ജലജ പത്മന്‍ കഥ.
ആസ്വാദനം-എം.എസ്.വിനോദ്
എന്താണ് ചെറുകഥ എന്ന് നമുക്ക് അത്ര പെട്ടന്ന് ഒറ്റവാക്കിലോ വാചകത്തിലോ പറയാനാവുമോ....?. എനിക്ക് ചുറ്റും എന്ത് നടക്കുന്നു എന്നറിയാൻ എനിക്കുള്ള താല്പര്യം എന്നെ കഥയുടെ കേൾവിക്കാരനാക്കി.ഇതേ താല്പര്യം തന്നെയാണ് ജലജ പത്മനെ കഥാകാരിയാക്കിയതും.അങ്ങനെ പറഞ്ഞു കൊണ്ടു തന്നെ കഥ വരുന്ന വഴികൾ എന്ന ഈ പരമ്പരയുടെ ഈ ലക്കം നമുക്ക് ആരംഭിക്കാം.മുകളിൽ പറഞ്ഞതിൽ തർക്കം ഉള്ളവർ ഉണ്ടാകും.ജലജ പത്മന്റെ തലക്കെട്ടില്ലാത്ത കഥ വായിക്കുന്നവർ തർക്കിക്കാൻ നിൽക്കില്ല എന്ന തോന്നലാണ് കഥക്ക് അങ്ങനെയും ഒരു നിർവ്വചനം ഉണ്ടെന്ന് ഓർമ്മപ്പെടുത്തിയത്.
വായനക്കാരന്റെ മനസിൽ ശക്തമായ ഒരു അനുഭൂതി ഉണർത്താൻ കഴിവുള്ള കരുത്തും എന്നാൽ ഔചിത്യവും നിറഞ്ഞ ജീവിതത്തിന്റെ ഒരു അംശമാണ് ചെറുകഥ.ചെറുകഥയ്ക്ക് ഒത്തിരി കഥ പറച്ചിൽ ആവിശ്യമില്ല.നന്നായി ഒതുക്കി എന്നാൽ വൃത്തിയായി ഒരുക്കി കഥയെ ഇറക്കിവിട്ടാൽ വായനക്കാരൻ കഥയുമായി ഉടൻ സ്ഥലം വിടും.അത്രയ്ക്ക് ഇഷ്ടമുള്ള ഒരു സാഹിത്യവിഭാഗം ചെറുകഥയല്ലാതെ മറ്റൊന്നില്ല.
കഥ വരുന്ന വഴികൾ എന്ന ഈ പംക്തി നിരവധി മഹാരഥന്മാർ നീലാംബരിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.കഥകളുടെ ആസ്വാദനം പൂർണ്ണമായി വായനക്കാരിലെത്തിക്കാൻ നീലാംബരി ആരംഭിച്ച ഈ പരമ്പര കുറേക്കാലം നിശബ്ദമായിക്കിടന്നു.നല്ല കഥകൾ ഉണ്ടാകാതിരുന്നതല്ല അതിന്റെ കാരണം.ഒരു പക്ഷേ നല്ല വായനയും കൂടി ഉണ്ടാകണമല്ലോ കഥയുടെ വഴി ഒരുക്കാൻ.
ജലജ പത്മന്റെ കഥക്ക് ഒരു തലക്കെട്ടില്ല.തലക്കെട്ടില്ല എന്നതുകൊണ്ട് കഥക്ക് പ്രൗഢി കുറയുന്നില്ല.എന്നാലും പൂരപ്പറമ്പിലെ കൊമ്പന് നെറ്റിപ്പട്ടം വേണം എന്ന അഭിപ്രായക്കാരനാണ് ഞാനും.സൗകര്യത്തിനായി നമുക്ക് ഈ കഥയ്ക്ക് നീരുവിന്റെ കഥയെന്നോ മറ്റോ തൽക്കാലം പേരിട്ട് വിളിക്കാം.സത്യത്തിൽ ഇത് നീരു എന്ന പെൺകുട്ടിയുടെ കഥയാണല്ലോ.
