Hot Posts

6/recent/ticker-posts

വീടിന്‍റെ നൊമ്പരങ്ങള്‍ @ എം.എസ്.വിനോദ്.

വീട്@ശ്രീകല ശങ്കർ.

ആസ്വാദനം@എം.എസ്.വിനോദ്.

വീടിനെ ആർക്കും എങ്ങനെയും അളക്കാം.പാർപ്പിടം എന്ന് മാത്രമാണ് വീടിന്റെ അർത്ഥം എന്ന് കരുതുന്നവർ ഉണ്ടാകാം.പാർക്കുക എന്നാൽ വസിക്കുക അല്ലെങ്കിൽ താമസിക്കുക എന്നൊക്കെ പറയാം.തടവിലാക്കുക എന്നും സഹിക്കുക എന്നും കൂടി അർത്ഥമുണ്ട് ഈ വാക്കിനെന്ന് പലരും അറിഞ്ഞിട്ടുണ്ടാവില്ല.വീട് എന്ന ചെറുവാക്കിന്റെ നാനാർത്ഥങ്ങൾ തിരയുകയല്ല ഞാൻ.വീട് എന്ന സ്ഥാപനത്തിന്റെ സ്വാത്തികഭാവങ്ങൾ അളക്കാനും ശ്രമിക്കുകയല്ല.
മുഖപുസ്തകത്തിൽ കഴിഞ്ഞ ദിവസം ശ്രീമതി. ശ്രീകല ശങ്കർ എഴുതിയ 'വീട് ' എന്ന കവിത എന്നിൽ ഉണർത്തിയ ചിന്തകൾ നിങ്ങളോടൊപ്പം ഒന്ന് പങ്കുവെയ്ക്കുന്നു എന്ന് മാത്രം.
എനിക്ക് വീട് ഒരു ഇടത്താവളമായിരിക്കാം.രാവിലെ ഒന്ന് കുളിച്ചൊരങ്ങാനും വൈകുന്നേരം വന്ന് വിശ്രമിക്കാനുമുള്ള ഒരു ഇടം.അതിന് ഞാൻ ഒരു പേരിടുന്നു.ഒന്നുകിൽ അർച്ചന അല്ലെങ്കിൽ പ്രയാഗ.അതുമല്ലെങ്കിൽ നല്ല തറവാടിത്തമുള്ള വേണാട് എന്നോ മാണത്തറയെന്നോ കലവറമംഗലലത്ത് എന്നോ.നാട്ടിൽ അത് ഇങ്ങനെയൊക്കെ ചില പേരുകളാണെങ്കിൽ നഗരത്തിൽ അത് വെറും നമ്പർ മാത്രമാണ്‌.അതാണ് വീടിന് നമ്മൾ നൽകുന്ന പ്രധാന നിർവ്വചനങ്ങളിലൊന്ന്.സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു സെയിൽസ്മാന് വീട് ഒരു സത്രമോ അല്ലെങ്കിൽ ഒരു റിസോർട്ടോ ആകാം.വീട് ഒരു സത്രവും സത്രം വീടുമായി മാറുന്ന ഈ കാലഘട്ടത്തിൽ നിൽക്കുന്ന എന്നെപ്പോലെയുള്ളവർക്ക് മുന്നിൽ വ്യത്യസ്തമായ ഒരു ചിന്തയാകുന്നു ശ്രീകല ശങ്കറിന്റെ കവിത.ഭൗതികഭാവത്തിൽ നിന്നും വീടിന്റെ ആത്മീയമാനസം കണ്ടെത്താനുള്ള ശ്രമമാണ് ഈ കവിത.
കവയിത്രിയുടെ ഭാവനയിൽ വീട് മുകളിൽ പറഞ്ഞ ഒന്നുമല്ല.എത്ര ലാളിച്ചാലും മതിവരാത്ത ഒരു കൊച്ചുകുട്ടിയാണ് കവിതയിലെ ശ്രീകലയുടെ വീട്. വെറും കല്ലും മണ്ണും കൊണ്ട് നമ്മൾ നിർമ്മിക്കുന്ന വീടിന് ജീവനുണ്ടെന്ന് ബോധ്യപ്പെടുത്താൻ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.കവിത വായിച്ചു തീർന്നപ്പോൾ ഞാൻ എന്റെ വീടിനെ ഇത്രയും നാൾ തിരിച്ചറിഞ്ഞില്ലല്ലോ എന്ന കുറ്റബോധവും എനിക്കുണ്ട്.