Hot Posts

6/recent/ticker-posts

എന്‍റെ വായന

നീലാംബരീയം

കഥകള്‍ വായിക്കുമ്പോള്‍ സജീവ് എരവത്ത് എന്ന കഥാകൃത്ത്‌ ഇടയ്ക്ക് വന്നുകയറിയിട്ടുണ്ട് ഇതിനുമുന്‍പും എന്‍റെവായനയില്‍. ഇറങ്ങിപ്പോകാത്ത ശീലവും, ഇറക്കിവിടാന്‍ കഴിയാത്ത ആത്മബന്ധവും ഉണ്ട് ആ കഥകള്‍ക്ക്. ആനുകാലികജീവിതചലനങ്ങള്‍ ആവിഷ്ക്കരിക്കാന്‍ മിടുക്കുള്ള കഥാകൃത്താണ് സജീവ്. നിരവധി ശില്പവൈവിധ്യങ്ങളിലൂടെ കടന്നുവന്ന ചെറുകഥ എന്ന സാഹിത്യശാഖയുടെ ഒട്ടുമിക്ക രചനാസമ്പ്രദായങ്ങളും സജീവ്‌ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. ചെറുകഥകള്‍ അതാത് കാലത്തെ കേരളീയജീവിതത്തിന്‍റെ നേര്‍ചിത്രങ്ങള്‍ ആണെന്ന് നമുക്ക് ബോധ്യമുണ്ട്. ആ ആനുകാലികഅനുഭവങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്ന കഥാകൃത്തുക്കള്‍ മുഖപുസ്തകത്തില്‍ ചുരുക്കമാണ്. സജീവിന്‍റെ കഥകള്‍ വ്യത്യസ്തമാകുന്നത് അവിടെയാണ്. ഇന്നത്തെ സാമൂഹ്യാവസ്ഥയുടെ ജീര്‍ണ്ണത മനസിലാക്കാനും അതിനെ ശക്തമായി വിമര്‍ശിക്കാനും ആ വിമര്‍ശനത്തിലൂടെ അത്തരം പ്രവണതകളെ പ്രതിരോധിക്കാനും ശ്രമിക്കുന്ന കഥകള്‍ എന്ന നിലയിലാണ് ഞാന്‍ സജീവിന്‍റെ കഥകളെ വിലയിരുത്തുന്നത്. തനിക്ക് പറയാനുള്ളത് കഥയിലൂടെ നമ്മളോട് പറയാന്‍ ഒരു മടിയും കാണിക്കാത്ത ഈ കഥാകൃത്ത്‌ ''ഔസേപ്പ്-സണ്‍ ഓഫ് സിസിലി'' എന്ന കഥയിലൂടെ ആണ് എനിക്ക് പ്രിയപ്പെട്ടവന്‍ ആയത്. ഒരുപക്ഷേ സജീവിന്‍റെ കഥകളില്‍ എനിക്ക് ഇഷ്ടപ്പെട്ട കഥയും അതുതന്നെ ആയിരിക്കാം.

ഇവിടെ സജീവിന്‍റെ ''മുകളിലിരുന്നൊരാള്‍ എല്ലാം കാണുന്നുണ്ട്....'' എന്ന കഥയാണ് നമ്മള്‍ വായിക്കുന്നത്. കഥയുടെ തലക്കെട്ടിന് പതിവുപോലെ ഒരു കാവ്യഭംഗിയുണ്ട്. സത്യത്തില്‍ ഈ കഥാകൃത്തുക്കള്‍ മിക്കവരും നല്ല കവികള്‍ കൂടിയാണ്. സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ ഒരു മഹാകാവ്യമാണ് എന്ന് വിമര്‍ശിച്ച നിരൂപകരും ഉണ്ട്. ലക്കെട്ടിലെ കാവ്യഭംഗി കഥയില്‍ കഥയായി മാത്രം അനുഭവപ്പെടുമ്പോള്‍, കഥയെന്താണെന്നും കാവ്യം എന്താണെന്നും സജീവിന് അറിയാം എന്ന് വായനക്കാരന് മനസ്സിലാകും.ഇവിടെ കഥയില്‍ കഥ മാത്രമേയുള്ളൂ.....പച്ചയായ സാമൂഹ്യജീവിതവിമര്‍ശനം തുടിക്കുന്ന ഒരു കഥ.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ നിരവധി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ശ്രീ.രാജു നാരായണസ്വാമി എന്ന യുവശാസ്ത്രജ്ഞന്‍ ആണ് കഥയുടെ നായകന്‍.