Hot Posts

6/recent/ticker-posts

കാവ്യമുദ്രകള്‍ @ സിന്ധു.പി.എ.

നീലാംബരീയം_കാവ്യമുകുളങ്ങള്‍

മഴയെ കുറിച്ച് ചില പച്ചക്കള്ളങ്ങൾ.

ഹരി തൃപ്പൂണിത്തുറ.

ആസ്വാദനം.

സിന്ധു.പി.എ.
മഴയുടെ പ്രണയവർണ്ണങ്ങൾ തൂലികയിലൂടെ സാഹിത്യ ലോകം നൂറ്റാണ്ടുകൾക്ക് മുമ്പേ ഇടം കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഇന്നും ഈ പ്രവണത നിർബാധം തുടർന്നു കൊണ്ടേയിരിക്കുന്നു. പ്രണയമായും, ഉന്മാദമായും, വിരഹമായും
മഴക്കവിതകൾ സമൃദ്ധമായി തൂലികയിലൂടെ തഴച്ചുവളർന്ന് പുഷ്പിക്കുന്നു. മഴ ചില ഓർമ്മകളുടെ ഗൃഹാതുരത്വവുംപേറി കവിമാനസങ്ങളെ വിലോലതിരാക്കുന്നു.
:
.തീർച്ചയായും
ഒട്ടും ആഹ്ളാദകരമല്ലാത്ത
ഒരു അന്തരീക്ഷം
മഴ തരുന്നു. " ഇത് കവിയുടെ നേർകാഴ്ച നൽകിയ സത്യം. ഇത്തരം ചിലപച്ചക്കള്ളങ്ങളുടെ ഒരു തുറന്നെഴുത്ത് ഹരി ത്രിപ്പൂണിത്തറയുടെ "മഴയെ കുറിച്ചുള്ള ചില പച്ചക്കള്ളങ്ങൾ." എന്ന കവിതയിൽ നമുക്കു ദർശിക്കാൻ കഴിയും.
മഴയുടെ വൈവിധ്യമാർന്ന രൗദ്രഭാവങ്ങളെ അലോരസപെടുത്താതെ രസഭൂമികയിലൂടെ മാത്രം കവി കടന്നുപോകുന്നത് ഒരു സാധാരണ സമീപന രീതിയാണ്. ഈ ആലങ്കാരിക രീതിയെ ഹരി ത്രിപ്പൂണിത്തറ എന്ന കവി മാറ്റുരച്ച് ചോദ്യം ചെയ്യുന്നതും .നമ്മെ ഓർമ്മപ്പെടുത്തുന്നതുമാണ് ഈ കവിത.
മേഘാവൃതമായി ഇരുളു പടർന്ന് ഭീതി ജനിപ്പിച്ച്
മഴയുടെ മുന്നൊരുക്കമായി അന്തരീഷത്തിന്റെ ഭാവമാറ്റം ,കൗമാരദശയിലെ മനസിന്റെ ഭാവത്തെ ഭ്രമിക്കുന്ന അവസ്ഥ തന്നെയാണ്. ലക്ഷ്യബോധമില്ലാതെ പാറി പറന്ന്
ഒഴുകി നീങ്ങുന്ന മേഘശകലങ്ങളും കാറ്റിൽ പറക്കുന്ന കരിയിലകളുടെ കിലുകിലാരവും ഹൃദയത്തിൽപ്രകമ്പനം സൃഷ്ടിക്കും ഇടി മുഴക്കവും, പൊടിപടലങ്ങളുടെ പറക്കലിൽ അവിചാരിതമായി കണ്ണിൽവീണു നിറയുന്ന മണ്ണിൻ കരുകരുപ്പം ,നിറയുന്ന മിഴികളും മഴയുടെ അസ്വസ്ഥ ഭാവം തന്നെ. ചിലപ്പോഴൊക്കെ ഇരുട്ടിനെ വകഞ്ഞു മാറ്റി ഒടിയനെ പോലെ മിന്നിമറയുന്ന മിന്നൽ പിണരുകളും , ഹോ ! ഭീതി ജനിപ്പിക്കുന്നുയെന്ന് കവിയുടെ ഭാഷ്യം. ഇവയൊക്കെ നേർ കാഴ്ചകൾ അല്ലാതെ മറ്റെന്താണ്.
