Hot Posts

6/recent/ticker-posts

തിങ്കള്‍ സഞ്ചാരങ്ങള്‍ @ സുമ ശങ്കര്‍.

നീലാംബരീയം
തിങ്കള്‍ സഞ്ചാരങ്ങള്‍
സുമ ശങ്കര്‍.
മകരമഞ്ഞിൽ അവ്യക്തമായകാഴ്ച്ചകൾ കണ്ടുപുറത്തിറങ്ങുമ്പോഴാണ് ജാക്കറ്റ്, ഹാൻഡ് ബാഗ്ഗേജിൽ വച്ചില്ലല്ലോ എന്നോർമ്മ വന്നത്..പല്ലുകൾ കൂട്ടിയിടിച്ചു കട് കട് ശബ്ദം.വായ തുറന്നപ്പോൾ പുകപോലെ, ഉള്ളിലെ ചൂട് വെളിയിലേക്ക്.
ഡൽഹി,ജനുവരി 26
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ അന്ന് കാല് കുത്തിയപ്പോൾ ദേശസ്നേഹം കൊണ്ടാണോ തണുത്തിട്ടാണോ എന്നറിയില്ല,ശരീരമാകെ കോരിത്തരിച്ചു..കൂട്ടുകാരിയുടെ അനുജൻ വിളിക്കാൻ വന്നിരുന്നു..ഗാസിയബാദിലേയ്ക്കുള്ള യാത്രയിൽ വഴിവക്കിൽ ചെറിയ മണ് ചട്ടിയിൽ ,ഇഞ്ചിയും,ഏലക്കയുമൊക്കെയിട്ട ചായ വിൽക്കുന്നു..എന്റെ മനസ്സ് അറിഞ്ഞത് പോലെ രാജീവ് കാർ നിർത്തി..പൊട്ട് തൊടാൻ പാകത്തിൽ കുറുകിയ ചായ നാല് കപ്പ് വാങ്ങിക്കുടിച്ച ശേഷമണോർത്തത്,ഇത്രആർത്തി പാടില്ലായിരുന്നു എന്ന്.എന്താ മണം, രുചി..
അമ്മച്ചി വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടാക്കി വച്ചിരുന്നു. നാട്ടിലെ വിശേഷങ്ങൾ ഒക്കെ പങ്കു വച്ചു സമയം പോയതറിഞ്ഞില്ല. രജായിക്കുള്ളിലേയ്ക്കു ചുരുണ്ടു കൂടുമ്പോൾ രാജീവ്, അമൃത്സർലേക്കു ടിക്കറ്റ് ബുക് ചെയ്തിട്ടുണ്ട് എന്നു ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു..
സ്വർണ്ണശതാബ്ദി,,വിമാനത്തെ തോൽപ്പിക്കുന്ന സൗകര്യങ്ങൾ ഉള്ള ആ ട്രെയിനിൽ യാത്ര ചെയ്തപ്പോൾ നമ്മുടെ വേണാട് എക്സ്പ്രസ് ഇൽ ഉള്ള യാത്ര ഓർത്തുപോയി.ചുവന്നു തുടുത്ത പഞ്ചാബികൾ ,ആറടിപ്പൊക്കത്തിൽ .ആ സുന്ദരന്മാരുടെ ഇടയിൽ ലില്ലിപുട്ടുകളായി ഞങ്ങൾ..നടപ്പിലും സംസാരത്തിലും ബാംഗ്ര യുടെ താളം..
അമൃത്സറിൽ ഹോട്ടലിൽ മുറിയെടുത്തു..തണുപ്പ് മറ്റാനാവും, എല്ലാവരും beer കുടിക്കുന്നുണ്ട്..മണത്തു നോക്കിയപ്പോൾ തന്നെ തണുപ്പാണ് ഭേദമെന്നു തോന്നി..ചൂടുള്ള സൂഖ റൊട്ടിയും ചിക്കൻ കറിയും തനി പഞ്ചാബിസ്റ്റൈൽ.
മഞ്ഞപ്പുതപ്പണിഞ്ഞ കടുകിൻ പാടങ്ങൾക്കു നടുവിലൂടെ ഒരു കാർ യാത്ര.വാഗാ അതിർത്തി ആയിരുന്നു ലക്ഷ്യം.ഷോപ്പിംഗ് മാറ്റിവയ്ക്കാൻ ആവില്ലല്ലോ..വിന്ററിൽ അവിടെ കോട്ടൻ കിട്ടില്ല എന്നത് കോട്ടൻ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുന്ന എന്നെ നിരാശപ്പെടുത്തി .യാത്രയുടെ ഓർമ്മയ്ക്കായി ഒരു ഭംഗിയുള്ള ഷാൾ വാങ്ങി.