നായകന്‍റെ പേരിന് ഒരു യാഥാസ്ഥിതികഭാവം ഉണ്ട്.അത് ഈ കഥയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ട്.വിഷയത്തിന് തന്നെ അല്പം രാജകീയഭാവം ഉള്ളപ്പോള്‍ കഥാപാത്രങ്ങളും രാജാക്കന്മാര്‍ തന്നെ ആയിക്കോട്ടെ എന്ന് കഥാകൃത്ത്‌ തീരുമാനിച്ചിട്ടുണ്ടാകും. മനുഷ്യപ്പറ്റുള്ള ഒരു കഥാപാത്രം രാജുനാരായണസ്വാമിയുടെ ഭാര്യ ദീപയാണ്. പേരുകൊണ്ടും പെരുമാറ്റം കൊണ്ടും. സത്യത്തില്‍ ഈ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു ശാസ്ത്രം ആണല്ലോ.അതുകൊണ്ട് അതില്‍ ശ്രദ്ധിക്കുന്ന നായകനെ ഞാന്‍ ഒരു ശാസ്ത്രജ്ഞന്‍ എന്ന് ആലങ്കാരികമായി വിശേഷിപ്പിച്ചു എന്ന് മാത്രം.കഥാകൃത്ത്‌ നിരപരാധി ആണ് കേട്ടോ.

നഗരത്തിലെ വ്യവസായപ്രമുഖകര്‍ക്ക്‌ തന്‍റെ ടെക്നോളജിഗവേഷണം, വിറ്റ് ജീവിക്കുന്ന ഒരു പാവം തൊഴിലാളി മാത്രമാണ് ഈ രാജുനാരായണസ്വാമി എന്ന് വേണമങ്കില്‍ ലളിതമായി പറയാം.വില്പനച്ചരക്കായ പ്രോഡക്റ്റ് എല്ലാം നമുക്ക് പരിചയമുള്ള ഉരുപ്പടികള്‍ ആണ്.അതൊക്കെ അത്രയ്ക്ക് ഇല്ലെങ്കിലും കുറച്ചൊക്കെ ലളിതമായി നമ്മളും ഉപയോഗിക്കുന്നുണ്ട്.അപ്പോള്‍ നമ്മളില്‍ ഓരോരുത്തരിലും ഒന്നല്ലെങ്കില്‍ ഒരു ഒന്നര രാജുനാരായണസ്വാമിമാര്‍ ജീവിക്കുണ്ട് എന്ന് സജീവ് ഈ കഥയിലൂടെ പറയുന്നു.അതാണ് ഈ കഥക്ക് കാലികപ്രസക്തി മാത്രമല്ല വായിക്കുന്ന ഓരോ വായനക്കാരന്‍റെയും ആത്മാംശം കൂടി ഉള്‍ക്കൊള്ളുന്ന സുന്ദരമായ ഒരു ദ്വിമാനതലം കൂടി ഉണ്ട്.

ഫേസ് ബുക്കിലോ വാട്ട്സ്ആപ്പിലോ സ്റ്റാറ്റസ് നോക്കി ഇന്നലെ നീ ഉറങ്ങിയത് രാത്രി പന്ത്രണ്ട് കഴിഞ്ഞാണല്ലോ എന്ന് അടുത്തദിവസം സുഹൃത്തിനോട്‌ നിങ്ങള്‍ ചോദിക്കുന്നുവെങ്കില്‍ നിങ്ങളില്‍ ഒരു രാജുനാരായണസ്വാമി ഉണ്ട് എന്നാണ് ഈ കഥ നല്‍കുന്ന മുന്നറിയിപ്പ്. സത്യത്തില്‍ അത് ഒരു കുശലം മാത്രമാണ്.എന്നാല്‍ ചോദ്യംചെയ്യപ്പെടുന്ന ആളിന്‍റെ സ്വകാര്യതയിലേക്ക് ഈ ചോദ്യം എത്രമാത്രം ആഴത്തില്‍ കുത്തിക്കയറുന്നു എന്ന് സത്യത്തില്‍ ചോദ്യംചെയ്യപ്പെടുന്ന ആള്‍ക്കും പിന്നെ മുകളിലിരിക്കുന്ന ആള്‍ക്കും മാത്രമേ അറിയൂ. ചോദ്യംചെയ്യപ്പെടുന്ന ആള്‍ ഒരു സുഹൃത്തായാലും നമ്മുടെ സഹപ്രവര്‍ത്തകനായാലും മകനോ മകളോ ആയാലും ഭാര്യയായാലും കാമുകിയോ കാമുകനോ ആയാലും ഈ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഇല്ല.സ്വകാര്യത ആണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം.അത് നഷ്ടമാകുന്നിടത്ത് നമ്മുടെ ലോകം പോലും അവസാനിക്കും. ഈ അവസ്ഥയുടെ നേരായ ചിത്രം ആണ് ''മുകളിലിരുന്നോരാള്‍ എല്ലാം കാണുന്നുണ്ട്'' എന്ന സജീവിന്‍റെ കഥ.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ന് വളരെയധികം വികസിച്ചു എന്ന് നമുക്ക് അറിയാം.അറിയാനുള്ള മനുഷ്യന്‍റെ ജിജ്ഞാസയില്‍ നിന്നാണ് അതിന്‍റെ വികാസം.ഓരോ ദിവസവുമല്ല ഓരോ നിമിഷവും

