Hot Posts

6/recent/ticker-posts

വാരാന്ത്യപ്പതിപ്പ്

വാരാന്ത്യപ്പതിപ്പിലേക്കു സ്വാഗതം 🌺 🌺
ഓഹ്.. എന്തൊരു ചൂട്... നാട്ടിലേക്ക്‌ ഒന്ന് വിളിച്ചാൽ ഇതേ കേൾക്കാനുള്ളൂ. നാട്ടിലുള്ളവർ പരസ്പരം ഇതു പറയാതെ ഒരു ദിനം കടന്നു പോകാറില്ലന്ന് തോന്നുന്നു.. അത്രയും അസഹനീയമായ അവസ്ഥയാണ് . മനുഷ്യൻ മാത്രമല്ല പക്ഷി മൃഗാദികളും ഈ ദുരിതത്തിൽ തന്നെയാണ്.
ഒരു പ്രളയം കഴിഞ്ഞിട്ട് അധികനാൾ ആയില്ല അതിന് ശേഷം അതിശകതമായ വരൾച്ചയിലൂടെ ആണ് നീങ്ങികൊണ്ടിരിക്കുന്നത് . ഇതിന്റെ കാരണം എന്തെന്നു പരിശോധിച്ചാൽ വിരലുകൾ നമ്മുടെ നേരെ തന്നെയായാലും ചൂണ്ടപ്പെടുക.സൂര്യന്റെ ചൂട് അന്നും ഇന്നും ഒരു പോലെ അല്ലേ. ആഗോളതാപനത്തിന്റെ ദൂഷ്യങ്ങൾ ഉണ്ടെന്നത് ശരി തന്നെ എന്നിരുന്നാലും എന്തുകൊണ്ടാണ് നമ്മുക്ക് ഈ ചൂട് ഇപ്പോൾ ഇത്രത്തോളം അസഹ്യമാകുന്നത്. പണ്ട് നമ്മുടെ നാട്ടിൽ ഒരുപാട് മരങ്ങളും കുളങ്ങളും ചിറകളും തോടുകളും ഒക്കെ ഉണ്ടായിരുന്നു. ഓരോ വീട്ടിലും രണ്ടുകുളങ്ങൾ ഉണ്ടായിരുന്നു. കുടിക്കാനും കുളിക്കാനും ഒക്കെയായി. അപ്പോൾ അതിൽ നിന്നും ബാഷ്പീകരണം സംഭവിക്കുമ്പോൾ ചുറ്റുമുള്ള വായുവിനെ തണുപ്പിച്ചിരുന്നു. ആ തണുത്ത വായുവിനെ കാറ്റ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു അങ്ങനെ പ്രകൃതിയും തണുത്തിരുന്നു. വസ്തുക്കൾക്ക് വില കൂടിയപ്പോൾ കുളം വിലപ്പെട്ട സ്ഥലം അപഹരിക്കുന്നു എന്ന തോന്നലിൽ നമ്മൾ കുളങ്ങൾ നികത്തി തുടങ്ങി. പിന്നീട് ജനസംഖ്യക്കനുസൃതമായി താമസിക്കാൻ ഇടം വേണ്ടി വന്നപ്പോൾ ആ കാരണം പറഞ്ഞും കുളങ്ങൾ നികത്തി .
നമുക്കും കുളങ്ങളെ പറ്റി എത്ര ഓർമകൾ ആണ്. തോർത്തുമുണ്ടിൽ മീൻകോരി കളിച്ചതും. പിന്നേ കുപ്പിയിൽ നിറച്ചതും. വർഷത്തിൽ വെള്ളം തേവി മീൻ പിടിക്കുന്നതും .അതിന് ശേഷം ബാക്കിയുള്ള വെള്ളത്തിൽ ഓലകൾ കെട്ടി കുതിരാൻ ഇട്ടതും. പിന്നേ കുളം വെട്ടി വൃത്തിയാക്കുമ്പോൾ നിറം മാറിയ വെള്ളം തെളിയുന്നുണ്ടോ എന്ന്‌ പോയിനോക്കുന്നതും. കുളങ്ങളിലേക്കു ചാഞ്ഞു നിന്നിരുന്ന കാശുമാവിൽ വലിഞ്ഞുകയറി കുളത്തിലേക്ക് എടുത്തുചാടി മുങ്ങാങ്കുഴി ഇട്ട് നീന്തിയയതും. അക്കരെ ഇക്കരെ നീന്തി മത്സരിച്ചതും എത്ര സമയം വെള്ളത്തിൽ മുങ്ങി ഇരിക്കാൻ കഴിയുമെന്ന് എണ്ണി മത്സരിച്ച കുളങ്ങൾ.
