Hot Posts

6/recent/ticker-posts

അടുക്കള

                                                        അടുക്കള
                                                                           By
                                                          ഗിരിജാ വാര്യര്‍.
മാമ്പഴപ്പുളിശ്ശേരി
*******************
മലയാളിക്ക് സുപരിചിതമായ ഒരു പാട്ടില്ലേ?
"അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്… " എന്ന വരിയിൽ തുടങ്ങുന്നത്. അയല പൊരിയ്ക്കാനും വറക്കാനുമൊന്നും എന്നെക്കൊണ്ട് ഈ ജന്മത്തിൽ കൂട്ട്യാൽ കൂടില്ല.എന്നാൽപ്പിന്നെ ആ പാട്ടിലെ മറ്റൊരു കറിക്കൂട്ട് എടുക്കാം
.
"മത്തങ്ങാ പച്ചടിയോ, കുമ്പളങ്ങ കിച്ചടിയോ
ഓർമ്മയിൽ രുചി വളർത്തുംമാമ്പഴപ്പുളിശ്ശേരി"
അപ്പോൾ ഇന്ന്‌ നമുക്ക് മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കി ഊണൊരുക്കാം, എന്തേ?
വേണ്ടത് ഇത്രമാത്രം.
നല്ല പഴുത്തു കൊതിയൂറും മണം പരത്തും നാട്ടുമാങ്ങ -പത്തെണ്ണം
മഞ്ഞൾപ്പൊടി - ഒരു നുള്ള്
തേങ്ങ - ഒരു മുറി (നന്നായി പൊടിപൊടിയായി ചിരവിയത് )
മുളക്പൊടി -ഒരു ടേബിൾസ്പൂൺ
ഇളം പുളിപ്പുള്ള ഉടച്ച തൈര് - രണ്ടു കപ്പ്
ജീരകം ഒരു നുള്ള്
വെളിച്ചെണ്ണ (കുക്കിംഗ്‌ ഓയിൽ ) - ഒരു ടേബിൾ സ്പൂൺ
കടുക്, ഉലുവ, കറിവേപ്പില, 2വറ്റൽ മുളക് -
വറുത്തുകൊട്ടാൻ ആവശ്യത്തിന്.
ശർക്കര - 2വലിയ അച്ച്
ഉപ്പ് - ആവശ്യത്തിന്
വെള്ളം
നാട്ടുമാങ്ങ നന്നായി കഴുകി തൊലി കീറിഎടുക്കുക. വളരെ ചെറിയ മാമ്പഴം ആണ് ഉദ്ദേശിച്ചത്. അതു പൂളിയെടുക്കരുത്. മൊത്തത്തിൽ വേണം. അതാണ്‌ തൊലി അടർത്തിയെടുക്കുക എന്ന് ആദ്യം പറഞ്ഞത്. ഇതിൽ കുറച്ചു മഞ്ഞൾപ്പൊടിയും, വെള്ളവും ചേർത്തു നന്നായി വേവിച്ചെടുക്കണം. വെള്ളം കൂടിപ്പോകരുത്. മാമ്പഴം നന്നായി വേവാൻ മാത്രം ആവശ്യമായ വെള്ളം മതി. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും തൈരും ചേർത്തു നന്നായി തിളപ്പിക്കണം.
തിരുമ്മിവെച്ച തേങ്ങയും, ജീരകവും നല്ല മിനുപ്പായി അരച്ചെടുക്കുക. തിളച്ചുമറിയുന്ന കറിയിലേക്കു ഈ അരപ്പുകൂട്ടും, ശർക്കരയും ചേർത്തിളക്കണം.പുളിയാണ് കൂടുതൽ ഇഷ്ടമെങ്കിൽ മധുരം ചേർക്കേണ്ടതില്ല. കാരണം മാമ്പഴത്തിനും മധുരം കാണുമല്ലോ. എനിക്കു തൈരിന്റെയും, മാമ്പഴത്തിന്റെയും പുളിയോടൊപ്പംഅൽപ്പം മധുരം കൂടി ഇഷ്ടം. അരപ്പ് ഒഴിച്ച് കഴിയുമ്പോൾ ഏതാണ്ട് കുറുകിയ പരുവത്തിലാകണം കറി. ശേഷം തീയണച്ചു കറി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കണം.
ഒരുപാനിൽ കുറച്ച് വെളിച്ചെണ്ണ, അല്ലെങ്കിൽ കുക്കിംഗ്‌ ഓയിൽ ഒഴിച്ച് അതിലേക്ക് ഒരു നുള്ള് കടുക്, ഉലുവ, രണ്ട് വറ്റൽ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതും കറിയിലേക്കു ഒഴിച്ചാൽ മാമ്പഴപ്പുളിശ്ശേരി പൂർണ്ണം.
ചിലർ തേങ്ങയുടെ അരപ്പിൽ ജീരകത്തിനു പകരം ഒരു നുള്ള് കടുക് ചേർത്ത് അരയ്ക്കാറുണ്ട്. അപ്പോൾ കറിയ്ക്കു മറ്റൊരു രുചിയാകും. രണ്ടും പരീക്ഷിച്ചു നോക്കൂ. അടുത്ത ആഴ്ച മറ്റൊരു വിഭവവുമായി പ്രത്യക്ഷപ്പെടാം 🙂
ഏവർക്കും ശുഭദിനം 

ഗിരിജാ വാര്യര്‍.

 https://www.facebook.com/groups/neelaambari/
നീലാംബരി ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. ഇവിടെയിതാദ്യം 
    നല്ല രുചിയേറും ഒരു വിഭവത്തോടെ ഇവിടെ പ്രവേശിച്ചു.
    ഇപ്പോൾ മാങ്ങയുടെ കാലം ഇതൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം!
    മറ്റു വിഭവങ്ങൾ രുചിക്കാൻ വീണ്ടും എത്തുന്നതാണ്
    ശ്രീ എം സ്സ് വിനോദിൻറെ ഫേസ്ബുക്ക് പേജിൽനിന്നുമാണിവിടെയെത്തിയത് 

    ആശംസകൾ 
    പി വി ഏരിയൽ, സിക്കന്തരാബാദ് 

    മറുപടിഇല്ലാതാക്കൂ