അത് വികസിക്കുകയാണ്. വികസിക്കുന്നതിനൊപ്പം അത് വലവീശി നമ്മളെ ആ വലയ്ക്കുള്ളില്‍ ഒതുക്കുന്നു.ഒരിക്കല്‍ കുരുങ്ങിയാല്‍ ഒരിക്കലും രക്ഷപെടാന്‍ കഴിയാത്ത വിധം കുരുക്കുന്നു.എന്താണ് ഞാനും നിങ്ങളും ഈ നായകന്‍ നാരായണസ്വാമിയും അയാളുടെ ഉപഭോക്താക്കളും ഇങ്ങനെ കുരുങ്ങിപ്പോകുന്നത്.ഉത്തരം ലളിതം.....മനുഷ്യന്‍ പിറവിയെടുക്കുമ്പോള്‍ തന്നെ പൊക്കിള്‍ക്കൊടി മുറിയുന്നതുപോലെ അറിയാനുള്ള ആഗ്രഹവും പിറവിയെടുക്കുന്നു.അറിയാനുള്ള ആഗ്രഹം ജിജ്ഞാസയെ ജനിപ്പിക്കുന്നു.ജിജ്ഞാസ ശമിപ്പിക്കാന്‍ നമ്മള്‍ വായിക്കാനും പഠിക്കാനും ശ്രമിക്കുന്നു.അങ്ങനെയാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ എഴുത്തും വായനയും പഠനവും ഗവേഷണവും ഒക്കെ ഉണ്ടായത്.അക്ഷരങ്ങള്‍ നവീകരിക്കപ്പെട്ടതും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതും എല്ലാം ആ ജിജ്ഞാസയില്‍ നിന്നാണ്.കുമാരനാശാനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം എന്നെ അന്ന് വായനശാലയില്‍ എത്തിച്ചു.അവിടെ കുമാരനാശാന്‍ മാത്രമല്ല ഉള്ളൂരും വള്ളത്തോളും മുതല്‍ ബഷീറും തകഴിയും വിജയനും അങ്ങനെ പലരും ഉണ്ടായിരുന്നു.ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വികസിച്ചപ്പോള്‍ എനിക്ക് വായനശാലയില്‍ വരെ പോകണ്ട വീട്ടിലിരുന്നാലും ആശാനെ മാത്രമല്ല ലോകത്തുള്ള എല്ലാവരെയും അറിയാം എന്ന സ്ഥിതി വന്നു.എത്ര സൗകര്യം.....ഞാന്‍ വളരെ സന്തോഷവാനായി.ഈ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയ്ക്ക് നല്ല കടുപ്പത്തില്‍ രണ്ട് സിന്ദാബാദ്‌ വിളിച്ച് ഞാന്‍ എന്‍റെ അറിയാനുള്ള ആഗ്രഹത്തെയും ജിജ്ഞാസയുടെ വിശപ്പിനേയും നന്നായി ഉരുട്ടിയുരുട്ടി ഊട്ടി.എന്നാല്‍ ഇവിടെ ഞാന്‍ കുമാരനാശാനെ മാത്രമല്ല അറിയുന്നത്.അടുത്ത വീട്ടിലെ സതിയമ്മ എന്ത് ചെയ്യന്നു എന്നും ഇവിടെ നോക്കിയാല്‍ അറിയാം എന്ന പുതിയ അറിവിലേക്ക് എല്ലാവരോടും ഒപ്പം ഞാനും എത്തി.സത്യത്തില്‍ സതിയമ്മയെ മാത്രമല്ല കുമാരനെയും ഇസ്മയിലിനെയും ഇടയ്ക്കൊക്കെ എന്നെ വിമര്‍ശിക്കുന്ന ഗോപാലകൃഷ്ണനെയും എനിക്ക് ഇപ്പോള്‍ കാണാം.