മരങ്ങളുടെ കാര്യം പറഞ്ഞാൽ ആദ്യം മുറ്റത്ത്‌ വീഴുന്ന ഇലകൾ തൂത്ത് വൃത്തിയാകാൻ ബുദ്ധിമുട്ട് എന്നാ പേര് പറഞ്ഞാണ് വെട്ടി മാറ്റി തുടങ്ങിയത്. പിന്നീട് നമ്മുടെ വീടുകളുടെ സങ്കൽപ്പം മാറി.. പരിഷ്കരിക്കപ്പെട്ട വീടുകൾക്ക് അനുയോജ്യമായ മുറ്റം ഒരുക്കാൻ വേണ്ടി മരങ്ങൾ വെട്ടി അവിടെ പേവിങ് ടൈലുകൾ സ്ഥാനം പിടിച്ചു. പകൽ സമയം ആഗീരണം ചെയ്യുന്ന ചൂടിനെ വൈകുന്നേരങ്ങളിൽ ടൈലുകൾ പുറത്തേക്ക് വിട്ടു തുടങ്ങിയപ്പോൾ ഉച്ചക്കെന്ന പോലെ രാത്രിയിലും നമ്മൾ ചുട്ടുപഴുത്തു. ആദ്യകാലങ്ങളിൽ ഈ ദുരവസ്ഥ ഉണ്ടാക്കും എന്നത് നമ്മുക്ക് അജ്ഞാതമായിരുന്നു. ചില സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയിതത്തിനു ശേഷം ടൈൽ പാകുമ്പോൾ മഴവെള്ളം പോലും താഴാതെയാകുന്നു. അത് നമ്മുടെ കിണറുകളിൽ വെള്ളം കുറയുന്നതിന് കാരമാകുകയും ചെയിതു.
കോൺക്രീറ്റ് കാടുകളിൽ വർദ്ധിച്ചത് വായു സഞ്ചാരത്തെ പോലും ദോഷമായി ബാധിച്ചതും ചൂട് വർധിപ്പിച്ചു. അധികരിച്ചു വരുന്ന വാഹനങ്ങൾ മറ്റൊരു കാരണം. ഒരു വീട്ടിൽ രണ്ടുവാഹങ്ങൾ ഇല്ലാത്ത വീടുണ്ടോ എന്ന്‌ സംശയമാണ്. ബാങ്കുകളിൽ ലോണുകൾ നൽകുന്നത്.എളുപ്പത്തിലാക്കിയപ്പോൾ വാഹങ്ങൾ അധികരിച്ചു ഇന്ധനം കത്തുമ്പോൾ പുറപ്പെടുവിക്കുന്ന ചൂട് അന്തരീക്ഷ ഊഷ്മാവ്‌ ഉയരാൻ കാരണവുമായി.
