Hot Posts

6/recent/ticker-posts

വാരാന്ത്യപ്പതിപ്പ്.

 വാരാന്ത്യപ്പതിപ്പിലേക്കു സ്വാഗതം 🌺
ശുഭദിനം 🌺
കൗമാരവഴികളിലൂടെ.
----------------------------------
"കൗമാരം ആയാസത്തിന്റെയും മനക്‌ളേശത്തിന്റെയും കാലഘട്ടമാണ് ഒപ്പം കലമ്പലിന്റെയും കൊടുങ്കാറ്റിന്റെയും" പ്രശസ്ത മനഃശാസ്ത്രജ്ഞൻ സ്റ്റാൻലി ഹാൽ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ഏതെന്നു ചോദിച്ചാൽ കൗമാരം എന്ന്‌ തന്നെ പറയാനാകും. ഏവരും ഇഷ്ടപ്പെടുന്ന സ്വപ്നങ്ങൾ വിരിയിച്ച കാലം. ജീവിതം അത്രമേൽ സൗന്ദര്യാത്മകം എന്ന്‌ തോന്നിപ്പിച്ച കാലം. എന്നാൽ ഈ കാലഘട്ടം വളരെ ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നുകൂടിയാണ്. അതുകൊണ്ടുതന്നെയാണ് ജീവിതത്തിലെ മറ്റൊരു വളർച്ചാഘട്ടത്തിനും ഇല്ലാത്ത പ്രാധാന്യം കൗമാരത്തിന് കൊടുക്കേണ്ടി വരുന്നത്.ചിന്തയിലും പ്രവർത്തിയിലും മനസ്സിൽ ഉണ്ടായേക്കാവുന്ന ചില ദുർഘടമായ വഴികൾ കുഴപ്പത്തിലേക്കു എത്തിക്കാൻ സാധ്യത വളരെ ഏറെയാണ്. ശരിയായ വഴിയല്ല സഞ്ചാരമെങ്കിൽ അത് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ സ്ഫോടനാത്മകമായ സ്ഥിതിയിലേക്ക് കൗമാരക്കാരെകൊണ്ട് എത്തിക്കുകയും ചെയ്യും.
ഒരു കുട്ടി അത് ആൺകുട്ടിയോ പെൺകുട്ടിയോ ആയിക്കൊള്ളട്ടെ അവർ ബാല്യത്തിൽ നിന്നും കൗമാരത്തിലെത്തുമ്പോഴുള്ള മാറ്റം എന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സാധരണ ആയി പെൺകുട്ടികൾ ഋതുമതി ആകുമ്പോഴാണ് കൗമാരത്തിലേക്ക് കടക്കുന്നത്. ആൺകുട്ടികളിൽ ബീജോല്പാദനം ആരംഭിക്കുമ്പോഴാണ്. മുൻപൊക്കെ പെൺകുട്ടികൾ പതിമൂന്നു വയസിനു ശേഷമായിരുന്നെങ്കിൽ ഇപ്പോൾ പുതിയ ഭക്ഷണ ശീലത്തിന്റെ ഭാഗമായി അത് എട്ടോ ഒമ്പതോ വയസ്സിലേക്കു മാറിയിട്ടുണ്ട്. ശാരീരികമായ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നതു ഈ ഘട്ടത്തിൽ ആണ്. പ്രത്യേകിച്ച് കൗമാരത്തിന്റെ ആദ്യ ഘട്ടത്തിൽ. ഈ സമയം അവർ പൂർണ്ണവളർച്ചയെത്തിയ ഒരു മനുഷ്യനായി മാറുന്നു. കുട്ടികളിൽ മാംസ പേശികളും അസ്ഥികളും പൂർണ്ണ വളർച്ച പ്രാപിക്കുന്നു. ഉയരം വെക്കുകയും പെൺകുട്ടികൾ കൂടുതൽ ഭംഗിയുള്ളവളാകുകയും ആൺകുട്ടികൾക്ക് ശബ്ദ മാറ്റം സംഭവിക്കുകയും ചെയ്യുന്നു.