ഗോപാലകൃഷ്ണന്‍ ആളൊരു പാവമാണെങ്കിലും അവന്‍റെ ചിലനേരത്തെ വിമര്‍ശനം സഹിക്കാന്‍ പ്രയാസം.അതുകൊണ്ട് ഞാന്‍ സതിയമ്മയെ വിട്ട് ഗോപാലകൃഷ്ണന്‍റെ പുറകെ പോയി.അവന്‍റെ വിമര്‍ശനം എന്‍റെ മുഖത്തുനോക്കിയാണെങ്കില്‍ മറുപടി മുഖമടച്ചുതന്നെ ആരും അറിയാതെ കൊടുക്കണം.ഒരുപക്ഷേ ആരാണ് അടിച്ചത് എന്ന് ഈ ഗോപാലകൃഷ്ണന് പോലും മനസിലാകാതെ അടിക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങള്‍ തേടി ഞാന്‍ ഈ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വലയ്ക്കുള്ളില്‍ ഊളിയിടുമ്പോള്‍ എന്നില്‍ ഒരു രാജുനാരായണസ്വാമി ജനിക്കുകയാണ്.ഞാന്‍ വികസിപ്പിച്ച സൂത്രവാക്യം എന്‍റെ അടുത്ത സുഹൃത്തിന് ഞാന്‍ കൈമാറുമ്പോള്‍ അവനും അതുപോലെ അവനെതിരായി പറഞ്ഞ ഗോപാലകൃഷ്ണന്മാരെ വകവരുത്തുമ്പോള്‍ രാജുനാരായണസ്വാമിമാരുടെ അവതാരങ്ങള്‍ പിറക്കുകയാണ്.അങ്ങനെ ഈ ലോകം നാരായണസ്വാമിമാരെക്കൊണ്ട് നിറയുകയാണ്.എന്നാല്‍ എല്ലാം മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ട്.അയാളുടെ കൈകളില്‍ ആണ് എല്ലാ വലകളുടെയും കെട്ട് ചേര്‍ത്തുപിടിച്ച ഒരറ്റം എന്ന് ഞാന്‍ പറഞ്ഞുപോയാല്‍ നിരീശ്വരവാദികളും കമൂണിസ്റ്റുകളുമായ എന്‍റെ സുഹൃത്തുക്കള്‍ പൊറുക്കണം.സജീവിന്‍റെ കഥയുടെ കഥാസാരം ഞാനൊന്ന് ലളിതമായി വിവരിച്ചു എന്ന് മാത്രം.സതിയമ്മയും ഗോപാലകൃഷ്ണനും ഞാന്‍ സൂചിപ്പിച്ച മറ്റുള്ളവരും സാങ്കല്പികകഥാപാത്രങ്ങള്‍ മാത്രം.

എന്നാല്‍ സജീവിന്‍റെ കഥാപാത്രങ്ങള്‍ സാങ്കല്പികം അല്ല.അത് വെറും ഭാവനയും അല്ല.സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നിന്നും തട്ടുകളില്‍ നിന്നും തല്ലിക്കൊല്ലാതെ ജീവനോടെ പിടിച്ചിറക്കിക്കൊണ്ടുവന്ന യഥാര്‍ത്ഥമായ പകര്‍പ്പുകള്‍ ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍.കഥയ്ക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ട്.കഥയുടെ ശാസ്ത്രം നോക്കുമ്പോള്‍ അത് ഉണ്ടാകണമെന്ന് തച്ചുശാസ്ത്രവിദഗ്ദ്ധന്മാര്‍ക്ക് നിര്‍ബന്ധമുണ്ട്.മിനിമം രണ്ട് ഭാഗങ്ങള്‍ എങ്കിലും ഉണ്ടാകണം എന്നാണ് ഒരു നിയമം.ഈ ഭാഗങ്ങളെ സമര്‍ത്ഥമായി കൂട്ടിയോജിപ്പിക്കുന്നിടത്താണ് കഥാകാരന്‍ വിയര്‍ക്കുന്നത്.അതും സജീവ് സുന്ദരമായി നിര്‍വ്വഹിച്ചു ഇവിടെ. നൂതനവിവരസാങ്കേതികവിദ്യ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്ന് ഗവേഷണം നടത്തുന്ന നായകന്‍ തന്നെയാണ് സത്യത്തില്‍ നായകനും വില്ലനും.ഇരയാകുന്നതും ഇര തേടുന്നതും അയാള്‍ തന്നെയാണ്.