നമ്മൾ കാണാത്ത നമ്മൾ അറിയാത്ത എന്നാൽ നമ്മളെ കാണുകയും അറിയുകയും ഒരുപക്ഷേ സഹിക്കുകയും ചെയ്യുന്ന വീട് ഇപ്പോൾ നമുക്ക് മുന്നിൽ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നു.ഈ കവിത ഒരു വീടിന്റെ പരിപൂർണ്ണമായ നിർവ്വചനമോ ജാതകമോ അല്ല.നമ്മുടെ വൈകാരികഭാവങ്ങളെ വീടിനോട് ചേർത്ത് നിർത്തുകയും ഒപ്പം അവിടുത്തെ ജീവിതം വരച്ചുകാട്ടുകയും ചെയ്യുന്നുണ്ട് ശ്രീകല ശങ്കർ.
സാധാരണ വീടിനെ നിർജ്ജീവമാക്കി നിർത്താൻ വീട്ടിലെ മറ്റെല്ലാറ്റിനും ജീവൻ വെപ്പിക്കുന്നവരാണ് നമ്മൾ.കഴുകി കമഴ്ത്തിയ പാത്രങ്ങൾക്കും പൂച്ചട്ടിയിലെ പൂക്കൾക്കും അവിടെ ജീവിക്കുന്ന നമ്മൾ മനുഷ്യർക്കും ജീവനുണ്ടെന്ന ഉപായമാണ് നമ്മൾ കൗശലപൂർവ്വം അവതരിപ്പിക്കുന്നത്.എന്നാൽ നമ്മൾ ഉൾപ്പെടെ മറ്റെല്ലാം വീട് എന്ന കുഞ്ഞു മനസിന്റെ വെറും കളിപ്പാട്ടങ്ങൾ മാത്രമെന്ന് പ്രഖ്യാപിച്ച്‌ വീടിനെ സാമൂഹ്യജീവിതത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ കൊണ്ടുപോയി സ്ഥാപിക്കുന്നു കവയിത്രി.പൊടി തട്ടിയും പുസ്തകങ്ങൾ അടുക്കി വെച്ചും മാറാല തൂത്തുവൃത്തിയാക്കിയും പൂപ്പാത്രങ്ങൾ കൊണ്ട് അലങ്കരിച്ചും ശാഠ്യങ്ങൾക്കൊപ്പം നിന്ന് താരാട്ട് പാടിയും വീടിനെ സംരക്ഷിക്കണം എന്ന കവിതയുടെ സന്ദേശത്തിലെ വിശാലമായ സാമൂഹ്യവീക്ഷണമാണ് ഈ കവിതയെ ശ്രദ്ധിക്കാൻ കാരണം.
ഇപ്പോൾ മുതൽ ഞാൻ എന്റെ വീടിന്റെ മനസറിയുന്നു എങ്കിൽ അതായിരിക്കും ഈ കവിത ലക്ഷ്യമിട്ടതും സാധിച്ചെടുത്തതും.
വീട്‌-ശ്രീകല ശങ്കര്‍
************************
എത്ര ലാളിച്ചാലും മതിയാവാത്ത
ഒരു കൊച്ചു കുട്ടിയാവും
ചിലപ്പൊ വീട് ...
തന്നിലേക്ക് തന്നെ
ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ..
എത്ര പൊടി തട്ടിയാലും
വീണ്ടും പൊടി ചൂടി കൊണ്ട്,
അടുക്കി വെച്ച പുസ്തകങ്ങളെ
തട്ടിത്തെറിപ്പിച്ചു കൊണ്ട്.
ജനാലയിലും
മേൽക്കൂരയിലുമുള്ള
മാറാല
എത്ര തട്ടിയാലും
രഹസ്യമായി ചിലന്തികളെ
അവിടെ വസിക്കാൻ
അനുവദിച്ചു കൊണ്ട്.
കഴുകി വെച്ച പാത്രങ്ങളങ്ങളെ
വീണ്ടും എച്ചിൽപ്പെടുത്തിക്കൊണ്ട്,
പൂപ്പാത്രങ്ങളിൽ വെച്ച
പൂക്കളെ എളുപ്പം വാട്ടിക്കൊണ്ട്.
വീട് തന്നിലേക്ക് തന്നെ
എന്റെ ശ്രദ്ധ
ക്ഷണിച്ചു കൊണ്ടേയിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