Hot Posts

6/recent/ticker-posts

തിങ്കള്‍ സഞ്ചാരങ്ങള്‍-2


തിങ്കള്‍ സഞ്ചാരങ്ങള്‍-2-സുമ ശങ്കര്‍. 

വാഗാ അതിർത്തിയിൽ നിന്നും നേരെ സുവർണ്ണ ക്ഷേത്രത്തിലേയ്ക്കാണ് സാരഥിയായ സുഖ്‌ദേവ്(ബാബാ) ഞങ്ങളെ കൊണ്ടുപോയത്. ക്ഷേത്രത്തിന്റെ ചരിത്രം പഞ്ചാബി കലർന്ന ഹിന്ദിയിൽ ബാബ പറഞ്ഞു കൊണ്ടിരുന്നു..
രാത്രിവെളിച്ചത്തിൽ ക്ഷേത്രത്തിന്റെ നടുവിലായി നിർമിച്ചിരിക്കുന്ന കുളത്തിൽ സുവർണ ക്ഷേത്രത്തിന്റെ പ്രതിഫലനം അതിമനോഹരമാണെന്നു പറഞ്ഞു തുടങ്ങി.. മനുഷ്യ നിർമിതമായ ഒരു കുളം ഉണ്ടാക്കിയിട്ട് ഗുരു രാംദാസ്,ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും കച്ചവടക്കാരെയും,കരകൗശല വിദഗ്ദ്ധരെയും അവിടെ താമസിപ്പിച്ചു.രാംദാസ്പുർ എന്നു പേരിട്ടു വിളിച്ച ആ പ്രദേശമാണ് ഇന്നത്തെ അമൃത്സർ. എട്ട് വർഷങ്ങൾ കൊണ്ട് ഹർ മന്ദിർ സാഹിബ് എന്ന ക്ഷേത്രം പണികഴിപ്പിച്ചു.അഹങ്കാരം വെടിയാനും,വിനയത്തിന്റെ പ്രതീകമായും നഗരത്തേക്കാൾ താഴ്ന്നാണ് ക്ഷേത്ര നിർമിതി.നാലു വശത്തും തുറന്നു കിടക്കുന്നത് ദേശ,ജാതി,ഭാഷ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനം ഉണ്ടെന്നതിനു വേണ്ടിയാണ്.. ലക്ഷ്യംഎന്തായാലും മാർഗ്ഗം ഒന്നാവണം എന്നതിന്, ഉള്ളിലേക്ക് കടക്കാൻ ഒരേ ഒരു പാലം..
ഹർമന്ദിർ സാഹിബ് ഇൽ ആദിഗ്രന്ഥം വച്ചിട്ടുണ്ട്.
അഫ്ഗാൻ ,മുഗൾ സംഘർഷങ്ങൾ കാരണം ക്ഷേത്രം പലപ്രാവശ്യം പുതുക്കി പണിയേണ്ടി വന്നു.മാർബിളിലും,ചെമ്പിലും നിർമിച്ച ക്ഷത്രം സ്വർണം പൂശിയപ്പോൾ,ഹർ മന്ദിർ സാഹിബ് ഇന്ന് കാണുന്ന സുവർണ്ണ ക്ഷേത്രമായി..
ഗുരു അർജനെ മുഗൾ ഭരണാധികാരിയായ ജെഹാങ്ഗീർ തടവിലാക്കി കൊന്നു...ബാബയുടെ ശബ്ദം വിറയ്ക്കാൻ തുടങ്ങി..ഗുരുവിന്റെ മകൻ ഹർഗോബിന്ദ് മരണ ഭയത്താൽ ശിവാലിക് മലയിലേയ്ക്കു പലായനം ചെയ്‌തു...
ഹോ വല്ലാത്ത ശബ്ദത്തോടെ ഇന്നോവ ഒരു വട്ടം ചുറ്റി..വികാരവിക്ഷുബ്ധനായ ബാബ എതിരെ വന്ന ലോറിയിൽ ഇടിക്കാതെ വെട്ടിത്തിരിച്ചതാണ്..അന്യനാട്ടിൽ കിടന്നു ചാവാൻ ആണോ വിധിയെന്ന് പിറുപിറുത്തുകൊണ്ടു, സംസാരം നിർത്താൻ,ഞാൻ ഭർത്താവിനെ തോണ്ടി..