ഒന്നാം ഭാഗം ഒരു വിഷ്ക്കംഭം മാത്രമായി മാറ്റി നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.കാരണം വിഷ്ക്കംഭം കഥയുടെ പ്രധാന ഘടകമാക്കി മാറ്റിയെടുക്കാനും അതില്‍ വന്നുപോകുന്ന കഥാപാത്രങ്ങളെ കഥയുടെ വിഷയവുമായി കൊരുത്ത് കഥയില്‍ അലിയിക്കാനും ഒരു നല്ല കഥാകാരന് കഴിയും.ഇവിടെ ഒന്നാം ഭാഗത്തില്‍ കടന്നുവരുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ രൂപ-സ്വഭാവഭദ്രതഉണ്ട്. അതുകൊണ്ടുതന്നെ അവര്‍ ഓരോരുത്തരും ഓരോ കഥകള്‍ ആയി മാറുന്നുണ്ട്.നേരിട്ട് കഥയില്‍ പ്രത്യക്ഷപ്പെടാത്ത രാധാകൃഷ്ണമേനോന്‍ പോലും പിന്നില്‍ നിന്ന് ഒരു കഥ മെനഞ്ഞ് കഥയുടെ മുഖ്യധാരയില്‍ ഒപ്പം ചേരുന്നുണ്ട്.നമ്പ്യാരും രഞ്ജിത്തും അവിടെ ഉള്ള ഓരോരുത്തരും ഓരോ ചെറിയ,അല്ലെങ്കില്‍ വളരെ വലിയ സമൂഹങ്ങളുടെ പ്രതിനിധികളായിത്തന്നെ തകര്‍ത്ത് വാരുന്നു.നമ്മുടെ നായകനും അത്തരം ഒരു സമൂഹത്തിന്‍റെ പ്രതിനിധി ആണ്.എന്നാല്‍ ഇവരെയെല്ലാം കൂടിയോജിപ്പിക്കുന്നത് എന്താണ്.അതാണ് കഥയുടെ പ്രധാന ചൂണ്ടിക്കാണിക്കല്‍.ഇവരെ ഒന്നാക്കുന്നത് പണം ആണ്.നായകനും വേണ്ടത് പണംമാത്രമാണ്. പണമുണ്ടാക്കാനുള്ള പരക്കം പാച്ചിലില്‍ ഇവര്‍ക്ക് നഷ്ടമാകുന്നത് പരസ്പരമുള്ള വിശ്വാസമാണ്.എന്ത് അവിശ്വാസത്തെയും അന്യന്‍റെ സ്വകാര്യതകളിലേക്ക് എത്തിനോക്കുന്ന ടെക്നോളജികളായി വികസിപ്പിച്ച് അത് ഒരു തരം വിശ്വാസമാക്കാന്‍ ശ്രമിക്കുന്ന ശീലത്തില്‍ എത്തി നില്‍ക്കുന്നു നമ്മള്‍ ഇപ്പോള്‍.ഈ വലിയ വിപത്ത് കഥാകാരന്‍ വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു.അതാണ് ഇടയ്ക്കുവെച്ച് പെട്ടന്ന് കഥ രണ്ടാം ഭാഗത്തിലേക്ക് തിരിച്ചു വിടുന്നത്.