നീരു എന്ന കാട്ടുവാസിയായ അല്ലെങ്കിൽ ആദിവാസിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ജലജാപത്മൻ പറഞ്ഞത്.നീരു പഠിക്കാൻ അത്ര മിടുക്കി അല്ലെങ്കിലും പഠനത്തിനപ്പുറം പല കഴിവുകളും ഉള്ള ഒരു പെൺകുട്ടിയാണ്.സ്റ്റാർട്ടിങ്ങ് വിസിൽ കേട്ടാൽ പിന്നെ ഫിനിഷിംഗ് പോയന്റിൽ നോക്കിയാൽ മതി അവളെ.അത്ര കരുത്താണ് അവളുടെ കാലുകൾക്ക്.നീരു എന്ന അതിവേഗ ഓട്ടക്കാരിയായ പത്താം ക്ലാസുകാരിയെ ഒന്നോ രണ്ടോ പരാമർശങ്ങളിലൂടെയും ചെറിയ വിവരണത്തിലൂടെയും ജലജ പത്മൻ ആദ്യം തന്നെ വായനക്കാരുടെ മനസിൽ പ്രതിഷ്ഠിക്കുന്നു. സ്പോർട്ട്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പലരുടേയും ജീവിതകഥ നമ്മുടെ മനസിലുള്ളതുകൊണ്ട് നീരു എന്ന പെൺകുട്ടിയെ നമ്മൾ നമ്മുടെ ഹൃദയത്തോട് ചാരി നിർത്തും.വെറും ഞണ്ടും താളും മാത്രം കഴിച്ച് ഉണ്ടാക്കിയെടുത്തതാണല്ലോ അവൾ ആ കരുത്ത്.അതാണ് ഇന്ത്യയുടെ യഥാർത്ഥ കരുത്ത് എന്ന് നമുക്കറിയാം.
''എന്തായാലും അടുത്ത സ്പ്രിന്റ് റാണി ഇവൾ തന്നെ .....'' എന്ന് മറിയ ടീച്ചർ പ്രവച്ചിക്കുമ്പോൾ ഏഷ്യാഡിലോ ഒളിമ്പിക്സിലോ ഒക്കെ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ച് വിയർപ്പിൽ മുങ്ങി സ്വർണ്ണമണിഞ്ഞ് നിന്ന് കിതച്ചു കൊണ്ട് ലോകത്തെ നോക്കി കൈവീശി ആഹ്ളാദം പ്രകടിപ്പിക്കുന്ന നീരുവിന്റെ ചിത്രം എന്റെയും മനസിൽ തെളിഞ്ഞു.അത്രയൊക്കെ അത്യാഗ്രഹം വേണോ എന്ന് കഥാകാരി തന്നെ എന്നോട് സൂചിപ്പിക്കുന്നതുപോലെ തോന്നി.വേണ്ട,പത്താം ക്ലാസ് ജയിച്ചു കിട്ടിയാൽ ഏഷ്യാഡും മെഡലും ഒന്നും ഇല്ലെങ്കിലും മാന്യമായ ഒരു സർക്കാർ ജോലി തരപ്പെടുത്താനും അതിലൂടെ അവളുടെയും കുടുംബത്തിന്റെയും അവൾ പ്രതിനിധാനം ചെയ്യുന്ന ആദിവാസിസമൂഹത്തിന്റെയും ഉന്നതി ഉറപ്പാക്കാനും ആവശ്യമായ സംവിധാനമൊക്കെ നമ്മുടെ ഭരണഘടനയിൽ നല്ല 'മുട്ടൻ' അക്ഷരത്തിൽ പ്രത്യേകം എഴുതി വെച്ചിട്ടുണ്ട് എന്ന് ആശ്വസിക്കുകയാണ് കഥാകാരി.ന്യായമായ ആശ്വാസം ...