അപ്പോഴേക്കും,ഞങ്ങൾ ആട്ടാ മണ്ടിയിൽ എത്തിയിരുന്നു.കാറിൽ നിന്നിറങ്ങി ,ഷൂ അഴിച്ചു വയ്ക്കണം..എത്ര തണുപ്പിലും കുളിക്കുന്ന മലയാളിക്ക് കുളിക്കാതെ കുറെ സ്വെറ്ററും ജാക്കറ്റും ധരിച്ചു നടക്കുന്ന പഞ്ചാബികളുടെ ഷൂ വയ്ക്കുന്ന സ്ഥലത്തെ ദുർഗന്ധം മനം പിരട്ടലുണ്ടാക്കും,തീർച്ച.. മൂക്ക് പൊത്തിക്കൊണ്ട് വേഗം ഷൂ അഴിച്ചു വച്ചു,ടോക്കണ് വാങ്ങി..ആണുങ്ങൾ കർചിഫ് ഇട്ടു തല മൂടണം..
കുളത്തിനു ചുറ്റുമായി അകാൽ തക്ത് എന്ന ആരാധനാലയം,ക്ലോക്ക് ടവർ, മ്യൂസിയം പിന്നെ വരുന്നവർക്കെല്ലാം വെജിറ്റേറിയൻ ആഹാരം കൊടുക്കുന്ന മുറി..
മനോഹരമായ സ്വർണലിപികൾ കൊണ്ട് എഴുതിപിടിപ്പിച്ച,സ്വർണവും മുത്തും പവിഴവും കൊണ്ടലങ്കരിച്ച ചുവരുകൾ.ആദിഗ്രന്ഥത്തെ ആരാധിക്കുന്ന പ്രാർത്ഥനകൾ,മന്ത്രങ്ങൾ ഒക്കെ ചൊല്ലി ഒരു പല്ലക്കിൽ അടുത്ത മുറിയിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തുന്ന കാഴ്ച്ച കാണേണ്ടതാണ്.."സുഖാസൻ " എന്നാണ് ആ ചടങ്ങിന് പറയുക..രാവിലെ "പ്രകാശ്" എന്ന ചടങ്ങ് നടത്തിയാണ് ഇതേ പോലെ കൊണ്ടു വരിക..
കുളത്തിനു ചുറ്റും ഒരേ പോലെ ഭാവഭേദമില്ലാത്ത തോക്കു ധാരികൾ.അവരുടെ മുഖത്തെ ഭാവം ഇത്ര പരുഷമായതു ഭിന്ദ്രൻ വാലയുടെ മരണത്തിനിടയാക്കിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ആവും.ഖാലിസ്ഥൻ നുവേണ്ടി പൊരുതിയ ഭിന്ദ്രൻ വാലയും 1000 കണക്കിന് മിലിട്ടന്റ്സും മരിച്ചു വീണയിടം..ശരീരത്തിലേയ്ക്കു തണുപ്പിൽ കൂടി ഭയവും ഇരച്ചു കയറി..മധുരമുള്ള ഒരു പ്രസാദം, നല്ല നെയ്യിൽ ഉണ്ടാക്കിയത് പലപ്പോഴും തന്നുകൊണ്ടേയിരുന്നു.നമ്മുടെ കേസരിയെ ഓർമ്മിപ്പിക്കുന്ന സ്വാദ്..
രാവിലെ ഹോട്ടലിൽ മെനുവിൽ നോക്കി വച്ചിരുന്ന മനസ്സിലുണ്ടായിരുന്നതിനാൽ ആവണം ഹോട്ടലിലേക്ക് പോകാൻ ഭർത്താവ് തിരക്ക് കൂട്ടി..എന്റെ മുഖം കണ്ടപ്പോൾ ,"ഫ്രീ ആയി കിട്ടുന്നതൊന്നും വിടരുത്"എന്ന ഭർത്താവിന്റെ വാക്കുകൾഎന്റെ കാതുകളിൽ മുഴങ്ങി..
ഒന്നുകൂടി ചുറ്റും നോക്കി.ചുവന്ന ഇഷ്ടികകൾ കൊണ്ടു ഗോഥിക് കത്തീഡ്രൽ ശൈലിയിൽ ക്ലോക്ക് ടവർ,കുളത്തിനു ചുറ്റും നിൽക്കുന്ന മരങ്ങളുടെ പ്രതിഫലനം സ്വർണപ്രഭയുടെ കൂടെ മനോഹരമായ കാഴ്ച്ച.ഇന്ത്യൻ,ഇസ്‌ലാമിക്, മുഗൾ,രാജ്പുത് ശൈലി ഒക്കെ സമ്മേളിക്കുന്ന കെട്ടിടസമുച്ഛയം തിരിഞ്ഞു തിരിഞ്ഞു നോക്കി ഞാൻ കാറിലേക്ക്.....

മുഖപുസ്തകം ഗ്രൂപ്പ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