നായകന്‍റെ ടെക്നോളജികൾ നായകന്‍ ആദ്യം പരീക്ഷിക്കുന്നത് സ്വന്തം കുടുംബത്തില്‍ പ്രത്യേകിച്ചും ഭാര്യയില്‍ തന്നെയാണ്.പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങളുടെ പരീക്ഷണശാലയായി കുടുംബം തന്നെ മാറ്റിയെടുക്കുന്ന വിലകുറഞ്ഞ സംസ്കാരങ്ങളെ കഥാകൃത്ത്‌ നമുക്ക് കാണിച്ചുതരുന്നു.നായകന്‍റെ ഭാര്യ ദീപ ഒരിക്കലും രഹസ്യമായി നിരീക്ഷിക്കപ്പെടേണ്ട സ്വഭാവം ഉള്ള ഒരു കഥാപാത്രമാല്ല എന്ന് നമുക്ക് അറിയാം.നായകനും അങ്ങനെതന്നെയാണ് കരുതുന്നത്.എന്നാല്‍ തന്‍റെ പരീക്ഷണങ്ങള്‍ക്ക് ഭാര്യയെ വിധേയയാക്കുന്നതില്‍ ഒരു യുക്തിഭംഗവും ഇല്ലെന്നുകൂടി അയാള്‍ അവകാശപ്പെടുന്നുണ്ട്‍. അവിടെ അയാള്‍ ഒരുതരം ചീഞ്ഞുനാറിയ പുരുഷക്കോയ്മയുടെ അവതാരമല്ല സാക്ഷാല്‍ ചക്രവര്‍ത്തി തന്നെയാകുന്നു.അതുകൊണ്ടുതന്നെ ജി.പി.എസ്.ഡിവൈസുകള്‍ വഴി ഒരാളുടെയോ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെയോ പ്രവര്‍ത്തനങ്ങളെയും നീക്കങ്ങളെയും നിരീക്ഷിക്കാം.ഇത് പരീക്ഷിക്കാന്‍ ആ ചിപ്പ്ഡിവൈസ് സ്വന്തം ഭാര്യയുടെ മാലയില്‍ ഭാര്യപോലും അറിയാതെ ഒരു ലോക്കറ്റ് ആക്കി മാറ്റുന്നു.അതിന്‍റെ പ്രവര്‍ത്തനം തന്‍റെ കസ്റ്റമര്‍ക്ക് അല്ലെങ്കില്‍ തന്നെ സമീപിക്കുന്ന ആവശ്യക്കാര്‍ക്ക് ഒരു ഡെമോ ആയി വിശദീകരിച്ചുകൊടുക്കുന്ന രാമസ്വാമി സത്യത്തില്‍ അടിമുടി ഒരു കച്ചവടക്കാരന്‍ ആണ്.സ്വന്തം സ്വകാര്യത ഒരു പ്രദര്‍ശവസ്തുവാക്കി വെച്ച് കച്ചവടത്തിന് പ്രമോഷന്‍ നല്‍കുന്ന ഭര്‍ത്താവ്‌ ഏത് പ്രേംനസീര്‍ ആയാലും സഹിക്കുകയോ ക്ഷമിക്കുകയോ ചെയ്യാന്‍ ഒരു സ്ത്രീയ്ക്കും കഴിയില്ല.ഏതൊരു ശരാശരി സ്ത്രീയും ചെയ്യുന്നത് മാത്രമാണ് രാജുവിന്റെ ഭാര്യ ദീപ ചെയ്തത്.മാല ഊരി കയ്യില്‍കൊടുത്ത് സ്വാമിയോട് അവള്‍ സലാം പറഞ്ഞു.ഇവിടെ കഥാകാരന്‍ സ്ത്രീയുടെ സ്വത്വം അറിഞ്ഞോ അറിയാതെയോ വെളിപ്പെടുത്താനോ ഇത്തരം ഒരു സാഹചര്യത്തില്‍ പെണ്മയോടൊപ്പം നില്‍ക്കാനോ ശ്രമിക്കുന്നുണ്ട്.
