Hot Posts

6/recent/ticker-posts

ജയലക്ഷ്മിയുടെ ഡയറി @ ജയലക്ഷ്മി രമേഷ്.

ജയലക്ഷ്മിയുടെ ഡയറി

പാപ്പച്ചന്‍ കടമക്കുടിയുടെ "അമൂല്യമായ ഭാഷ" എന്ന ലേഖനമാണ് ഞാൻ ആസ്വാദനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്! സംസ്ഥാനങ്ങൾ പലതുള്ള നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഭാഷകൾ വിവിധതരങ്ങളാണ്. നാം കേരള മക്കൾ ആയതു കൊണ്ട് ഇവിടെ നമ്മുടെ മാതൃഭാഷയായ മലയാളത്തെക്കുറിച്ച് പ്രതിപാദിക്കാം .....
കേരളത്തിനു പുറമെ ലക്ഷദ്വീപിലും മലയാളം മുഖ്യ ഭാഷയാണ്. പക്ഷെ മലയാളം ഇന്ന് വളരെ അവഗണിക്കപ്പെടുന്നുണ്ട്. അത് പെറ്റമ്മയെ അവഗണിക്കുന്നതിന് തുല്യമാണ്. ഇന്ന് മലയാളികളിൽ പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് മഹത്തരമെന്ന് ധരിച്ചു വച്ചിരിക്കുന്ന ന്യൂ ജനറേഷൻ മക്കളിൽ പലർക്കും മലയാളം എഴുതാനോ വായിക്കാനോ അറിയില്ല!.....
"അമ്പത്താറക്ഷരമല്ല അമ്പത്തൊന്നക്ഷരവുമല്ലെന്റ് മലയാളം.... മലയാളമെന്ന നാലക്ഷരവുമല്ല ,അമ്മ എന്ന ഒരൊറ്റ അക്ഷരമാണ് എന്റെ മലയാളം " എന്ന് കുഞ്ഞുണ്ണി മാഷ് പാടിയതിൽ നിന്നും മലയാളത്തിന്റെ മഹത്വം മനസിലാകുമല്ലൊ! മലയാളം നമ്മുടെ അമ്മയും, മണ്ണും ആണെന്നുള്ള അറിവ് ഓരോ മലയാളിയും ഉൾക്കൊള്ളണം....... ശ്രീ.പാപ്പച്ചൻ ഇവിടെ ഒരു പാടു കാര്യങ്ങൾ സമർത്ഥിക്കുന്നുണ്ട്. ഏതു സംസാരവും ഇമ്പമുള്ളതും, കേൾക്കുന്നയാൾക്ക് മനസിലാകുന്നതുമായിരിക്കണം. പണിയെടുക്കുന്നവരുടെ ഭാഷ പലതായതു കൊണ്ട് ബാബിലോൺ ഗോപുര നിർമ്മാണം നിർത്തി വക്കേണ്ടതായ കാര്യം അദ്ദേഹം പറയുന്നു. ശരിയാണ് ആശയ വിനിമയം ശരിയായില്ലെങ്കിൽ ഒരു കാര്യവും പൂർണതയിലെത്തിക്കുവാൻ കഴിയില്ല. ഏതു സംസാരവും ഹൃദ്യമാകണമെങ്കിൽ അതിൽ സൗമ്യതയും, സ്നേഹവും, വിനയവും ചേർത്ത് വിളമ്പണം എന്നു പറയുന്നുണ്ട്. അതേ അർത്ഥത്തിൽ ശ്രോതാവിനും മനസിലാക്കണം." അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി " എന്നു പോലെ ആകരരുത് കാര്യങ്ങൾ....കുഞ്ചൻ നമ്പ്യാരുടെ ഒരു ഫലിതം എല്ലാവരും കേട്ടിരിക്കുമല്ലോ. അദ്ദേഹം ശ്രീപത്മനാഭ ക്ഷേത്രത്തിൽ തൊഴാൻ ചെന്നപ്പോൾ ശാന്തിക്കാരൻ നമ്പി കുഞ്ചൻ നമ്പ്യാരോട് ചോദിച്ചുവത്രെ താൻ ആരെന്ന്? അതിനു മറുപടിയായി നമ്പിയാർ എന്ന ഉത്തരം ചോദ്യരൂപത്തിൽ പറഞ്ഞു. അത് ശാന്തിക്കാരന് ഇഷ്ടമായില്ല. നമ്പ്യാർ തന്നെ പരിഹസിച്ചുവെന്നു പറഞ്ഞ് നമ്പി രാജാവിനോട് പരാതി പറഞ്ഞ കഥയൊക്കെ ഏവർക്കും അറിയാമല്ലൊ!. "മിതം ച സാരം ച വ ചോഹി വാഗ്മിതാ " എന്നാണല്ലൊ! ആശയം വ്യക്തവും ലളിതവും ആയിരിക്കണം. പറയുന്നത് അതേ അർത്ഥത്തിൽ കേൾക്കുന്നവന് മനസിലാകണം. അല്ലെങ്കിൽ നിർദ്ദേവത്വം ചോദിച്ചത് നിദ്രാവത്വം എന്നായിപ്പോയ കുംഭകർണ്ണനെപ്പോലെ പരിതപിക്കേണ്ടി വരുമെന്ന് ലേഖകൻ സമർത്ഥിക്കുന്നു ......
അലിഖിത ഭാഷയെക്കുറിച്ച് ലേഖകൻ ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട് .ശ്രീകൃഷ്ണൻ സ്പർശിച്ചപ്പോൾ അഷ്ടവക്രന്റ് ഒടിവുകൾ നിവർന്നു സുന്ദരനായി. ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ടപ്പോൾ രക്തസ്രാവക്കാരി സുഖം പ്രാപിക്കുന്നതും, ചണ്ഡാല യുവതിയോട് ബുദ്ധഭിക്ഷു ദാഹജലം ചോദിച്ചതുമെല്ലാം ആ സ്നേഹ ഭാഷയിലാണ്.അത് കരുണയുടേയും, ദയയുടേയും, വാത്സല്യത്തിന്റേയും ഭാഷയാണ്. ലോകത്തിലെ മറ്റേതു ഭാഷയേക്കാളും അമൂല്യമാണ് .....
വളരെ ലളിതമായ ശൈലിയിൽ ,സുന്ദരമായ ഭാഷയിലൂടെ കുറേ കാര്യങ്ങൾ ലേഖകൻ നമ്മെ സരസമായി മനസിലാക്കിത്തരുന്നു. ഏവരും വായിക്കേണ്ടതായ ഒരു രചനയാണിത്. വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നും ഈ രചന അവർക്ക് വളരെ ഇഷ്ടമായിയെന്ന് ഞാൻ മനസിലാക്കുന്നു ..... ഇത്തരം ഒരു രചന നൽകിയതിൽ പാപ്പച്ചൻ കടമക്കുടിക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ.... ആശംസകൾ!
നീലാംബരീയം
നീലാംബരീയം ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

6 അഭിപ്രായങ്ങള്‍