Hot Posts

6/recent/ticker-posts

നോട്ടുബുക്ക് @ ആനി ജോര്‍ജ്ജ്.

നീലാംബരീയം_നോട്ടുബുക്ക്

നീലാംബരീയം_നോട്ടുബുക്ക്.
അവതരണം @ ആനി ജോര്‍ജ്ജ്

ഇരുപത്തൊന്ന് വര്‍ഷത്തെ അധ്യാപനജീവിതം തന്നത് മറക്കാനാവാത്ത ഒട്ടേറെ ഓര്‍മ്മകള്‍.അതില്‍ സന്തോഷമുള്ളതും സങ്കടപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ ഏടുകളുണ്ട്.അഭിമാനം തോന്നിയ സമയവുമുണ്ട്.ഒരു ടീച്ചര്‍ എന്ന നിലയില്‍ ആത്മനിന്ദ തോന്നിയ അവസരങ്ങളുണ്ട്. എല്ലാം ചേര്‍ന്ന എന്റെ 'നോട്ട്ബുക്കി'ലെ താളുകള്‍ മറിച്ചുനോക്കുകയാണ്.പ്രിയപ്പെട്ട വായനക്കാര്‍ ഒപ്പമുണ്ടാവുമല്ലോ .
എനിക്ക് ആദ്യം പിഎസ്സി കിട്ടിയത് പാലക്കാട് ജില്ലയിലാണ്. ഭൂപ്രകൃതി കൊണ്ട് വ്യത്യസ്തമായ ജില്ല.വളരെവേഗം ഞാന്‍ അവിടവുമായി ഇണങ്ങിച്ചേര്‍ന്നു. ജോയിന്‍ ചെയ്തത് മുതലമടയിലാണ്. രണ്ടുവര്‍ഷത്തിന് ശേഷം മാറ്റം കിട്ടി പട്ടാമ്പിക്ക്. ഭര്‍ത്താവിന്റെ സ്കൂള്‍ അതിനടുത്താണ്.എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറമാണ് നീല.എന്നിട്ടും കുറേനാള്‍ നീലവസ്ത്രങ്ങള്‍ ധരിച്ചില്ല.അതിനിടയാക്കിയ സംഭവമാണ് പറയാന്‍ പോവുന്നത് .ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ചിരി വരുന്നുണ്ട് .പക്ഷേ അന്ന് ഇന്നത്തെ പക്വതയോ വിവേകമോ ഉണ്ടായിരുന്നില്ല.
ഞാനന്ന് ഒമ്പത് സിയിലെ ക്ലാസ്ടീച്ചറാണ്.മലയാളവും പഠിപ്പിക്കുന്നു.അതേ ക്ലാസിലെ കുട്ടിയാണ് നാസര്‍.പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ട്.വലിയ ബഹളക്കാരനല്ല.ക്ലാസ് തുടങ്ങി രണ്ടുമാസം കഴിഞ്ഞു. ഓണപ്പരീക്ഷ അടുക്കാറായി. അതിന്റെ തിരക്കിലാണ് അധ്യാപകര്‍.നാസറിനെ കുറച്ചുദിവസമായി ഒഴിവ് സമയത്ത് സ്റ്റാഫ്റൂമിന്റെ പരിസരത്ത് കാണാം .അത്രയങ്ങ് ശ്രദ്ധിച്ചില്ല.ഒരുദിവസം കേള്‍ക്കുന്നു,അവന്‍ എന്നെ കാണാനാ വരുന്നത് ,പ്രത്യേകിച്ച് ഞാന്‍ നീല സാരിയുടുക്കുന്ന ദിവസങ്ങളില്‍
''നീല സാരിയുടുക്കുമ്പോള്‍ ആനിടീച്ചറിനെ കാണാന്‍ നല്ല ചേല്ണ്ട്''എന്നവന്‍ കുട്ടികളോടും പറയാന്‍ തുടങ്ങി....മറ്റ് ടീച്ചര്‍മാര്‍ അവനെ വിളിച്ചു ചോദിച്ചു.എന്താ ഇങ്ങനെയൊക്കെ പറയുന്നത്,അവര്‍ നിന്റെ ടീച്ചറല്ലേ..'അപ്പോള്‍ ആ പതിമൂന്ന് വയസുള്ള കുട്ടി പറയുകയാണ്
''എനിക്ക് ടീച്ചറിനെ വലിയ ഇഷ്ടമാ,കല്യാണം കഴിക്കണം ''
കര്‍ത്താവേ ...
അത് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.മറ്റുള്ള അധ്യാപകര്‍ക്ക് ചിരി...എനിക്കാണെങ്കില്‍ സങ്കടവും ദേഷ്യവും.പിന്നീട് നാസറിനെ പറഞ്ഞ് മനസിലാക്കിയെങ്കിലും ആ സ്കൂളില്‍ നിന്നും സ്ഥലംമാറി പോവുന്നത് വരെ ഞാന്‍ നീലക്കളര്‍ ഉടുത്തിട്ടില്ല.
അവതരണം @ ആനി ജോര്‍ജ്ജ്
നീലാംബരീയം_നോട്ടുബുക്ക്
ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