സൂര്യാസ്തമയത്തിന് രണ്ടു മണിക്കൂർ മുന്നേ 1959 മുതൽ വാഗാ ബോർഡറിൽ ദേശസ്നേഹം ഉണർത്തുന്ന ബീറ്റിങ് റിട്രിറ്റ് കാണുക എന്നതായിരുന്നു ലക്ഷ്യം.ഒരു മണിക്കൂർ യാത്രയിൽ ഡ്രൈവർ പഞ്ചാബി കലർന്ന ഇംഗ്ലീഷിൽ വാഗയുടെ ചരിത്രം വിവരിച്ചു കൊണ്ടിരുന്നു.. ലാഹോറിലുള്ള വാഗയ്ക്കും ഇന്ത്യയിലുള്ള അട്ടാരിയ്ക്കും ഇടയിൽ രണ്ട് രാജ്യങ്ങളെയും വേർതിരിക്കുന്ന ഒരു രേഖയാണ് വാഗാ ബോർഡർ.ലാഹോറിൽ നിന്നും 29 km, അമൃത്സറിൽ നിന്നും 27 km ദൂരത്തിലാണ് അട്ടാരി ഗ്രാമം.ഈ ബോർഡറിൽ കൂടി പല ഇന്ത്യക്കാരും പാകിസ്ഥാനിലേക്ക് പലായനം ചെയ്തിരുന്നു വത്രേ. ഈ കാഴ്ചകൾ, വിഭജനത്തിൽ അപ്പുറവും ഇപ്പുറവും ആയിപ്പോയവരുടെ ദുഃഖങ്ങൾ വായിച്ചറിഞ്ഞത് നൊമ്പരമുണർത്തി..
ഒരു km അകലെ വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് അരമണിക്കൂർ നടക്കണം.കുടിക്കാൻ വെള്ളം കയ്യിൽ കരുതാം..ബാഗ് അനുവദിക്കില്ല..മൊബൈൽ എന്തേ തടയുന്നില്ല എന്നു മനസ്സിൽ സന്തോഷിച്ചെങ്കിലും പിന്നീട് മനസ്സിലായി നെറ്റ്‌വർക്ക് ജാം ചെയ്തിരിക്കുന്നു എന്ന്..
വിന്ററിൽ വൈകിട്ട് 4.15 നു തുടങ്ങുന്ന ,ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ..പ്രവേശനം സൗജന്യമെങ്കിലും ഒരു മണിക്കൂർ മുന്നേ അവിടെ എത്തണം.പാകിസ്ഥാൻ റേഞ്ചേർസ് ഉം ഇന്ത്യൻ B S F ജവാൻ മാരും തമ്മിലുള്ള അടുപ്പം പല പരസ്യചിത്രങ്ങളിലും കണ്ടിട്ടുണ്ട്..തമ്മിൽ അവർ സ്നേഹത്തോടെയാണോ കഴിയുന്നതെന്ന ചോദ്യം ഉള്ളിൽ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ത്രിവർണ്ണത്തിൽ ഇന്ത്യൻ ഗേറ്റും പച്ചനിറത്തിൽ പാകിസ്ഥാൻ ഗേറ്റും തോളോട് തോൾ ചേർന്നു നിൽക്കുന്നു.
ഹിന്ദിപ്പാട്ടുകൾ എന്നിലെ കുട്ടിയെ നൃത്തം ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു .ഭർത്താവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ ആശ അടക്കിവച്ചു..എങ്കിലും കൈകാലുകൾ താളം പിടിച്ചുകൊണ്ടിരുന്നു..