മനസുകൊണ്ട് അറിയാതെ ഒരു പരീക്ഷണവസ്തുവായി മാറിയ ദീപയുടെ നിലപാട് കഥയുടെ പൂമുഖത്ത് കഥാകൃത്ത്‌ കത്തിച്ചുവെച്ച വിളക്കാണ്.ആ വെളിച്ചം വായനക്കാര്‍ കാണാതെ പോകരുത്.ഒറ്റയ്ക്ക് നില്‍ക്കുന്ന ദീപ നായകനേക്കാള്‍ വളരെ ഉയരത്തിലാണ് എന്ന് കഥ സമര്‍ത്ഥമായി വെളിപ്പെടുത്തുമ്പോള്‍ ഫെമിനിസ്റ്റുകള്‍ വിജയം ആഘോഷിക്കണ്ടതില്ല.ഇത് പുരുഷന് എതിരായ സന്ദേശം അല്ല.ദീപയും രാജുനാരായണസ്വാമിയും തമ്മില്‍ മറ്റ് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസമോ അസ്വാരസ്യങ്ങളോ നിലവില്‍ ഉണ്ടെന്ന് കഥയില്‍ സൂചന ഇല്ല.പേര് പോലെതന്നെ നമ്മുടെ നായകന്‍ ഒരു നല്ല സസ്യഭുക്ക് ആണ്.വികലമായ സാമൂഹ്യപ്രവണതകള്‍ക്ക് എതിരായ ശബ്ദം ആണ്.കഥയില്‍ രാജുനാരായണസ്വാമി നായകനും വില്ലനും ആണെന്ന് നമ്മള്‍ തുടക്കത്തില്‍ പറഞ്ഞു.എന്നാല്‍ കഥ വായിച്ച് നിങ്ങള്‍ ഒരു നിമിഷം ആലോചിക്കൂ.ഈ സ്വാമി മാത്രമാണോ കുറ്റക്കാരന്‍.മനുഷ്യന് ഉപയോഗമുള്ള എന്തിനെയും അത് മനുഷ്യത്ത്വം നശിപ്പിക്കാനുള്ള ആയുധമാക്കി രാകി മിനുക്കുന്നത് നമ്മള്‍ എല്ലാവരും ചേര്‍ന്നാണ്.കഥയില്‍ ഒരിടത്ത് ഒരു കഥാപാത്രത്തിന്‍റെ ആത്മഗതമായി സൂചിപ്പിക്കുന്ന ഒരു വാചകം ഈ കഥയുടെ കലവറ തുറക്കാനുള്ള പ്രധാന പാസ് വേര്‍ഡ്‌ ആണ്.''ഒരാളിൽ തന്നെ നമ്മളറിയാത്ത എത്രയോ ആളുകളാണ്.....''.ശരിയല്ലേ.....ഒരാളില്‍ മാത്രമോ നമ്മളില്‍ത്തന്നെ നമ്മള്‍ അറിയാത്ത എത്രയോ നമ്മള്‍ ഉണ്ട്.ദ്വിമാനവ്യക്തിത്ത്വം എന്നൊക്കെ നമ്മള്‍ പറഞ്ഞുതള്ളുന്ന ഈ അപരഭാവങ്ങള്‍ നമ്മളില്‍ വരുത്തുന്ന മാറ്റങ്ങളും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങളും എത്രയോ ഭീകരമാണ്.നേരെവാ നേരെ പോ എന്നതാണ് ശരിയായ വഴിയെങ്കില്‍ ഈ സ്വാമിക്ക് കാര്യങ്ങള്‍ ദീപയോട് തുറന്നു പറയാമായിരുന്നല്ലോ.അതും ഉണ്ടായില്ല.ഇതൊന്നും അല്ലാത്ത മറ്റൊരു വിഷയം കഥയില്‍ തുടക്കം മുതല്‍ ഒഴുകുന്നുണ്ട്.അത് മദ്യമാണ്.നായകന്‍ തനി സസ്യഭുക്ക് ആണെന്നൊക്കെ ഞാന്‍ കുറച്ചു മുന്നേ പറഞ്ഞു.അതൊക്കെ നായകനെ ഒന്ന് സന്തോഷിപ്പിക്കാന്‍ പറഞ്ഞതാണ്‌.സജീവിന്‍റെ നായകന്മാര്‍ മിക്കവാറും ഒരുവിധം മദ്യപിക്കുന്നവര്‍ ആണ്.ഈ സ്വാമിക്കും ഉണ്ട് ആ ശീലം.വെറും ശീലമല്ല,മദ്യത്തില്‍ മദ്ധ്യഭാഗംവരെയല്ല ഏതാണ്ട് മുഴുവനായി മുങ്ങിക്കിടക്കും മിക്കവാറും സ്വാമി.നായകനെ മദ്യപാനിയാക്കി രസിക്കുകയല്ല കഥാകൃത്ത്‌ ചെയ്യുന്നത്.മദ്യം എങ്ങനെയെല്ലാം മനുഷ്യന്‍റെ ജീവിതത്തില്‍ താളഭംഗങ്ങള്‍ ഉണ്ടാക്കാം എന്ന് വായനക്കാരനെ ബോദ്ധ്യപ്പെടുത്തി അത് തിരുത്താനുള്ള വഴി തേടാനുള്ള പ്രേരണയായി കഥയുടെ അംശം മാറ്റിയെടുക്കാന്‍ സുന്ദരമായി ശ്രമിക്കുന്നുണ്ട്.