''എന്തായാലും അടുത്ത സ്പ്രിന്റ് റാണി ഇവൾ തന്നെ .....'' എന്ന് മറിയ ടീച്ചർ പ്രവച്ചിക്കുമ്പോൾ ഏഷ്യാഡിലോ ഒളിമ്പിക്സിലോ ഒക്കെ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ച് വിയർപ്പിൽ മുങ്ങി സ്വർണ്ണമണിഞ്ഞ് നിന്ന് കിതച്ചു കൊണ്ട് ലോകത്തെ നോക്കി കൈവീശി ആഹ്ളാദം പ്രകടിപ്പിക്കുന്ന നീരുവിന്റെ ചിത്രം എന്റെയും മനസിൽ തെളിഞ്ഞു.അത്രയൊക്കെ അത്യാഗ്രഹം വേണോ എന്ന് കഥാകാരി തന്നെ എന്നോട് സൂചിപ്പിക്കുന്നതുപോലെ തോന്നി.വേണ്ട,പത്താം ക്ലാസ് ജയിച്ചു കിട്ടിയാൽ ഏഷ്യാഡും മെഡലും ഒന്നും ഇല്ലെങ്കിലും മാന്യമായ ഒരു സർക്കാർ ജോലി തരപ്പെടുത്താനും അതിലൂടെ അവളുടെയും കുടുംബത്തിന്റെയും അവൾ പ്രതിനിധാനം ചെയ്യുന്ന ആദിവാസിസമൂഹത്തിന്റെയും ഉന്നതി ഉറപ്പാക്കാനും ആവശ്യമായ സംവിധാനമൊക്കെ നമ്മുടെ ഭരണഘടനയിൽ നല്ല 'മുട്ടൻ' അക്ഷരത്തിൽ പ്രത്യേകം എഴുതി വെച്ചിട്ടുണ്ട് എന്ന് ആശ്വസിക്കുകയാണ് കഥാകാരി.ന്യായമായ ആശ്വാസം ...
പത്താം ക്ലാസ് കഴിഞ്ഞ് ഒരു ചെറിയ ഇടവേളയും കഴിഞ്ഞാണ് ചന്ദനയെന്ന ടീച്ചർ നീരുവിനെ ഓർക്കുന്നത്.തേനിന്റെ രുചിയും മുളയരിക്കൊതിയും മൂത്തപ്പോൾ അവർ ഒരു ദിവസം നീരുവിനെത്തേടി കാട് കയറി.അവിടെ അവർ കാണുന്നത് നീരു എന്ന പതിനഞ്ച് വയസുകാരി ഒരു കുഞ്ഞിന്റെ അമ്മയായി അതിന്റെ ആലസ്യത്തിലും അഭിമാനത്തിലും നിൽക്കുന്നതാണ്.
കഥ അവിടെ അവസാനിക്കുന്നു.
എന്നാൽ കഥ സത്യത്തിൽ ആരംഭിക്കുന്നത് അവിടെയായിരിക്കാം.അതാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത് എനിക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് അറിയാനും അത് പറയാനും ഉള്ള താല്പര്യത്തിൽ നിന്നും കഥയുടെ വഴി പിറക്കുന്നു എന്ന്.
വിഷയത്തിൽ വലിയ പുതുമയൊന്നും കഥാകാരി സ്വയം ഈ കഥയുടെ പുറത്ത് അവകാശപ്പെടുന്നില്ല.എന്നാൽ കഥ പറഞ്ഞ രീതിയിൽ പുതുമയുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ഒന്നാമത്തെ പ്രത്യേകത നീരു എന്ന കഥാപാത്രത്തിന്റെ പാത്രസൃഷ്ടിയാണ്.ഈ കഥാപാത്രത്തെപ്പറ്റിയുള്ള കഥാകാരിയുടെ ഒന്നാമത്തെ വാചകത്തിലോ രണ്ടാമത്തെ പരാമർശത്തിലോ നീരു വായനക്കാരന്റെ മനസിൽ കയറും.രണ്ടാമത്തെ പ്രത്യേകത കഥ അവസാനിച്ചിട്ടും കഥയുടെ തിരകൾ മണിക്കൂറുകളോളം വായനക്കാരന്റെ മനസിൽ കിടന്ന് തിരയടിക്കും.