ചുവന്ന തലപ്പാവ് ധരിച്ച,മുട്ടിനു താഴെ നിൽക്കുന്ന ഖാക്കി പാന്റ് ധരിച്ച, കറുത്ത ഷൂവും വെള്ള സ്റ്റാക്കിൻസും ,വീതിയുള്ള ബെൽറ്റും ധരിച്ച ജവാന്മാരുടെ ചുറുചുറുക്ക് കണ്ടാൽ വിസ്മയം കൊണ്ട് കണ്ണു തള്ളിപ്പോകും..കാൽ ഉയർത്തുമ്പോൾ വിശറി പോലെയുള്ള തൊപ്പിയിൽ കാലുകൾ സ്പർശിച്ചാണ് പ്രകടനം..വന്ദേമാതരം വിളികളും,ഭാരത് മാതാ കീ ജയ് വിളികളും ദേശസ്നേഹത്തിന്റെ അത്യുന്നതിയിൽ നമ്മെ എത്തിക്കും.ദേശീയഗാനവും ജവാന്മാരുടെ ഉച്ചത്തിലുള്ള വിളികളും,ഉറച്ച കാൽ വയ്പ്പും ഒക്കെ ഒരു യുദ്ധപ്രതീതി തന്നെയാണ് ഉണർത്തുക.
അപ്പുറത്തും ഇതേ പോലെ ദേശസ്നേഹത്തിൽ മുഴുകി ,മുഹമ്മദലി ജിന്നയുടെ പടം വെച്ച കെട്ടിടത്തിൽ ആൾക്കാർ കൂവി വിളിക്കുന്നുണ്ട്..പച്ചനിറത്തിലാണ് അവിടുത്തെ ജവാന്മാരുടെ വസ്ത്രം..ഇതേ ചുറുചുറുക്കു അവർക്കും..
മാർച്ച് ചെയ്തു പോയ ഒരു bsf ജവാന്റെ കയ്യിൽ ത്രിവർണ പതാക..ഗേറ്റ് തുറന്ന് കൈകൊടുത്തു രണ്ടു രാജ്യങ്ങളുടെയും പതാക ഉയർത്തും.രണ്ടു രാജ്യങ്ങളുടെയും സഹകരണം പ്രതിഫലിപ്പിക്കുന്ന ചലനങ്ങൾ.ഓരോ കാൽവയ്പ്പും ഒരേ താളത്തിൽ,രണ്ടു കൂട്ടരും.
ഏഷ്യയിലെ ഉയരം കൂടിയ ഫ്ലാഗ് പോസ്റ്റ് ആണ്(122m).ഇന്ത്യൻ പതാക ഉയർന്നപ്പോൾ കണ്ണിൽ എന്തിനാണാവോ നീർമുത്തുകൾ ഉരുണ്ടുകൂടി..അന്തരീക്ഷത്തിൽ മുഴങ്ങുന്ന ബ്യുഗിൾ ശബ്ദവും ജവാന്മാരുടെ ശ്വാസം പിടിച്ച വിളികളും .ലാഹോറിലേയ്ക്കൊരു ബസും കടന്നുപോയതോടെ ഗേറ്റ് അടച്ചു..ഇന്ത്യൻ എന്ന അഭിമാനത്തോടെ,ഗേറ്റ് അടച്ചു പിരിയുമ്പോൾ ഈ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന,ഈ അതിർത്തി സുരക്ഷിതമായി നമുക്കുവേണ്ടി കാത്തു സൂക്ഷിക്കുന്ന പലരുടെയും മുഖങ്ങൾ മനസ്സിൽ ഒരു നീറ്റലായി ....jaihind..

നീലാംബരീയം ഗ്രൂപ്പ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. യാത്രാ വിവരങ്ങൾ ഏറെ ഇഷ്ടമുള്ള പംക്തിയാണ് . ഇവിടുത്തെ വിവരങ്ങൾ ഇതേ വരെ വായിക്കാൻ കഴിയാതെപോയതിൽ ഏറെ പ്രയാസമുണ്ട് . ഇതേ പോലെ തന്നെ മറ്റൊരു ജനുവരി 26 എന്റെ ഓർമ്മയിലും ഉണ്ട് ..വിവരണം ഗംഭീരമായി ..കൂടുതൽ പറയുന്നില്ല ..പ്രീയപ്പെട്ട ,ബഹുമാനപ്പെട്ട എഴുത്തുകാരി സുമ ശങ്കറിന്
    ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ ..

    മറുപടിഇല്ലാതാക്കൂ