കൗമാര പ്രണയത്തിന്റെ ബിംബമായിനൂൽ മഴ തൊടാതെ തൊട്ട്, തീണ്ടാതെ തീണ്ടി കടന്നുപോയിയെന്നു പറയുന്നത് വെറും കളവെന്നു നർമ്മരസം ചാലിച്ചു കവി നമ്മെ ഓർമ്മിപ്പിക്കുന്നു. തുള്ളിക്കൊരുകുടമായ് പേമാരി ആവേശഭരിതമായ് ഉന്മാദാവസ്ഥയിൽ കാടുലച്ച് മരമുരച്ച് പുഴകലക്കി, ഉരുളു പൊട്ടി സമൂലം പിഴുതെറിഞ്ഞ് കടന്നുവരുന്നതും പ്രണയത്തെ ഓർമ്മിപ്പിക്കുന്നുയെന്നു പറഞ്ഞതും കളവ്. രൗദ്രഭാവം പൂണ്ട മഴയുടെ കൊലവിളി നെഞ്ചിൽ തീ കാറ്റു വിതയ്ക്കുമെന്ന് ആർക്കാണ് അറിയാത്തത്.
ഇതൊക്കെ കള്ളമല്ലേ . ചില കള്ളങ്ങൾ നാം അറിഞ്ഞു കൊണ്ടു തന്നെ പറയുകയാണെന്നും കവി സ്വകാര്യമായി നമ്മോടു മന്ത്രിക്കുന്നു.
"
ഇനി ഞാനൊരു സത്യം പറയട്ടെ
ഇതൊക്കെ കള്ളമാണ്
പക്ഷേ സത്യമായും
നമ്മൾ പറയേണ്ട ചില കള്ളങ്ങളുമില്ലേ
അത് മഴയെ കുറിച്ച് മാത്രമല്ല
മറ്റെന്തിനെ കുറിച്ചായാലും. "
സത്യമായും ........
അതെ നമ്മൾ ചിലഅപ്രിയ സത്യങ്ങൾ മൂടിവെച്ച് അവസരങ്ങൾക്കനുസരിച്ച് കള്ളം പറയേണ്ടിവരും.
മനുഷ്യ ഹൃദയത്തിൽ ഉദിക്കുന്ന സുഖതൃഷ്ണകളും, സർവ്വാംഗസുന്ദരമായ നവയൗവനവും തന്റെ കാവ്യത്തിലൂടെ കാഴ്ചവെച്ച മഹാകവി കാളിദാസനും
പറഞ്ഞു " ഇതിൽ എന്റേതായി ഒന്നുമില്ല. "യെന്ന് " ഒരു പച്ചക്കള്ളം. അക്ഷരം വ്യക്തിയുടെ വ്യക്തിത്വത്തിന്റെ സൂചകങ്ങളാണെന്ന് കവികൾ മറന്നു പോകുന്നോ ! ആവോ !
...... മഴ ഇവരെയൊക്കെ തീർച്ചയായും
എന്തൊക്കെയോ ഓർമ്മിപ്പിക്കുന്നുണ്ട്
.... ....
മഴയുടെ പെയ്തുദശകളിൽ നൂൽ മഴ,ചാറ്റൽ മഴ, പെരുമഴ, താണ്ഡവമാടുന്ന രൗദ്രമായ പേമാരിയും എന്തൊക്കെയോ ഓർമ്മകളിലൂടെ നമ്മെ കടത്തിവിടുന്നുഎന്നതും യാഥാർത്ഥ്യം.