ആദിവാസിസമൂഹത്തിന്റെ എന്നത്തേയും അവസ്ഥ കഥാകാരി കഥയിൽ സൂക്ഷ്മമായി അനാവരണം ചെയ്യുന്നു.എന്നാൽ അതിനായി ഒരു അനാവശ്യ വിവരണത്തിനും ജലജ പത്മൻ ശ്രമിച്ചിട്ടില്ല എന്നത് മറ്റൊരു പ്രത്യേകത.
ആദിവാസികളുടെ ഉന്നമനത്തിനായി ഒത്തിരി പദ്ധതികൾ നമ്മുടെ കൈയ്യിലുണ്ട്.കോടികൾ നമ്മൾ ചിലവഴിക്കുന്നുമുണ്ട്.ഒഴുകുന്ന കോടികളുടെ കടലാസ് കണക്കുകൾക്കിടയിലൂടെ വല്ലപ്പോഴും ഒരു മധു ശ്വാസം തേടിയോ വിശപ്പടക്കാനോ നാട്ടിലെത്തിയാൽ പിടിച്ചുകെട്ടി സെൽഫിയെടുക്കാനും തല്ലിക്കൊന്ന് കെട്ടിത്തൂക്കാനും മാത്രമാണ് നമ്മൾ നമ്മളുടെ പൗരബോധത്തിൽ പഠിച്ചത്.അവിടെ നിന്നും ഒരു നീരുവിനെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് അവളുടെ കരുത്തുള്ള കൈകളിൽ രാജ്യത്തിന്റെ കൊടിപിടിപ്പിക്കാൻ നമ്മൾ പഠിച്ചിട്ടില്ല.
ആദിവാസികൾക്കിടയിലെ ഒരു പ്രധാന പ്രശ്നം ആണ് ബാല്യം വിട്ടുമാറുന്നതിന് മുൻപ് അമ്മയാകേണ്ടി വരുന്ന അവസ്ഥ.ആദിവാസികൾ സ്വന്തം ദുരവസ്ഥയിൽ നിന്നും മുകളിലേക്ക് ഉയർന്ന് രക്ഷപെടാൻ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.കണക്കുകൾ പ്രകാരം ആദിവാസിസമൂഹത്തിലെ ഏതാണ്ട് തൊണ്ണൂറ് ശതമാനം പെൺകുട്ടികൾ പത്ത് വയസിനും പതിനഞ്ച് വയസിനും ഇടയിൽ അമ്മമാരാകുന്നു.ഈ ഗൗരവമായ വിഷയം ലളിതമായി വായനക്കാരന്റെ മുന്നിലെത്തിക്കുന്നു ജലജ പമ്മൻ.
അല്പം ആത്മനിന്ദ നമുക്കും തോന്നിപ്പിക്കുന്ന വിധത്തിലാണ് കഥ പുരോഗമിക്കുന്നത്.അതിലൂടെ സ്വയം ചിന്തിക്കാനുള്ള മിനിമം കാര്യങ്ങൾ ഒരു കൈക്കുമ്പിളിലാക്കി കഥാകാരി നൽകുന്നുമുണ്ട്. കാടിന്റെ യഥാർത്ഥ അവകാശികളാണ് ആദിവാസികൾ.സത്യത്തിൽ ഈ നാടിന്റെ തന്നെ അവകാശികളാണവർ.അവർക്കുള്ളതെല്ലാം കൊള്ളയടിച്ച് നമ്മൾ വലിയ മിടുക്കന്മാരായി ഉടുത്തൊരുങ്ങി നടക്കുമ്പോൾ നമ്മൾ അവരെക്കുറിച്ച് ഓർക്കുന്നത് നാക്കിൽ നല്ല ശുദ്ധമായ തേനിന്റെ രുചി പടരുമ്പോൾ മാത്രമാണ്.ഞാനും ഓർത്തില്ല ആ നീരുവിനെ,ആ ചന്ദന ടീച്ചറും ഓർത്തില്ല എന്നതാണ് കഷ്ടം.ടീച്ചറുടെ പേരിന് പോലും ഉണ്ട് ഒരു കാടിന്റെ നന്മയുടെ ഗന്ധം... എന്നിട്ടും ഓർത്തില്ല.