ശാരീരിക പരിവർത്തനത്തനം മാത്രമല്ല മാനസീക പരിവർത്തനത്തിലേക്കും ഈസമയം കുട്ടികൾ എത്തുന്നു". ഞാൻ " എന്ന ബോധം ഉള്ളിൽ ബലപ്പെടുന്നു. ആൺകുട്ടികളും പെൺകുട്ടികളും ദിവാസ്വപ്നം കാണുക എന്നഒരു സവിശേഷസ്വഭാവം ഈ ഘട്ടത്തിലാണ്. താരങ്ങളോടുള്ള അമിതാരാധന തോന്നുക അവരെ കെട്ടിലും മട്ടിലുമൊക്കെ അനുകരിക്കാൻ ഒരു താല്പര്യമുണ്ടാവുകയും ചെയ്യുന്നു. കൂടുതൽ സമയം കൂട്ടുകാരോടൊത്തു ചിലവഴിക്കാൻ ആൺകുട്ടികൾ ഇഷ്ടപെടുമ്പോൾ.പെൺകുട്ടികൾ ഭംഗിയായി നടക്കാൻ ഇഷ്ട്ടപെടുന്നു. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും സൗന്ദര്യപരിപാലനത്തിനും ഏറെ സമയം ചിലവഴിക്കുന്നു. ശരീരത്തിന്റെ വളർച്ചയെ കുറിച്ച് ഇരുകൂട്ടരും അനാവശ്യമായ ആകുലതകളും വെച്ചുപുലർത്തുന്നു. മുഖക്കുരു വന്നാൽ മുടി കൊഴിഞ്ഞാൽ ഒക്കെ അവരെ വിഷമത്തിലാകും.
കൗമാരക്കാരുടെ സ്വഭാവത്തിൽ ഒരിക്കലും ഒരുസ്ഥായി ഭാവം ഉണ്ടാകില്ല. അത് അവരിൽ ആന്തരികമായും ബാഹ്യമായും ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാണ്. എതിർ ലിംഗത്തിൽ പെട്ടവരുടെ സ്നേഹത്തിനു വേണ്ടിയുള്ള ഉത്ഖടമായ ആഗ്രഹം ഈപ്രായത്തിന്റെ പ്രത്യേകതയാണ്. കൂട്ടുമാർക്കു വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകും. എന്നലോ വീട്ടുകാർ എന്ത് പറഞ്ഞാലും അതിലൊക്കെ കുറ്റം കണ്ടെത്തുകയും ചെയ്യും. ചിലപ്പോഴൊക്കെ രക്ഷിതാക്കൾ പറയും ചെറിയ കുട്ടിയല്ല മുതിർന്നു ഇനി കുട്ടിക്കളി പാടില്ലന്ന്. എന്നാൽ അവർ സീരിയസ് ആയി എന്തെങ്കിലും പറഞ്ഞാൽ. നീ ചെറിയ കുട്ടിയാണ് അഭിപ്രായം പറയാൻ ആയില്ലെന്നു പറയുകയും ചെയ്യും. ഈ അവസ്ഥ കുട്ടികളിൽ തങ്ങൾക്കു അംഗീകാരം കിട്ടുന്നില്ല എന്ന തോന്നൽ ഉണ്ടാകുകയും മാനസികമായ പ്രതിസന്ധിയിലാക്കുകയും ചെയ്യും. കുട്ടികൾ അവർ പറയുന്ന കാര്യങ്ങളിൽ അംഗീകരിക്കാനാകുന്ന വിഷയങ്ങൾ ഉണ്ടെങ്കിൽ അവരെ അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറാകണം. അവരെ വിശ്വാസമുണ്ട് എന്ന്‌ കുട്ടികളെ തോന്നിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
വീടുകളിൽ
നിന്നും കിട്ടുമ്പോലെ സമൂഹത്തിൽ നിന്നും അംഗീകാരം ആഗ്രഹിക്കും. പൊതു സമൂഹത്തിൽ അംഗീകാരത്തിന് വേണ്ടി എന്തുംചെയ്യാൻ തയാറാകും ചിലപ്പോൾ അത് നല്ലകാര്യങ്ങൾക്കു വേണ്ടി മാത്രമാകില്ല എന്നതാണ് നമ്മൾ ശ്രദ്ധയോടെ കാണേണ്ട കാര്യം. ഗ്രൂപ്പായി നടക്കാൻ ഇഷ്ടപ്പെടുന്നത് കൊണ്ടുതന്നെ അതിൽ പ്രധാനിയായി മാറാനും ആഗ്രഹിക്കും. ആൺകുട്ടികൾ ഈ സമയം അപകടങ്ങളിൽ ചെന്ന് ചാടാൻ സാധ്യത ഏറെ ആണ്.