അതുകൊണ്ടാവാം ഈ കവികൾ എല്ലാം മഴക്കവിതയെഴുതി വായനക്കാരനെ അലോരസപ്പെടുത്തുന്നത്. വിഷയ ദാരിദ്ര്യം അല്ല മറിച്ച് കവിയുടെ സ്വന്തം സുഖത്തിനു വേണ്ടി ഭാവനാലോകത്ത് അലസമായി ഒരു പ്രണയിനിയെ പോലെ കവിത എഴുതാൻ ഇഷ്ടപ്പെടുന്നതുമാകാം. എന്തായാലും എല്ലാ . കവികളും എഴുതുന്നതുപോലെ നാളെ കവിയും
ഒരു മഴക്കവിത എഴുതാൻ തീരുമാനിച്ചു കൊണ്ട് കവിത ശുഭപര്യവസാനിപ്പിച്ചു.
പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ മഴ. മഴയെ പ്രണയിച്ച് മഴയോടൊപ്പം മറഞ്ഞുപോയ നിശ്ചല ഛായാഗ്രാഹകൻ വിക്ടർ ജോർജ്ജ്. ഓരോ വർഷവും നദീമുഖങ്ങളിലും തീരദേശങ്ങളിലും ,ഹൈറേഞ്ച് മലനിരകളിലും, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധത്തിൽ മരണത്തിന്റെ നിശബ്ദതയിലേക്ക് കടപുഴകി ഒലിച്ചു പോകുന്ന ജീവിതങ്ങൾ . ഇനിയും പണംഅടച്ച് തവണ വ്യവസ്ഥയിൽ വാങ്ങിയ ടീവി അപ്രതീക്ഷത വെള്ളപൊക്കത്തിൽ ഒഴുകി നീങ്ങുമ്പോൾ ഹൃദയത്തിന്റെ പൊള്ളൽ ഇവയൊക്കെ കവിതയുടെ പിന്നാമ്പുറങ്ങൾ.
പ്രകൃതിയുടെ ദുരന്തമുഖങ്ങളുടെകാഴ്ച നൽകുന്ന മഴയുടെ സംഗീതം മാത്രം കേട്ടു ഭ്രമിക്കുന്ന കവികളുടെ മഴക്കവിതകൾ സുന്ദരഭാവത്തെ മാത്രം കാണുന്നു. കല്ലും വെള്ളവും കുത്തിയൊലിച്ച് കലങ്ങിമറിഞ്ഞു വരുന്ന മഴയുടെ രൗദ്രഭാവത്തെ അനുവാചകന് നൽകാതെ പച്ചക്കള്ളം ചുമ്മാപറയുന്നു. എങ്കിലും കവിതകൾ ആസ്വാദകന് ഹൃദയത്തെ രമിപ്പിക്കേണ്ടതാവണമെന്ന് കരുതിയാവാം സാകാരാത്മക ചിന്തയും സുഖശീതള അനുഭൂതിയും കവിതയിൽ നിറച്ച് അനുവാചകനിലേക്ക് കവികൾ നൽകുന്നത്.
അനുഭവനേർകാഴ്ചകളുടെ മാനസിക സംഘർഷത്തിൽ രൂപം കൊള്ളുന്ന രചനകൾ ഹൃദയതലങ്ങളിൽ ഇടം നേടുന്നുയെന്ന ദൃഷ്ടാന്തമാണ് ഹരി ത്രിപ്പൂണിത്തറയുടെ മഴക്കവിതയായ "മഴയെ കുറിച്ചുള്ള ചില പച്ചക്കള്ളങ്ങൾ." ആസ്വാദനത്തിന്റെ സഹയാത്രയിൽ യാഥാർത്ഥ്യങ്ങളുടെയും ഭാവനയുടെയും എഴുത്തു വഴികളിൽ പച്ചക്കള്ളമായ് നാം മൂടി വെച്ചിരിക്കുന്ന ചില സത്യങ്ങൾക്ക് നേരെ ചലനം സൃഷ്ടിപ്പിച്ചതിന് നന്ദി. ഇനിയും അനുവാചകർക്കായി നല്ല കവിതകൾ പിറവിയെടുക്കട്ടെയെന്ന് ആശംസിക്കുന്നു.
സിന്ധു.പി.എ.