ഇനിയെങ്കിലും നമ്മൾ ഓർക്കണം എന്ന ഓർമ്മപ്പെടുത്തൽ ആണ് ഈ കഥ...
ഇനിയെങ്കിലും നമ്മൾ ഓർക്കണം എന്ന ഓർമ്മപ്പെടുത്തൽ ആണ് ഈ കഥ...
വല്ലപ്പോഴും കാടുകയറുന്ന കലാകാരന്മാരും കഥാകാരന്മാരും പലപ്പോഴും ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്.എന്നാൽ ഭരിക്കുന്നവർ കാടുകയറുന്നത് വോട്ട് ചോദിക്കാനും കാട് കയ്യേറി വളഞ്ഞു കെട്ടി അനുഭവിക്കാനും മാത്രമാണ്.വോട്ടും തിരിച്ചറിയൽ കാർഡും ആധാറും ആധാരവും ഇല്ലാത്ത ഒരു ജനത നമുക്കുവേണ്ടിയും അടുത്ത തലമുറയ്ക്കു വേണ്ടിയും നല്ല മധുരം നൽകാൻ വേണ്ടി കാട്ടിലുണ്ടെന്ന് നമ്മൾ വല്ലപ്പോഴും ഓർക്കുന്നത് നല്ലതാണ്.നമ്മൾ അത് മറക്കുമ്പോഴാണ് ജലജ പത്മനെപ്പോലെയുള്ള നല്ല കഥയെഴുത്തുകാർക്ക് ഇങ്ങനെ ഓർമ്മിപ്പിക്കേണ്ടി വരുന്നത്.സ്ത്രീശാക്തീകരണവും നവോത്ഥാനവും പ്രസംഗിക്കുന്നവർ വല്ലപ്പോഴും കാട് കാണണം.
ഒരു വലിയ സാമൂഹ്യ പ്രശ്നം കഥയാക്കുമ്പോൾ കൊട്ടും കുഴലും വമ്പും കൊമ്പും ഒന്നും ഏർപ്പാടാക്കാൻ കഥാകാരി ശ്രമിക്കുന്നില്ല എന്നതാണ് കഥയുടെ മറ്റൊരു ആകർഷണം. ചന്ദനയെന്ന ഒരു സാധാരണക്കാരിയായ ടീച്ചറുടെ യാത്രമായി മാത്രം കഥയെ അവതരിപ്പിക്കാനാണ് ജലജ പത്മൻ ആഗ്രഹിച്ചത്.അതിനിടയിൽ ഒരു വിമർശനവും വികാരവും പ്രകടിപ്പിക്കാൻ കഥാകാരിക്ക് തീരെ താല്പര്യമില്ല.
നീരു ഒരിക്കലും ഒരു സാങ്കല്പിക കഥാപാത്രമല്ല.നിരവധി നീരുമാർ കാട്ടിലുണ്ട്.കാട്ടിൽ മാത്രമല്ല നാട്ടിലും ഉണ്ട്.അവിവാഹിതരായ അമ്മമാരുടെ എണ്ണം ഈ സമൂഹത്തിൽ വർദ്ധിച്ചു വരുന്നത് മനസിലാകുന്നുണ്ട് എന്ന് നമ്മളെ ബോദ്ധ്യപ്പെടുത്താൻ നീരുവിന്റെ വിവാഹത്തെക്കുറിച്ചുള്ള ഒരു സൂചനയും കഥയിൽ ഇല്ല എന്നതും നമ്മൾ ഓർക്കണം.