ഈ അവസ്ഥയിൽ നിന്നും വേഗം ഒരു തിരിച്ചു പോക്കോ മാറ്റമോ ഉടെനെ ഒന്നും പ്രാബല്യത്തിൽ വരുത്താൻ ആകില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യത്തെ സംബന്ധിച്ചുകൂടി ചില കാര്യങ്ങൾ പറഞ്ഞു പോകാം. ദീർഘനേരം അതി കഠിനമായ വെയിലിൽ നിൽക്കുമ്പോഴും ജോലിചെയ്യുമ്പോഴും മനുഷ്യന്റെ ശരീരത്തിന് താപനില നിയന്ത്രിക്കാൻ കഴിയാതെ വരുന്നതാണ് നിർജലീകരണം അഥവാ സൂര്യാഘാതം എന്ന്‌ പറയുന്നത്. കൂടുതലും കുഞ്ഞുങ്ങളെയും പ്രായമായവരെയും ആണത് ബാധിക്കുന്നത്. തലവേദന. തലകറക്കം ക്ഷീണം. ശരീരത്തിൽ പൊള്ളിയപോലെ കുമിളകൾ കാണപ്പെടുക ചുവന്ന പാടുകൾ ഉണ്ടാകുക ജന്നി പോലെ വരുക ഇവയൊക്കെ ആണ് ലക്ഷണങ്ങൾ. വൃക്കകളുടെ പ്രവർത്തനത്തെപോലും ബാധിക്കാൻ ഇടയുണ്ട്. രാവിലെ 11മണിക്കുശേഷം മൂന്ന് മണിവരെയുള്ള സമയത്ത്‌ വെയിൽ കൊള്ളൂന്നത് ഒഴിവാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. തുടർച്ചയായ വെയിൽ കൊള്ളേണ്ട ജോലി ചെയ്യുമ്പോൾ അങ്ങനെ ഉള്ള സമയങ്ങളിൽ ഇടവേളകൾ എടുക്കുന്നത് നന്നായിരിക്കും. ദാഹമില്ലെങ്കിക്കും ഇടക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. വീടിനകത്തുള്ള ചൂട് വായു പുറത്ത് പോകാൻ ജനലുകൾ തുറന്നിടുക. അയഞ്ഞ കൊട്ടാൻ വസ്ത്രങ്ങൾ മാത്രം ധരിക്കുന്നതും നന്നായിരിക്കും. അധവാ സൂര്യതാപം സംഭവിച്ചാൽ. ഫാനോ ഏസി യോ ഉപയോഗിച്ചു ശരീരം തണുപ്പിച്ചതിനു ശേഷം വൈദ്യസഹായം തേടേണ്ടതാണ്.
മറ്റൊരു പ്രധാന കാര്യം ശുദ്ധ ജലത്തിന്റെ ദൗർഭല്യമാണ്. വഴിയോര കച്ചവടക്കാരുടെ കയ്യിൽ നിന്നും ശീതള പാനീയങ്ങൾ വാങ്ങുമ്പോൾ വെള്ളം ശുദ്ധമാണെന്നു ഉറപ്പുവരുത്തുക. പ്ലാസ്റ്റിക് കുപ്പികളിൽ കിട്ടുന്ന വെള്ളം വെയിലത്ത്‌ ഇരുന്ന് ചൂടായതാണോ എന്ന്‌ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും. ഹോട്ടലികളിലെ ഭക്ഷണം നമ്മുക്ക് ഇപ്പോൾ ഒഴിച്ചു കൂടാൻ കഴിയില്ല. പക്ഷെ ഈ ചൂട് സമയത് ആഹാരസാധനങ്ങൾ വേഗം കേടുവരാൻ സാധ്യത ഉണ്ട്. പാകപ്പെടുത്തി വെച്ചൊരിക്കുന്ന ഹോട്ടൽ ഭക്ഷണം ചൂടുകാലത്ത്‌ ഒഴിവാകുന്നതാകും നല്ലത്. വീടുകളിലെ ഭക്ഷണവും കേടാകാതെ സൂക്ഷിക്കുന്നതിൽ ശ്രദ്ധവേണം.
മനുഷ്യരെ പോലെ തന്നെ മൃഗങ്ങളെയും ശ്രദ്ധിക്കേണ്ടതുണ്ട്. ചൂടുസമയത് അതിനെ മേയാൻ വിടുന്നത് ഒഴിവാക്കുക. കാലി കൾക്ക് കുടിക്കാനുള്ള വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക. വീടിന്റെ പരിസരങ്ങളിൽ ഒരു മൺപാത്രത്തിൽ മുറ്റത്തോ മരത്തണലുകളിലോ കുറച്ച് വെള്ളം എടുത്ത് വെച്ചാൽ ആ തണുത്ത ജലം കിളികൾക്കും ദാഹമകറ്റാൻ നമ്മെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു സൽപ്രവൃത്തിയാകും. ഈ കാര്യങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിച്ചാൽ അവരിൽ സഹജീവി സ്നേഹവും കരുണയും ഉണ്ടാകാനും കാരണമാകും.
ശുഭാശംസകളോടെ...
റസിയ സലിം
റിയാദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