യമിടുന്നത് ഗൗരവമായ വിമര്‍ശനം ആണെന്ന് കാണാം.ഓര്‍മ്മകളിലെ ഓണത്തിന് വ്യത്യസ്തതയുടെ ദുരിതങ്ങളും ദുരന്തങ്ങളും രേഖാചിത്രങ്ങളിലൂടെ വരച്ച് നോവിന്‍റെ പൂക്കളം ഒരുക്കിയ ബാലചന്ദ്രന്‍ചുള്ളിക്കാടിന്‍റെ ഓര്‍മ്മകളുടെ ഓണം എന്ന കവിതയും,കലയും നാടന്‍പാട്ടും വരികളില്‍ നിറച്ച ഡി.വിനയചന്ദ്രന്‍റെ ഓണക്കവിതകളും, ''ഒന്നാനാമൂഞ്ഞാലില്‍ ഒരു വട്ടമാടി'' ഓണസൂര്യനെ വണങ്ങുന്ന കാവാലത്തിന്‍റെ ഓണപ്പാട്ടും,''നന്ദി തിരുവോണമേ നന്ദി'' എന്ന നൊസ്റ്റാള്‍ജിയ നമുക്ക് സമ്മാനിച്ച എന്‍.എന്‍.കക്കാടിനെയും,ഒറ്റവരിയില്‍ ഒരോണം തീര്‍ത്ത കുഞ്ഞുണ്ണിമാഷ്നെയും, ''ഓര്‍മ്മയ്ക്ക്‌ പേരാണിത് ഓണം'' എന്ന് പാടിയ മുരുകന്‍കാട്ടാക്കടയെയും,’എത്ര ഉദാരമീയുള്‍വെളിച്ചം...’ എന്ന് പാടിയ റഫീക്ക്അഹമ്മദിനേയും,ഒപ്പം ഈ മുഖപുസ്തകത്തിന്‍റെ മുറ്റത്ത് ഓണപ്പാട്ട് പാടുന്ന മുഴുവന്‍ കവികളെയും തൊട്ടുവണങ്ങിക്കൊണ്ട്, എന്റെ സ്നേഹിത ശ്രീമതി.ആനി ജോര്‍ജ്ജിന്‍റെ നാലുവരി ഓണകവിതയോടെ എല്ലാവര്‍ക്കും ഓണനന്മകള്‍.
‘’അക്കിളിയെന്തെ ചൊല്ലുന്നു,
കൊയ്യാനില്ലാ പാടങ്ങള്‍,പിന്നെ-
ങ്ങനെ പുതരിയുണ്ണാന്‍
നാടുനിരക്കെയലഞ്ഞു നട-
ന്നിട്ടയ്യയ്യോ പൂ കിട്ടീല്ല....
ഊഞ്ഞാലാടാന്‍ മരമില്ല....’’
സത്യമല്ലേ......കവികള്‍ ത്രികാലങ്ങള്‍ അറിയുന്നവര്‍....
കവികള്‍ പ്രവചിച്ചപ്പോലെ നാല് ചുവരുകള്‍ക്കുള്ളില്‍ ഓണം എന്ന വൃത്തം വരച്ച് ആ വൃത്തത്തില്‍ തപസിരിക്കുന്ന ഞാന്‍ ഒരു കാലവും അറിയാത്ത വിഡ്ഢി......
എം.എസ്.വിനോദ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