ലൈംഗീകമായി സംശയങ്ങൾ തുടങുന്ന സമയമാണ്. ആ കാര്യത്തെ പറ്റി ശരിയായ സംശയനിവാരണം നടത്താൻ ഇപ്പോഴും കുട്ടികൾക്ക് ഇടമില്ല. ലൈംഗീക വിദ്യാഭ്യാസം എന്നത് എന്തോ പാടില്ലാത്ത കാര്യമാണ് എന്നപോലെ ആണ് ഒരു കൂട്ടർ വിശ്വസിക്കുന്നത്. അപ്പോൾ കൂട്ടുകാരിൽ നിന്നോ ഇന്റ്ർ നെറ്റിൽ നിന്നോ തെറ്റായ വിവരങ്ങൾ ശരിയെന്നു ധരിച് അതാണ്‌ യാഥാർഥ്യം എന്ന്‌ മനസ്സിലാക്കും. അത് പിന്നീട് ജീവിതത്തിലെ നിർണ്ണായകമായ ഘട്ടത്തിൽ ദോഷകരമായി ബാധിക്കാനും സാധ്യത കൂടുതലാണ്. അവർ ചോദിക്കുന്ന സംശയങ്ങൾ മാതാപിതാക്കൾക്കോ അധ്യാപകർക്കോ നിവാരണം ചെയ്യാൻ സാധ്യമായാൽ അതാകും ഏറ്റവും ഉചിതം.
കൗമാരക്കാരോട് നമ്മുക്ക് ചില ബാധ്യതയുണ്ട്. അതിൽ പ്രാധാനം കൗമാര ഘട്ടത്തിലെ പ്രത്യേകത മനസ്സിലാക്കി രക്ഷിതാക്കളും അധ്യാപകരും മുതിർന്നവരും പെരുമാറുക എന്നതാണ്. നമ്മുടെ കൗമാരക്കാരായ കുട്ടികളോട് ഒരു സുഹൃത്തിനോടെന്നപോലെ പെരുമാറാനാകണം. എന്തും തുറന്നുപറയാനും ചർച്ചചെയ്യാനും ഓരോ വീട്ടിലും കുട്ടികൾക്ക് അവസരം ലഭിക്കട്ടെ. അവരുടെ ചോദ്യങ്ങൾക്കു വ്യക്തമായ സംശയ നിവാരണം വീട്ടിൽ നിന്നുണ്ടാകട്ടെ. അമിതമായ നിയന്ത്രണങ്ങളും സ്വാതന്ത്ര്യവും വേണ്ട. അവർക്ക് കൂട്ടുകാരോടൊത്തു പുറത്തുപോകാൻ അനുവദിക്കുകയും എവിടെക്ക്‌ എന്ന വ്യക്തമായ ധാരണ ഉണ്ടാകുകയും ചെയ്യട്ടേ. മുറിയടച്ചു ഇരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും പുറത്തുപോയി കളിക്കാൻ അവസരം നൽകുകയും ചെയ്യുക. മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള കൗമാരക്കാരുടേതാകട്ടെ നമ്മുടെ വീടുകൾ.
ശുഭാശംസകളോടെ....
റസിയ സലിം
റിയാദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