ഒരു കഥയെ നന്നായി ഒരുക്കി അലങ്കാരങ്ങളും ആടയാഭരണങ്ങളും അണിയിച്ച് മുന്നില്‍ കൊണ്ടുവന്ന് ഇരുത്തിയാല്‍ വായനക്കാരന്‍ വായിക്കും എന്ന് മിക്കവാറും എല്ലാ കഥാകൃത്തുക്കള്‍ക്കും അറിയാം.എന്നാല്‍ അലങ്കരങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചുവെക്കുന്ന ചില മുത്തുകളും രത്നങ്ങളും ശരിയായ വായനക്കാരന്‍ കണ്ടെത്തും എന്നും നല്ല കഥാകൃത്തുക്കള്‍ക്ക് അറിയാം.കഥയെ ഉപേക്ഷിച്ചാലും മുത്തുകള്‍ വായനക്കാരന്‍ കൊണ്ടുപോകും,ഒപ്പം രത്നങ്ങളും.....കഥയും ആ മുത്തുകള്‍ക്കൊപ്പം പോകും...പെറുക്കിയെടുക്കാന്‍ ആണെങ്കില്‍ നിരവധി മുത്തുകള്‍ സന്ദേശങ്ങളായും മുന്നറിയിപ്പായും താക്കീതായും സജീവ് ഈ കഥയില്‍ വെക്കുന്നുണ്ട്.
സമൂഹത്തിലെ ദുഷിച്ച പ്രവണതകള്‍, കുടുംബബന്ധങ്ങളിലെവിള്ളലുകള്‍, പണത്തിനുവേണ്ടിയുള്ള പരക്കംപാച്ചില്‍,സ്ത്രീയും പുരുഷനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആവശ്യകത,സ്ത്രീ ശാക്തീകരണം,മദ്യത്തിന് എതിരായ സന്ദേശം,ബിസ്സിനസ്സും കുടുംബവും തമ്മിലുള്ള വ്യത്യാസം എല്ലാത്തിനും ഉപരി ഇപ്പോള്‍ നമ്മളെ കൂടുതല്‍ സ്വാധീനിക്കുന്ന സൈബര്‍ ലോകത്തിന്‍റെ ഉപയോഗവും നിയന്ത്രണവും. അങ്ങനെ നിരവധി വിഷയങ്ങള്‍ ഒരു കഥയിലൂടെ അവതരിപ്പിക്കുക എന്നത് തികച്ചും ശ്രമകരമാണ്.ഞാന്‍ ഈ കഥയെ അതുകൊണ്ടാണ് നിങ്ങള്‍ വായിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നത്.കഥയെ വെറും കഥയായി കാണുന്നവര്‍ക്ക് അങ്ങനെയും കുറച്ചു കാര്യമായി കാണുന്നവര്‍ക്ക് അങ്ങനെയും ആസ്വദിക്കാം.
കഥ പറഞ്ഞാലും കാര്യം പറഞ്ഞാലും ഇങ്ങനെ പറയണം എന്ന് ഞാനും നിങ്ങളും കരുതുന്നപോലെ സജീവ് പറഞ്ഞു.......എനിക്ക് പറയാന്‍ ഇനിയുമുണ്ട്.എന്നാല്‍ മുകളിരുന്ന്‍ ഒരാള്‍ എല്ലാം കാണുന്നുണ്ട്....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

5 അഭിപ്രായങ്ങള്‍

  1. നല്ല കഥക്ക് മികച്ച നിരൂപണം.
    എത്ര നന്നായി എഴുതിയിരിക്കുന്നു.
    ഇങ്ങനെയുള്ള അവലോകനങ്ങൾ
    എഴുത്തിലേക്ക് കൂടുതൽ അടുപ്പിക്കും.
    ഒരു നല്ല വായന തന്നതിൽ സന്തോഷം.
    രണ്ടുപേർക്കും ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  2. മികച്ച അവലോകനം .സജീവിന്റെ കഥയും വേറിട്ടു നിൽക്കുന്നു .ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. വിനു... ഗംഭീരം അവലോകനം...❤️
    സജീവന്റെ കഥ ആനുകാലികം..

    മറുപടിഇല്ലാതാക്കൂ