മഴയെക്കുറിച്ച് ചില പച്ചക്കള്ളങ്ങൾ

ഹരി തൃപ്പൂണിത്തുറ.
തീർച്ചയായും ഒട്ടും ആഹ്ലാദകരമല്ലാത്ത
ഒരന്തരീക്ഷം തരുന്നുണ്ട് ....മഴ!
വെളിച്ചമടഞ്ഞ്...
ഇരുളുമൂടി, ഭീതിപ്പെടുത്തുന്ന
കാറ്റു വീശി ;
എങ്ങോട്ടു പാറിപ്പോകുമെന്നറിയാത്ത,
മേഘങ്ങളുടെ ഓട്ടവും
കരിയിലപ്പറക്കലും ...
മാമ്പഴം വീഴലും ... ജനാലയടയലും...
കണ്ണിൽവീണ മണ്ണെടുക്കലും....
പോരെങ്കിൽ,
ഇരുളിൽനിന്ന് ഒടിയനെപ്പോലെ
ഓടിയെത്തുന്ന മിന്നലും,
തലയ്ക്കുമുകളിലെ
പെരുമ്പറമുഴക്കവുമെല്ലാം ചേർന്ന് .....ഹൊ ...
##
മലമുകളിലെ മഴ ,
മഞ്ഞിന്റെ പഞ്ഞിനൂൽ പോലെ,
കൗമാരപ്രണയത്തിന്റെ
ഓർമ്മപോലെയെന്നൊക്കെ
അവരാവർത്തിക്കുന്നു.
തൊടാതെ തൊട്ട്
തീണ്ടാതെതീണ്ടി നനയ്ക്കുന്നുവെന്നും ...
ഏയ് ....ചുമ്മാ
##
തുള്ളിക്കൊരുകുടമായ് പെയ്യുന്ന പേമാരി !
താണ്ഡവമാടി....
മരമുലച്ച് കാടുലച്ച്, പുഴകലക്കി
മണ്ണിളക്കി ഉരുളുപൊട്ടി വരുന്നത്.....
അതു പ്രണയത്തെയോർമ്മിപ്പിക്കുന്നുവെന്ന്
അറിവാളികളിൽ ചിലരും..... അതും ചുമ്മാ
##
ഇനി ഞാനൊരു സത്യം പറയട്ടെ ;
ഇതൊക്കെ കള്ളമാണ്...!
പക്ഷെ....
സത്യമായും
നമ്മൾ പറയേണ്ട ചില കള്ളങ്ങളുമില്ലേ ?
അത് മഴയെക്കുറിച്ച് മാത്രമല്ല ;
മറ്റെന്തിനെക്കുറിച്ചായാലും.....!
അതാവും കാളിദാസൻ പോലും
മഴമേഘത്തെക്കുറിച്ചും, പിന്നെ
പ്രേമത്തിൽ നനഞ്ഞു കുളിച്ചതിനെക്കുറിച്ചുമൊക്കെ
ഒരു മഹാകാവ്യം എഴുതിവച്ചിട്ട്
ഇതിൽ എന്റെതായ് ഒന്നുമില്ലെന്നു
കള്ളം പറഞ്ഞത്,
കൊച്ചു കള്ളൻ !
പറഞ്ഞുപറഞ്ഞു ഞാൻ കാടുകേറിപ്പോയോ?
എന്തായാലും ഒന്നുറപ്പാണ്.....
മഴ ഇവരെയൊക്കെ തീർച്ചയായും,
എന്തൊക്കെയോ ഓർമ്മിപ്പിക്കുന്നുണ്ട് !
അതുകൊണ്ടാവും
ഈ കവികളായ കവികളൊക്കെ
മഴക്കവിതയെഴുതി
നമ്മളെയൊക്കെ
സ്വൈരം കെടുത്തിക്കൊണ്ടിരിക്കുന്നത്,
മര്യാദയില്ലാത്തവർ.
നാളെയാവട്ടെ
നമുക്കുമെഴുതണം
ഒരു മഴക്കവിത !

ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