കഥയിൽ കാട് ഒരു കഥാപാത്രം കൂടിയാണ്.''ഇപ്പോൾ കാട്ടിനുള്ളിലേക്ക് നോക്കാൻ എനിക്ക് ഭയമാകുന്നു....'' എന്ന കഥയുടെ അവസാനഭാഗങ്ങൾ സത്യത്തിൽ ഭയം ജനിപ്പിക്കുന്നത് വായനക്കാരനിലാണ് എന്നത് സത്യം.കാട് എന്റെയോ നിങ്ങളുടേയോ മനസുകൾ തന്നെയായി കഥാകാരി പ്രതീകവത്ക്കരിച്ചിരിക്കുന്നു.
വനം ഒരു പാഠശാലയാണ് എന്ന് പറയുമ്പോഴും അല്ല എന്ന് നമ്മൾ സ്വയം ബോധ്യപ്പെടുന്നു ഈ കഥയിലൂടെ.വനം ഒരു പാഠമാണ്.നമ്മൾ ഒരു വരി പോലും പഠിക്കാത്ത,അല്ലെങ്കിൽ വായിക്കാത്ത,നമ്മൾ അറിയാത്ത ഒരു പാഠം.അതിലെ നീരു എന്ന അദ്ധ്യായം ഇവിടെ അവസാനിക്കുന്നു.അടുത്ത അദ്ധ്യായം തുറക്കുമ്പോഴും തലക്കെട്ട് നീരു എന്ന പേര് തന്നെയാണ്.അത് തനിയാവർത്തനം പോലെ ഇങ്ങനെ വന്നുപൊയ്ക്കൊണ്ടിരിക്കും.
കഥാകാരി ഈ കഥയുടെ സ്പാർക്ക് എടുത്തത് ജീവിതത്തിൽ നിന്നു തന്നെയായിരിക്കും.ചന്ദനയിൽ ഒരു ആത്മാംശം ഉണ്ടെന്ന് ആരും പറയാതെ തന്നെ വായനക്കാർക്ക് മനസിലാകും.അത്ര മാത്രം ആഴത്തിൽ ഇറങ്ങി നിൽക്കുന്നു ജലജ പത്മൻ.
കഥയുടെ വായനയിൽ തോന്നിയ ചില ചില്ലറ വീഴ്ചകൾ പറയാതെ വയ്യ.ഒന്നാമത് കൃത്യമായ സ്ഥലങ്ങളിലെ കുത്ത്,കോമ എന്നിവ ശ്രദ്ധിക്കുക.കഥയുടെ വായന സുഖകരമാക്കാൻ അത് അനിവാര്യം.കഥയുടെ തുടക്കത്തിൽ ചന്ദനയുടെ കാട്ടിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നതിലേക്ക് കഥയെ കൊണ്ടുവന്ന വഴി അല്പം കൃത്രിമത്വം നിറഞ്ഞതായി തോന്നി.അത് സ്വാഭാവികമാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ അല്പം കൂടി മികവ് ഉണ്ടാകുമായിരുന്നു.അവിടെ ഒരു അല്പം കൂടുതൽ ധൃതി കാണിച്ചതായി തോന്നി.മറ്റൊരു കാര്യം തുടക്കത്തിൽ ഞാൻ സൂചിപ്പിച്ച പോലെ കഥക്ക് നിർബന്ധമായും ഒരു പേര് ഉണ്ടാകണം.അത് ഇനി വേണമെങ്കിലും ആകാം.
ലളിതമായ ശൈലിയും ഭാഷയും ഭാവനയും കഥയുടെ കെമസ്ട്രി അറിയാവുന്ന മനസും ഉണ്ട് ജലജയ്ക്ക്. ജലജ പത്മൻ എന്ന വ്യക്തി കഥ പറയാൻ കൂടി നിയോഗിക്കപ്പെട്ട ആളാണെന്ന് ഈ കഥ തെളിയിക്കുന്നു.കഥകൾ പറയുക..... വായനക്കാരൻ എന്നേപ്പോലെ കഥയോടൊപ്പം ഇങ്ങനെ കാടുകയറട്ടെ...
0 അഭിപ്രായങ്ങള്‍